| Friday, 24th April 2020, 3:09 pm

ഹൈക്കോടതിയില്‍ സ്പ്രിംക്ലര്‍ കേസ് വാദം തുടരവേ പണിമുടക്കി വിവാദ സൂം ആപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്പ്രിംക്ലര്‍ കേസില്‍ ഹൈക്കോടതിയില്‍ വാദം നടക്കേവ സൂം ആപ്ലിക്കേഷന്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. ലൈവ് ലോ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

വീഡിയോ കോണ്‍ഫറന്‍സിന് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സൂം ആപ്ലിക്കേഷന്‍ വഴിയാണ് ഹൈക്കോടതി സ്പ്രിംക്ലര്‍ കേസില്‍ വാദം കേള്‍ക്കുന്നത്.

സൂം ആപ്പ് വഴി വാദം കേള്‍ക്കല്‍ തുടരവേയായിരുന്നു സാങ്കേതിക തകരാര്‍ മൂലം ഏതാനും സമയത്തേക്ക് ആപ്ലിക്കേഷന്‍ ലഭ്യമാകാതിരുന്നത്. ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങിയതിന് ശേഷമാണ് വീണ്ടും വാദം തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. .

സൂം ആപ്പ് സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ ഓഫീസുകളും ഉദ്യോഗസ്ഥരും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ സൂം വിവാദങ്ങള്‍ നേരിടുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.

സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്-ഇന്ത്യ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

പാസ് വേര്‍ഡുകള്‍ ചോരുകയും വീഡിയോ കോണ്‍ഫറന്‍സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയുംചെയ്ത സംഭവങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സൂം ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സെര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കിയത്.

വിവിധ വ്യവസായ സ്ഥാപനങ്ങള്‍ സെമിനാറുകള്‍ക്കും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ഉപയോഗിച്ചുകൊണ്ടിരുന്നത് സൂം ആപ്പായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൂം ആപ്ലിക്കേഷന് വലിയ പ്രചാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിലെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.

സ്പ്രിംക്ലര്‍ വിവാദത്തില്‍ വസ്തുതകള്‍ മൂടിവയ്ക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. വിഷയംലാഘവത്തോടെ കാണരുതെന്നും കോടതി പറഞ്ഞു.

ജനങ്ങളുടെ സ്വകാര്യത പ്രധാനമാണ്. വിവരസുരക്ഷിതത്വത്തില്‍ കൂടുതല്‍ കരുതല്‍ വേണ്ടത് സര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരണമാകാമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സര്‍വറില്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ കരാര്‍ ലംഘിച്ചാല്‍ നിയമനടപടി അമേരിക്കയില്‍ മാത്രമേ സാധ്യമാകുകയുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സൈബര്‍ വിദഗ്ധ അഡ്വ. എന്‍.എസ്.നപ്പിനൈയാണ് സര്‍ക്കാരിന് വേണ്ടി ഇന്ന് ഹാജരായത്.

സ്പ്രിംക്ലര്‍ കരാറിലെ വിവരശേഖരണത്തോടാണോ വിവരങ്ങള്‍ ചോരുന്നതിനോടാണോ എതിര്‍പ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. രാജ്യം കടന്നു പോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more