പലയിടത്തും ആളുകള്‍ വീട്ടില്‍ കിടന്ന് ശ്വാസം മുട്ടി മരിക്കുന്ന അവസ്ഥയുണ്ടായി; ആ ദൈന്യതയിലേക്ക് കേരളം മാറരുത്: ആരോഗ്യമന്ത്രി
Kerala
പലയിടത്തും ആളുകള്‍ വീട്ടില്‍ കിടന്ന് ശ്വാസം മുട്ടി മരിക്കുന്ന അവസ്ഥയുണ്ടായി; ആ ദൈന്യതയിലേക്ക് കേരളം മാറരുത്: ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 10:07 am

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്നത് ചിട്ടയായ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാം ഘട്ടത്തില്‍ രോഗ വ്യാപനം അതിവേഗം തടയാനായെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ആളുകളുടെ മരണം കുറച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മാത്രമാണെന്നും ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വന്നവരെ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീന്‍ ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചൈനയിലെ വുഹാനില്‍ നിന്നാണ് ഇവിടെ ഒന്നാം ഘട്ടം തുടങ്ങുന്നത്. വുഹാനില്‍ വൈറസ് പടരുന്നു എന്നറിഞ്ഞതോടെ തന്നെ ഇവിടെ പ്ലാനിങ് നടത്തിയിരുന്നു. കണ്‍ട്രോള്‍ റൂം വരെ തുറന്നു. വിദഗ്ധ സംഘത്തെ വെച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്തു. അതുകൊണ്ട് തന്നെ ഒന്നാം ഘട്ടം വിജയിക്കാനായി.

പിന്നീട് ഇറ്റലിയില്‍ നിന്നും അമേരിക്കയില്‍ നിന്നും യു.കെയില്‍ നിന്നും ആളുകള്‍ വന്നു. അവിടെയെല്ലാം രോഗം പകരുകയും ആളുകള്‍ മരിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴായിരുന്നു ഇവിടേക്ക് ആളുകള്‍ വന്നത്. എന്നാല്‍ രണ്ടാം ഘട്ടവും സമര്‍ത്ഥമായി നമ്മള്‍ നേരിട്ടു.

ഹോം ക്വാറന്റീന്‍ വേണമെന്ന് പറഞ്ഞതൊന്നും ആദ്യഘട്ടത്തില്‍ പലരും അനുസരിച്ചില്ല. എന്നാല്‍ പൊലീസും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തി. അതിന് ശേഷം നമ്മള്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയില്‍ കൊണ്ടുവന്നു. സംഘടനകളും വ്യക്തികളും അത് ഏറ്റെടുത്തു. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങളിലേക്ക് രോഗം പകരാതിരിക്കാന്‍ നമുക്ക് സാധിച്ചു.

514 കേസ് മാത്രമാണ് ആ ഘട്ടത്തിലും നമുക്ക് ഉണ്ടായത്. രണ്ടാം ഘട്ടത്തില്‍ ലോക രാജ്യങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് വരവ് നിന്നു. വന്ന കേസുകളില്‍ തന്നെ കോണ്‍ടാക്ട് ട്രേസിങ് വലിയ വെല്ലുവിളിയായിരുന്നു. വളരെ പണിപ്പെട്ടാണ് അവരെ അനുനയിപ്പിച്ച് കാര്യങ്ങള്‍ ചെയ്തത്.

രാപ്പകലില്ലാത്ത പ്രയത്‌നത്തിന്റെ ഭാഗമായാണ് ഇതെല്ലാം സാധ്യമായത്. മനുഷ്യാധ്വാനം ചെറുതായിരുന്നു. മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം വരുന്നു. കൂട്ടത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് രാജ്യങ്ങളില്‍ മരിച്ചുപോകുന്നു.

നമ്മള്‍ കിട്ടാവുന്നിടത്തോളം സുരക്ഷാ കിറ്റുകളും മാസ്‌കുകളും കയ്യുറകളും സംഭരിച്ചു. വ്യവസായ വകുപ്പിന്റേയും മെഡിക്കല്‍ കോര്‍പ്പറേഷന്റേയും സഹായത്തോടെ കാര്യങ്ങള്‍ ചെയ്തു. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിലും മരണം കുറക്കുന്നതിലും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തി.

