| Monday, 12th April 2021, 8:05 am

ഇവിടെ മനുഷ്യര്‍ മരിച്ചു തീര്‍ന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ; വാക്‌സിന്‍ കയറ്റുമതിയില്‍ കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലും വാക്‌സിന്‍ ക്ഷാമം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രാജ്യത്തെ ലഭ്യത ഉറപ്പാക്കാതെ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റിയയച്ച കേന്ദ്ര നടപടി ശരിയായില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളം പഴയ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലോകത്ത് വലിയ തോതില്‍ വീണ്ടും കൊവിഡ് വ്യാപനം വീണ്ടും ഉണ്ടായിരിക്കുകയാണ്. രാജ്യത്തെ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ വര്‍ധനവുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം നമ്മള്‍ കരുതിയിരുന്നതിലും കൂടുതല്‍ വര്‍ധനവുണ്ടാകുമോയെന്നാണ് ആശങ്കയെന്നും കെ. കെ ശൈലജ പറഞ്ഞു.

‘ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക. കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതനുസരിച്ച് കേരളത്തിലും നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്,’ കെ. കെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് ജനിതകമാറ്റം വന്ന വൈറസ് വളരെ കൂടുതലൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പക്ഷെ ഏത് നിമിഷവും ജനിതകമാറ്റം സംഭവിക്കാമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന് ഫലപ്രദമല്ല എന്ന പഠനമൊന്നും എവിടെയും വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ ക്ഷാമം ഗുരുതരവിഷയമായി വരുമെന്ന് തന്നെയാണ് കരുതുന്നതെ്ന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ആവശ്യമുള്ള ടാര്‍ഗറ്റ് അനുസരിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു ചെയ്യാറുണ്ടായിരുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 ലക്ഷം വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം ഇവിടെ ജനസംഖ്യയും വയസ്സായവരുടെ എണ്ണവും വളരെ കൂടുതലാണ്. അത് ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ അതേസമയം വാക്‌സിന്‍ തീരുമ്പോള്‍ കേന്ദ്രത്തെ അറിയിച്ചാല്‍ കേന്ദ്രം കുറേശ്ശെയായി തരാറുണ്ട്. തരാതിരിക്കുക എന്ന സമീപനം സ്വീകരിച്ചിട്ടില്ല.

പക്ഷെ നമ്മള്‍ ഇപ്പോള്‍ മാസ് വാക്‌സിനേഷന്‍ ക്യാംപ് ആരംഭിച്ചിരിക്കുകയാണ്. അങ്ങനെ കൊടുക്കുമ്പോള്‍ നമുക്ക് വാക്‌സിന്‍ തികയാതെ വരുമെന്ന് തന്നെയാണ് തോന്നുന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയെ വിളിച്ച് ക്യാംപുകളിലേക്ക് വാക്‌സിന്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശ്രമിക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ഇന്ന് കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്റെ നിര്‍മ്മാണവും വിതരണവും കേന്ദ്രം ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്ത് ലഭ്യത ഉറപ്പാക്കണമായിരുന്നു. ഇവിടെ ധാരാളമുണ്ടായിട്ട് കൊടുക്കാതിരിക്കണം എന്ന് പറയാനാകില്ല. കാരണം ലോകത്ത് എവിടെയാണെങ്കിലും മനുഷ്യജീവനാണ്. പക്ഷെ ഇവിടെ മനുഷ്യര്‍ മരിച്ചു തീര്‍ന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മെഗാ ക്യാംപെയ്ന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ രണ്ട് ദിവസത്തേക്ക് കൂടിയുള്ള വാക്‌സിനേ നമ്മുടെ കയ്യിലുള്ളു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും കെ. കെ ശൈലജ വ്യക്തമാക്കി.

തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ ശ്രദ്ധിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനായില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വളരെ ശ്രദ്ധിക്കേണ്ട വിഷയമാണ് പൂരം നടത്തിപ്പ്. കാരണം തെരഞ്ഞെടുപ്പിന് മുന്‍പ് കൊവിഡ് വ്യാപനം കുറയുന്ന അവസ്ഥയിലെത്തിയതായിരുന്നു. പക്ഷെ വീണ്ടും വ്യാപനം വര്‍ധിക്കുകയാണ്. അപ്പോള്‍ പൂരത്തിന് ആളുകള്‍ വര്‍ധിച്ചാല്‍ അത് പ്രശ്‌നമാകും. അതുകൊണ്ട് പൊങ്കാലയൊക്കെ നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താന്‍ ശ്രമിക്കണം. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങളോടെ നടത്തണമെന്ന് തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ അത് അംഗീകരിക്കപ്പെടാത്ത സാഹചര്യമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വരുന്ന സമയത്ത് ആളുകള്‍ കൂടും. നമ്മള്‍ വേണ്ട എന്ന് പറഞ്ഞാലും പ്രവര്‍ത്തകര്‍ പറഞ്ഞത് കൊണ്ടും സ്വമേധയ ആയും ആളുകള്‍ വരുന്ന സാഹചര്യമുണ്ടായി. യോഗങ്ങളില്‍ ആളുകളെ കൂട്ടുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ മത്സരവുമുണ്ട്. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാകാതായതെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kerala Health Minister K K Shailaja about Covid restrictions

We use cookies to give you the best possible experience. Learn more