കൊറോണ പ്രതിരോധത്തിനിടെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം; രേഖകള്‍ നഷ്ടമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി
Kerala News
കൊറോണ പ്രതിരോധത്തിനിടെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം; രേഖകള്‍ നഷ്ടമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th March 2020, 8:10 pm

തിരുവനന്തപുരം: സംസ്ഥാനം കൊറോണ പ്രതിരോധത്തിന് സര്‍വ്വസന്നാഹങ്ങളുമായി പ്രവര്‍ത്തിക്കവെ ആരോഗ്യവകുപ്പിന്റെ ഇ-ഹെല്‍ത്ത് വെബ് സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. ആരോഗ്യമന്ത്രി കെ.കെ ശൈലജ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

‘വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍, ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല’, മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇ-ഹെല്‍ത്തിന്റെ വെബ്സൈറ്റില്‍ ഇ-ഹെല്‍ത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്.

ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോള്‍ തന്നെ വെബ്സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇ-ഹെല്‍ത്ത് പ്രോജക്ടിന്റെ മുഴുവന്‍ രേഖകളും ഫയല്‍ ഫ്ളോ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ഏത് തരത്തിലുള്ള സൈബര്‍ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും അതിനാല്‍ തന്നെ ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

WATCH THIS VIDEO: