ന്യൂദല്‍ഹി: കടമെടുപ്പ് പരിധിയില്‍ അധിക കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 10000 കോടി രൂപ അധിക കടമെടുക്കാനുള്ള അവകാശം ഇനിയും സംസ്ഥാനത്തിനുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ ശരിവെക്കുന്നതാണ് ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെന്നും കേരളം ചൂണ്ടിക്കാട്ടി. അധികം എന്നതിനേക്കാള്‍ ഉപരി കേന്ദ്രം പറയുന്ന കണക്കനുസരിച്ച് കടമെടുക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ പറഞ്ഞു. സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും സിബല്‍ കോടതിയെ അറിയിച്ചു.
അതേസമയം വരുമാനത്തേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വര്‍ഷം തോറും കേരളത്തില്‍ കടം വര്‍ധിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഈ രീതി തുടരുന്നതിനാല്‍ കേരളം കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തിയെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. കടമെടുപ്പ് വിഷയത്തില്‍ കേരളം ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
വെള്ളിയാഴ്ച 1.30ന് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
കഴിഞ്ഞ ഹിയറിങ്ങില്‍ കടമെടുക്കുന്നത് യൂണിയനില്‍ നിന്നല്ലാത്തതിനാല്‍, കടമെടുപ്പിന് യൂണിയന്റെ സമ്മതം സംസ്ഥാനത്തിന് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശഠിക്കുന്നതിന്റെ അടിസ്ഥാനത്തെ കബില്‍ സിബല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കേരളം ആവശ്യപ്പെടുന്ന 13,608 കോടി രൂപ ഏത് സാഹചര്യത്തിലാണെങ്കിലും സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും അത് കേന്ദ്രത്തിന്റെ ഇളവല്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്തിന് 13,600 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരമായി 26,000 കോടി രൂപ കൂടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ ആവശ്യം.
ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനത്തിന്റെ ആവശ്യം കേരളത്തിന്റെ അവകാശമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അധിക വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ കേസ് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ശാഠ്യം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Kerala has the right to borrow an additional Rs 10,000 as per the Centre’s estimate