| Wednesday, 21st April 2021, 7:04 pm

പുതിയ ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പുറുത്തുവിട്ടു.

ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.

പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ (High Risk Primary Contact) വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക. ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റൈന്‍ തുടരേണ്ടതാണ്.

രോഗം വരാന്‍ സാധ്യത കുറവുള്ള, പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍ (Low Risk Primary Contact), 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കുക.

പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ കല്യാണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കണം. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണം.

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പര്‍ക്കക്കാര്‍ (Asymptomatic Secondary Contacts), സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ എത്തിയവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരണം. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kerala Health Department releases new quarantine isolation instructions

We use cookies to give you the best possible experience. Learn more