|

ആരോട് ചോദിച്ചിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്; ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മധ്യവയ്‌സക്‌ന്റെ ആത്മഹത്യയില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം. കാര്യമായ കൂടിയാലോചന നടത്താതെ ചിലര്‍ സ്വന്തംനിലക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.

സംസ്ഥാനത്തുണ്ടായിരുന്ന കോര്‍ കമ്മിറ്റി അംഗങ്ങളുമായിപോലും ആലോചിക്കാതെ നേതൃത്വത്തിലെ ഒരു സംഘം ഏകപക്ഷീയമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് വി.മുരളീധര പക്ഷം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും ഹര്‍ത്താല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു.

ഹര്‍ത്താല്‍ കാര്യം ശ്രീധരന്‍പിള്ളയെ വിളിച്ചന്വേഷിക്ക് എന്ന് സുരേന്ദ്രന്‍ ഫോണില്‍ മറുപടിയായി പറയുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

ALSO READ: സമൂഹത്തോട് എനിക്ക് വെറുപ്പാണ്; മരണം സ്വയം തീരുമാനിച്ചത്: വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്

സെക്രട്ടറിയറ്റിന് മുമ്പിലെ സമരപന്തലില്‍ ജനറല്‍ സെക്രട്ടറി എം.ടി രമേശും ചിലരും ചേര്‍ന്ന് തീരുമാനിച്ച ശേഷം വിവരം സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചെന്നാണ് മുരളീധര പക്ഷത്തിന്റെ ആരോപണം. മുന്‍ പ്രസിഡന്റുമാര്‍ അടക്കമുള്ള കോര്‍ കമ്മിറ്റി അംഗങ്ങളുമായി ടെലിഫോണില്‍ അഭിപ്രായം ചോദിക്കാന്‍ പോലും കൂട്ടാക്കിയില്ല.

അതേസമയം ഹര്‍ത്താല്‍ നടത്താന്‍ സംസ്ഥാന ഘടകം നിര്‍ബന്ധിതമായെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ബൂത്ത് പ്രസിന്റുമാരുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായാണ് മോദി സംവദിച്ചത്.

ALSO READ: റാഫേല്‍ വിധി; കണ്ണടച്ചു വിശ്വസിക്കാന്‍ ആണെങ്കില്‍ എന്തിന് ജുഡീഷ്യല്‍ റിവ്യൂ

ഹര്‍ത്താലിനെതിരെ ബൂത്ത് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടപ്പോഴാണ് മോദി ന്യായീകരിച്ചത്. സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തെക്കുറിച്ചും അഭിപ്രായ ഭിന്നത രൂക്ഷമായി.

മിക്ക ജില്ലകളിലും ഹര്‍ത്താലിനോട് പൊതുവെ തണുത്ത പ്രതികരണമായിരുന്നു. എന്നാല്‍, പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവര്‍ ഏറെയും കുടുങ്ങി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തില്‍നിന്ന് വിട്ടുനിന്നു. എറണാകുളത്തും മലപ്പുറത്തും പാലക്കാട്ടും ചിലയിടങ്ങളില്‍ സര്‍വീസ്‌ നടത്തി.

സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി. യാത്രക്ലേശം നേരിട്ടവരില്‍ വലിയൊരു വിഭാഗം ശബരിമല തീര്‍ഥാടകരായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇതര സംസ്ഥാനക്കാരായ ആയിരക്കണക്കിന് തീര്‍ഥാടകര്‍ ബുദ്ധിമുട്ടി.

ALSO READ: സി.പി.ഐ.എം പോരാട്ടം വിജയം കണ്ടു; എഡെ സ്‌നാനയ്ക്ക് പിന്നാലെ മഡെ സ്‌നാനയും റദ്ദാക്കി ഉഡുപ്പി ക്ഷേത്രം

കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തിയ ശേഷം ഇയാള്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരപന്തലിന് സമീപത്തേക്ക് ഓടിയടുക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ തന്റെ മൊഴിയില്‍ പറയുന്നത്. ശബരിമല വിഷയം മരണമൊഴിയില്‍ ഒരിടത്തും വേണുഗോപാലന്‍ നായര്‍ പറഞ്ഞിട്ടില്ല.

WATCH THIS VIDEO: