കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ളത് കേരളത്തിലാണെന്ന് ട്രാവല്‍ വ്‌ലോഗറായ സുജിത്ത് ഭക്തന്‍. അസുഖ ബാധിതനായി യൂറോപ്യന്‍ രാജ്യമായ സ്ലോവാക്കിയയിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ പങ്കുവെക്കുമ്പോഴാണ് കേരളത്തിലെ ആരോഗ്യ സംവിധാനത്തിനത്തിന്റെ മൂല്യം സുജിത്ത് ഭക്തന്‍ ചൂണ്ടിക്കാട്ടിയത്.
കടുത്ത തൊണ്ടവേദനയും ശരീര വേദനയും കാരണം യൂറോപ്പില്‍ ചികിത്സ തേടിയ തന്നെ ചികിത്സ നിഷേധിച്ച് അവിടുത്തെ ഹോസ്പിറ്റലില്‍ നിന്ന് ഇറക്കിവിട്ട അനുഭവം അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്ക് വെച്ചിരുന്നു.
ഈ വീഡിയോക്കെതിരെ യൂറോപ്പില്‍ താമസിക്കുന്ന ചില പ്രവാസികള്‍ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഇതിന് മറുപടിയായി പങ്കുവെച്ച വീഡിയോയിലാണ് യൂറോപ്പിലേയും കേരളത്തിലേയും ആരോഗ്യ സംവിധാനങ്ങളെ സുജിത്ത് താരതമ്യം ചെയ്തത്.
കടുത്ത തൊണ്ട വേദനയെത്തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് താന്‍ സ്ലോവാക്കിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് അദ്ദേഹം വീഡിയോയുടെ തുടക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ നിങ്ങള്‍ ഇവിടുത്ത പൗരന്‍ അല്ലെന്നും അതിനാല്‍ ചികിത്സിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് സുജിത്തിനെ ഇറക്കി വിട്ടു. എന്നാല്‍ നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു വിദേശിക്കും ഈ അവസ്ഥ വരില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അവിടെ താമസിക്കുന്ന ചില പ്രവാസികള്‍ അദ്ദേഹത്തെ വിമര്‍ശിച്ച് കമന്റുകള്‍ ഇട്ടിരുന്നു. യൂറോപ്പില്‍ ചെറിയ അസുഖങ്ങള്‍ക്കൊന്നും ഡോക്ടര്‍മാര്‍ മരുന്ന് കൊടുക്കില്ലെന്നും വിശ്രമിച്ചാല്‍ മതിയെന്നുമാണ് കമന്റില്‍ ചില ആളുകള്‍ പറഞ്ഞത്. എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായി വിദേശരാജ്യത്ത് വെറുതെ നിന്നാല്‍പ്പോലും ചെലവാണെന്നും തൊണ്ടവേദന ന്യൂമോണിയ പോലുള്ള അവസ്ഥയിലേക്ക് മാറിയാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
‘യൂറോപ്യന്‍ രാജ്യങ്ങളില്‍ അവിടുത്തെ പൗരന്മാര്‍ക്കും അവിടുത്തെ താമസിക്കാര്‍ക്കും സൗജന്യ ചികിത്സയാണ്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വളരെ തുച്ഛമായ രൂപയ്ക്കാണ് എല്ലാവര്‍ക്കും ചികിത്സ നല്‍കുന്നത്. യു.കെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ കൊടുക്കുന്നതിന് പകരമായി ഭീമമായ തുക നികുതി ഇനത്തില്‍ അവരില്‍ നിന്ന് കൈപ്പറ്റുന്നുണ്ട്. ആ നികുതിയില്‍ നിന്ന് അവര്‍ക്ക് ഗവണ്‍മെന്റ് കൊടുക്കുന്ന ആനുകൂല്യമാണ് സൗജന്യ ചികിത്സ എന്നത്.
അതുകൊണ്ട് തന്നെ അവിടെ ഡോക്ടേഴ്‌സും കുറവായിരിക്കും. ചെറിയ പനിയോ ജലദേഷമോ വന്നാല്‍ പെട്ടെന്ന് ഡോക്ടറെ അടുത്തേക്ക് പോവാന്‍ സാധിക്കില്ല. യൂറോപ്പിലെ ആശുപത്രികളുടെ റിവ്യൂ നോക്കിയാല്‍ ആ അവസ്ഥ മനസിലാവും. എന്നാല്‍ ഉദാഹരണത്തിന് നമ്മുടെ നാട്ടിലേക്ക് അസുഖബാധിതനായി ഒരു ഫോറിനര്‍ വന്നാല്‍ ഉള്ള അവസ്ഥ ഇതാണോ,’ സുജിത്ത് ഭക്തന്‍ പറഞ്ഞു. ഇക്കാര്യം എന്തുകൊണ്ടാണ് വിദേശത്ത് താമസിക്കുന്നവര്‍ മനസിലാക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ നാട്ടില്‍ ഒരു വിദേശിക്ക് അസുഖം വന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നാല്‍ ഇവിടെ ഡിസ്‌ക്കൗണ്ട് ചികിത്സയാണെന്ന് പറഞ്ഞ് ഇറക്കി വിട്ടാല്‍ എന്താണ് അവര്‍ ആ രാജ്യത്തെപ്പറ്റി ചിന്തിക്കുക എന്ന് ആലോചിച്ച് നേക്കൂവെന്നും ആ അവസ്ഥയാണ് തനിക്കും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പുറം രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അവരുടെ സിസ്റ്റം നന്നായി അറിയാമെന്നും എന്നിട്ട് എങ്ങനെയാണ് അവര്‍ക്ക് കേരളത്തെ കുറ്റം പറയാന്‍ സാധിക്കുന്നുവെന്ന് ചോദിച്ച സുജിത്ത് ഭക്തന്‍ താന്‍ ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച ആള്‍ ആളെണെന്നും ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യയില്‍ തന്നെ ഒരുപക്ഷെ ലോകത്ത് തന്നെ മികച്ച ചികിത്സ കേരളത്തിലാണെന്നും സുജിത്ത് ഭക്തന്‍ അഭിപ്രായപ്പെട്ടു
Content Highlight: Kerala has the best healthcare system in the world; Those who say no don’t know about this place: Sujith Bhakthan