| Wednesday, 10th March 2021, 3:24 pm

ലൈവ് ലോയ്‌ക്കെതിരെ നിയമനടപടി എടുക്കരുത്; ഡിജിറ്റല്‍ മീഡിയ നിയന്ത്രണ നിയമത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡിജിറ്റല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐ.ടി ആക്ടില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി കേരള ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടി നേടി കോടതി നോട്ടീസ് അയച്ചു.

കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് ലോ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍.

ലൈവ് ലോയ്‌ക്കെതിരെ നിയമനടപടികള്‍ എടുക്കരുതെന്നും കോടതി കേന്ദ്രത്തിന് അയച്ച നോട്ടീസില്‍ പറയുന്നു. ജസ്റ്റിസ് പി.വി ആശ അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.

‘നിയമസംബന്ധമായ ലേഖനങ്ങളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനമാണിത്. നിലവിലെ സാഹചര്യത്തില്‍ ഹരജിക്കാര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരമുള്ള യാതൊരു നിയമനടപടിയും സ്വീകരിക്കരുത്’, കോടതി ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതിയും സമാനമായ രീതിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസം എന്ന സംഘടനയുടെ ഹരജി പരിഗണിക്കവെയായിരുന്നു കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയത്.

നിലവിലുള്ള ഐ.ടി നിയമത്തില്‍ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വകുപ്പില്ലാത്ത സാഹചര്യത്തില്‍ പുതുതായി പ്രാബല്യത്തില്‍ കൊണ്ടുവന്ന ചട്ടം നിയമവിരുദ്ധമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഫെബ്രുവരി 25നാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും സോഷ്യല്‍ മീഡിയകളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇത്തരം പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കുക, നിരീക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. നിലവില്‍, ഡിജിറ്റല്‍ കണ്ടന്റുകളെ നിയന്ത്രിക്കുന്ന നിയമമോ സര്‍ക്കാര്‍ സ്ഥാപനമോ ഇല്ല.

നിലവില്‍ അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനാണ് (എന്‍ബിഎ) ന്യൂസ് ചാനലുകളെ നിരീക്ഷിക്കുന്നത്.

പരസ്യ ചിത്രങ്ങളെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. സിനിമകളുടെ കാര്യത്തില്‍ ഇത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണ്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ 2020 ഒക്ടോബറില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം, ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

നിലവില്‍ ഒ.ടി.ടി സ്ട്രീമിങ്, വ്യത്യസ്ത ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലാതെ തന്നെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ സിനിമകളും സീരീസുകളും പുറത്തിറക്കാന്‍ സാധിക്കും. എന്നാല്‍ ഇതില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ആവശ്യം.

ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ഇതിനായി കോടതി ആദ്യം ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: kerala hc issues notice to centre on new it rules

We use cookies to give you the best possible experience. Learn more