| Wednesday, 1st December 2021, 10:53 am

ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഗ്രാമീണ മേഖലയിലെ വേതനം സംബന്ധിച്ച ദേശീയ ശരാശരി 315.3 രൂപയാണെന്നിരിക്കെ കേരളത്തില്‍ പ്രതിദിനം 677.6 രൂപ വേതനമായി ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷികേതര വിഭാഗത്തിലാണ് ഇത്.

രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുന്‍നിര കാര്‍ഷികോല്‍പാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് 262.3 രൂപ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ ലേബര്‍ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍.

വികസനത്തിന്റേയും വ്യവസായവത്കരണത്തിന്റേയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തര്‍പ്രദേശില്‍ 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയുമാണ് ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്.

കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരില്‍ 483 രൂപയും തമിഴ്നാട്ടില്‍ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിനം കിട്ടുന്നത്.

ഗ്രാമീണ കാര്‍ഷിക വിഭാഗത്തിലും തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തില്‍ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് കേരളത്തില്‍ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ജമ്മുകശ്മീരില്‍ 501.1 രൂപയും തമിഴ്നാട്ടില്‍ 432.2 രൂപയും ലഭിക്കുന്നു. ദേശീയ ശരാശരി 309.9 രൂപയാണ്.

ഗുജറാത്തില്‍ ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് 213.1 രൂപയും മഹാരാഷ്ട്രയില്‍ 267.7 രൂപയുമാണ്.

നിര്‍മാണ മേഖലയിലും ഗ്രാമീണ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തില്‍ കേരളമാണ് ഒന്നാമത്. 829.7 രൂപ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്.

അതേസമയം, രാജ്യത്ത് ക്രമാതീതമായി ഉയര്‍ന്ന് നിന്നിരുന്ന തൊഴിലില്ലായ്മ നിരക്ക് കുറയുന്ന സാഹചര്യമാണുള്ളതെന്നും കണക്കുകള്‍ പറയുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.3% ആയി കുറഞ്ഞെന്നാണ് കണക്കുകള്‍.

2019- 20 ലെ സമാന പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20.8% എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഇതാണ് ക്രമാനുഗതമായി കുറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala have more labour wages in villages than National Average

We use cookies to give you the best possible experience. Learn more