മൂന്നാം ഘട്ടമാണ് ഉത്കണ്ഠയുണ്ടാക്കിയത്. ഇവിടേക്ക് വരേണ്ട എന്ന് ആരോടും നമുക്ക് പറയാന്‍ പറ്റില്ല. കേരളത്തിലുള്ളവരാണ്. മറ്റിടങ്ങളില്‍ ഒറ്റപ്പെട്ടുപോയും ജോലി നഷ്ടപ്പെട്ടുപോയവരുമൊക്കെയാണ്. ഇതെല്ലാം ശരിയാണ്. പക്ഷേ 25 ലക്ഷത്തോളം ആളുകളാണ് പുറത്തുള്ളത്. എല്ലാവരും കൂടി വരിക എന്നത് അസാധ്യമാണ്.

എന്നാല്‍ പഠിക്കാന്‍ പോയവര്‍, ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയവര്‍, ഗര്‍ഭിണികള്‍ അവരെയെല്ലാം കൊണ്ടുവരേണ്ടതുണ്ട്. ഏറ്റവും ബുദ്ധിമുട്ടുന്നവര്‍ ആദ്യം വരിക. അങ്ങനെ വന്നാല്‍ തന്നെ അത് വലിയ നമ്പര്‍ ആണ്. നോര്‍ക്കയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത് രണ്ടര ലക്ഷം ആളുകളാണ്. എല്ലാവരും ഒരുമച്ച് വന്നാല്‍ പരിശോധിക്കാന്‍ കഴിയില്ല.

ഒന്നും രണ്ടും ഘട്ടത്തില്‍ വരുമ്പോള്‍ രാജ്യങ്ങളില്‍ രോഗം തുടരുന്നേയുള്ളൂ. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ് പലരും വരുന്നത്. അമേരിക്കയും യു.കെയും ഹോട്ട്‌സ്‌പോട്ടായി നില്‍ക്കുന്നു. 85000ല്‍ ഏറെ പേര്‍ അമേരിക്കയില്‍ മരിച്ചു. അത് നമുക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല. എങ്ങനെയാണ് മൃതദേഹം സംസ്‌ക്കരിക്കുക? എല്ലാവരേയും ഒരുമിച്ച് വലിയ കുഴിയെടുത്ത് മൂടുന്നത് നമ്മള്‍ കണ്ടു. ആ ഘട്ടത്തില്‍ ജാതിയും മതവും ഇല്ല. കുടുംബാംഗങ്ങളുടെ കണ്ണീര് പോലും വീഴ്ത്താന്‍ പറ്റാത്ത ദയനീയത കണ്ടു.

ഇത് വളെര പെട്ടെന്ന് തീരുന്നതല്ല. എന്നാല്‍ എല്ലായ്‌പ്പോയും പൂട്ടിയിടാനും കഴിയില്ല. പട്ടിണി കിടന്ന് ആളുകള്‍ മരിച്ചു പോകും. ചിട്ടയോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ച് മുന്നോട്ടുപോകുക എന്നത് മാത്രമാണ് വഴി.

നമ്മള്‍ കര്‍ശന നിയന്ത്രണം പാലിച്ചതുകൊണ്ട് മാത്രമാണ് മരണസംഖ്യ കുറക്കാനായത്. മറ്റ് അസുഖങ്ങള്‍ ഉള്ള മൂന്ന് പേര്‍ മാത്രമാണ് ഇവിടെ മരിച്ചത്. ചെറിയ അശ്രദ്ധ കാണിച്ചാല്‍ രോഗം പടര്‍ന്നു പിടിക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വന്നാല്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാനാവില്ല. യു.കെയിലും അമേരിക്കയിലും അതാണ് സംഭവിച്ചത്.

വീട്ടില്‍ നിന്ന് ശ്വാസം മുട്ടി മരിച്ചു പലരും. ആ ഒരു ദൈന്യതയിലേക്ക് കേരളം മാറരുത്. ചെന്നൈയും മുംബൈയും ആ രീതിയിലേക്ക് മാറുകയാണ്. രോഗികള്‍ കൂടുമ്പോള്‍ വേറെ വഴിയില്ല. കേരളത്തിന് അത് സംഭവിക്കരുത്. വൈറസിന് കക്ഷി രാഷ്ട്രീയമില്ല. ആര്‍ക്കും വരാം.

അതിര്‍ത്തിയില്‍ നിശ്ചിത അളവില്‍ മാത്രമേ ആളുകള്‍ വരാവൂ. പുതുതായി വന്നവരുടെ കൂട്ടത്തില്‍ 65 ഓളം പേര്‍ പോസിറ്റിവ് ആയി. സര്‍ക്കാര്‍ പറയുന്നത് കര്‍ശനമായി അനുസരിക്കണം. മഹാരാഷ്ട്രയില്‍ നിന്നും ചെന്നൈയില്‍ നിന്നും വരുന്നവര്‍ പൂര്‍ണമായും 14 ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.