തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസറുദ്ദീന്‍. രണ്ട് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ സംസ്ഥാനത്ത് സംഭരിച്ചുവെച്ചിട്ടുണ്ടെന്ന് നസറുദ്ദീന്‍ പറഞ്ഞു.
‘ഈ പരിത സ്ഥിതി മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ കച്ചവടക്കാരും കച്ചവട സംഘടനയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ട ഭക്ഷ്യധാന്യങ്ങളടക്കം കേരളത്തില്‍ സ്റ്റോക്കുണ്ട്’, അദ്ദേഹം പറഞ്ഞു.
അന്യസംസ്ഥാനത്ത് നിന്ന് നേരത്തെ എല്ലാം ഇറക്കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക എന്നതാണ് ആളുകളോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. അതേസമയം സ്വര്‍ണ്ണം, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞിരുന്നു.
‘ചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ തടസമുണ്ടാകില്ല. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തുണ്ടാകും. എല്ലാവരും സഹകരിക്കുക എന്ന പൗരധര്‍മ്മം എല്ലാവരും പാലിക്കണം’, മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ ജനജീവിതത്തെ ദോഷകരകമായി ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 35 കിലോ അരി നല്‍കുന്നത് തുടരും.
നീല, വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി നല്‍കാനും തീരുമാനമായി. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണകിറ്റ് വീട്ടിലെത്തിക്കും.
റേഷനൊപ്പം പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകും.
സംസ്ഥാനത്തെ ബിവ്റേജ്സ് ഔട്ട്ലെറ്റുകള്‍ അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിവ്റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കി.
രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവ്റേജ്സ് ഔട്ട്ലെറ്റുകളും അടച്ചിടാന്‍ നിര്‍ബന്ധിതമായത്. നേരത്തെ ബാറുകള്‍ അടച്ചിരുന്നെങ്കിലും ബിവ്റേജ്സ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.
നേരത്തെ കൊവിഡ് ബാധ പ്രതിരോധിക്കുന്നതിനായി കേരളം ലോക്ക്ഡൗണിലായതോടെ ഭക്ഷണം ലഭിക്കാതായവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകള്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം വലിയ തോതില്‍ പട്ടിണിയിലേക്ക് ആളുകളെയും കുടുംബങ്ങളെയും തള്ളിവിടുന്ന ഒന്നാണ്. ഇവിടെ നമ്മുടെ നാട്ടില്‍ ഒരാളും പട്ടിണി കിടക്കാന്‍ ഇട വരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ വ്യക്തികളോട് പറയാന്‍ ശങ്കിക്കും. അത്തരക്കാര്‍ക്ക് വിളിച്ചുപറയാന്‍ ഒരു ടെലഫോണ്‍ നമ്പറുണ്ടായാല്‍ വിളിച്ചു പറയാന്‍ ഉപകരിക്കും. ആര്‍ക്കൊക്കെ സഹായം ആവശ്യമുണ്ടോ അവര്‍ക്കെല്ലാം അതെത്തിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യര്‍ക്ക് മാത്രമല്ല കടകള്‍ അടഞ്ഞതോടെ ഭക്ഷണം ലഭിക്കാതായ തെരുവ് നായകള്‍ക്കും കാവുകളടഞ്ഞു കിടക്കുന്നതേടെ ഭക്ഷണം ലഭിക്കാതായ കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിക്കാനുള്ള വഴിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കടകളടഞ്ഞ് കിടക്കുന്ന കാരണം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതിരിക്കാനും അത് വഴി അവ അക്രമാസക്തമാകാനും സാധ്യതയുണ്ട്. പരിഹാരമായി അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നോക്കുന്നുണ്ട്’.കാവുകളടഞ്ഞു കിടക്കുന്നതിനാല്‍ അക്രമാസക്തരാവുന്ന കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിക്കും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും, ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവര്‍, ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവര്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍, നഗരസഭയുടെ ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവര്‍, പുത്തരിക്കണ്ടത്ത് താമസിപ്പിച്ചിരിക്കുന്നവര്‍ക്കും ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിക്കുന്നുണ്ട്. മൂന്ന് നേരത്തേക്കുള്ള ഭക്ഷണമാണ് കമ്യൂണിറ്റി കിച്ചണില്‍ തയാറാക്കുന്നത്.
ഭക്ഷണം ആവശ്യമുള്ളവര്‍ അതാത് പഞ്ചായത്ത് കമ്മിറ്റി നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. വോളന്റിയര്‍ സംഘത്തിന്റെ സഹായത്തോടെ ഭക്ഷണം വീടുകളില്‍ എത്തിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്. ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് 20 രൂപയാണ് വില. രാവിലെയും രാത്രിയുമുള്ള ഭക്ഷണത്തിന് മിതമായ നിരക്കാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് അഞ്ചു രൂപയാണ്.
കമ്മ്യൂണിറ്റി കിച്ചനുകളില്‍ ഭക്ഷണം തയാറാക്കുന്നതിനായി സിവില്‍ സപ്ലൈസില്‍ നിന്നും 10 രൂപ 90 പൈസയ്ക്ക് അരിയും സപ്ലൈകോയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തും