രഞ്ജി ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ പഞ്ചാബും കേരളവും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 194 റണ്‍സിന് കേരളം പഞ്ചാബിനെ തകര്‍ക്കുകയായിരുന്നു. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 179 റണ്‍സിനും പുറത്തായതോടെ രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബിനെതിരെ മികച്ച ഫോമിലാണ് കേരളം.
നിലവില്‍ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ 17 ഓവര്‍ പിന്നിട്ട പഞ്ചാബ് 23 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ്. മാത്രമല്ല 38 റണ്‍സിന്റെ ലീഡും ടീമിനുണ്ട്.
പഞ്ചാബ് ഓപ്പണര്‍ അഭയ് ചൗധരി 12 റണ്‍സ് നേടി ബാബ അപരാജിത്തിന്റെ ഇരയായപ്പോള്‍ നമന്‍ ദിറിനെ ഏഴ് റണ്‍സിന് ആദിത്യ സറാവത്തും പറഞ്ഞയച്ചു. ശേഷം ഇറങ്ങിയ സിദ്ധാര്‍ത്ഥ് കൗളിനെ പൂജ്യം റണ്‍സിന് മടക്കി ആദിത്യ വീണ്ടു വിക്കറ്റ് നേടുകയായിരുന്നു. അവസാന ദിവസമായ നാളെ (തിങ്കള്‍) കേരളത്തിന് പഞ്ചാബിനെ ചെറിയ ലീഡില്‍ വിക്കറ്റുകള്‍ നേടി തളക്കാന്‍ സാധിച്ചാല്‍ ബിഗ് ഹിറ്റിന് ശ്രമിച്ച് വിജയം നേടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതിന് കഴിഞ്ഞില്ലെങ്കില്‍ ആദ്യ മത്സരത്തില്‍ സമനിലവഴങ്ങേണ്ടി വരുമെന്നത് ഉറപ്പാണ്.
ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ആദിത്യ സറാവത്തും ജലജ് സക്‌സേനയുമായിരുന്നു. ഇരുവരും അഞ്ച് വിക്കറ്റുകള്‍ നേടിയാണ് പഞ്ചാബിനെതിരെ തിളങ്ങിയത്. അവസാന ദിവസത്തിലും ഇരുവരും കത്തിക്കയറിയാല്‍ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാകും. ആദ്യ രഞ്ജി കിരീടം എന്ന സ്വപ്‌നത്തിലേക്ക് കാലെടുത്തുവെക്കുന്ന കേരളത്തിന് വിജയം അനിവാര്യമാണ്.
പഞ്ചാബ് പ്ലെയിങ് ഇലവന്‍
അഭയ് ചൗധരി, നമന്‍ ധിര്‍, അന്‍മോല്‍പ്രീത് സിങ്, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), നേഹല്‍ വധേര, ക്രിഷ് ഭഗത്, രമണ്‍ദീപ് സിങ്, എമന്‍ജോത് സിങ് ചഹല്‍, ഗുര്‍നൂര്‍ ബ്രാര്‍, മായങ്ക് മാര്‍ക്കണ്ഡേ, സിദ്ധാര്‍ത്ഥ് കൗള്‍.
കേരളം പ്ലെയിങ് ഇലവന്‍
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍.
Content Highlight: Kerala Have Crucial One Day To Win First Match In Ranji Trophy