കൊച്ചി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിച്ച ഭാരത് ബന്ദിനോട് അനുബന്ധിച്ച് തിങ്കളാഴ്ച കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിനെതിരായ ഹരജി ഹൈക്കോടതി തള്ളി. താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്നും അതിന് സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.
ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തി, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഹരജി തീര്‍പ്പാക്കി.
ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ത്താലിന് ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കിയിട്ടുണ്ടാകണമെന്ന ബില്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. എന്നാല്‍ ഇതു നിയമമായിട്ടില്ലെന്നും ബില്ലു മാത്രമാണെന്നും കോടതി വിശദീകരിച്ചു.
ഹര്‍ത്താല്‍ ദിവസം താല്‍പ്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അനിഷ്ടസംഭങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.
ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു മാസം മുന്‍പു പ്രഖ്യാപിച്ചിട്ടുണ്ടെന്ന വിവരം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് യോഗവും പിന്തുണ പ്രഖ്യാപിച്ചതോടെ പാല്‍, പത്രം, ആംബുലന്‍സ്, മരുന്നു വിതരണം, വിവാഹം, ആശുപത്രി വാഹനം തുടങ്ങി അവശ്യകാര്യങ്ങള്‍ മാത്രമാകും ഹര്‍ത്താലില്‍നിന്ന് ഒഴിവുണ്ടാകുക.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ഭാരത ബന്ദ്. മോട്ടോര്‍ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരും ഉള്‍പ്പടെ നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.