പണിയുണ്ട്, കൂലിയില്ല; കൈത്തറി വ്യവസായം പ്രതിസന്ധിയില്‍
Labour Crisis
പണിയുണ്ട്, കൂലിയില്ല; കൈത്തറി വ്യവസായം പ്രതിസന്ധിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 11:36 am

സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ക്ക് നാല് മാസമായി കൂലിയില്ല. കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രകാരം തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് കൂലിയും റിബേറ്റ് നല്‍കിയ വകയില്‍ സംഘങ്ങള്‍ക്ക് നല്‍കാനുള്ള തുകയും കുടിശ്ശികയായതോടെയാണ് കൈത്തറി വ്യവസായം പ്രതിസന്ധിയിലായത്.

സര്‍ക്കാര്‍ നടപ്പാക്കിയ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ തൊഴില്‍ കൂടിയെങ്കിലും കൂലി കിട്ടാതെ നട്ടം തിരിയുകയാണ് തൊഴിലാളികള്‍. തൊഴിലാളികളുടെ കൂലിയില്‍ 60 ശതമാനം തുക സര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.

എന്നാല്‍ കൂലി നാല് മാസമായി കുടിശ്ശികയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അതത് ആഴ്ച കൂലി ലഭിക്കാനുള്ള നടപടി സ്ഥാപന മാനേജ്‌മെന്റ് ഏര്‍പ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കൈത്തറി മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി. ആദ്യവര്‍ഷം തൊഴിലാളികള്‍ക്ക് മാസം ശരാശരി 4000 രൂപ വേതനം കൃത്യമായി നല്‍കി. എന്നാല്‍ പതുക്കെ വേതനം ലഭിക്കുന്നത് നിന്നതായി കണ്ണൂരിലെ കൈത്തറി തൊഴിലാളികള്‍ പറയുന്നു.

കണ്ണൂരില്‍ മാത്രം നാലായിരത്തോളം തൊഴിലാളികളാണ് കൈത്തറി സഹകരണ സംഘങ്ങളില്‍ തൊഴിലെടുക്കുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. 2018-ല്‍ കൈത്തറി തൊഴിലാളിള്‍ക്ക് ദിവസം 500 രൂപ മിനിമം വേതനം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതും പാഴ്‌വാക്കായി. അതേസമയം, ട്രഷറിയില്‍ പണമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

തൊഴിലാളികള്‍ക്ക് കൂലി കുടിശ്ശികയായ സാഹചര്യത്തില്‍ നേരത്തെ ഐ.എന്‍.ടി.യു.സി സമരരംഗത്തേക്കിറങ്ങിയിരുന്നു. എന്നാല്‍ തൊഴിലാളികളില്‍ നാലിലൊന്നും അംഗങ്ങളായ സി.ഐ.ടി.യു ഇതുവരെ പ്രത്യക്ഷസമരരംഗത്തിറങ്ങിയിരുന്നില്ലെങ്കിലും അവസാനം ഗത്യന്തരമില്ലാതെ അവരും സമരത്തിനൊരുങ്ങുകയാണ്. കൈത്തറി സംഘങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റിബേറ്റും കുടിശ്ശികയായി കിടക്കുകയാണ്.

കോടികളാണ് ഈയിനത്തില്‍ നല്‍കാനുള്ളത്. വിശേഷ ദിവസങ്ങളിലായി 20 ശതമാനമാണ് കൈത്തറി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് അനുവദിക്കുന്നത്. 2016 മുതലുള്ള റിബേറ്റ് തുക സംഘങ്ങള്‍ക്ക് നല്‍കാനുണ്ട്. 2016 ല്‍ ആറ് വര്‍ഷത്തെ റിബേറ്റ് കുടിശ്ശികയായി ഉണ്ടായിരുന്നുവെങ്കിലും 2016 വരെയുള്ളത് കൊടുത്തുതീര്‍ക്കാനായതായതും കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ പറയുന്നു.

റിബേറ്റ് കുടിശ്ശികയും തൊഴിലാളികളുടെ കൂലിയിനത്തിലുള്ള കുടിശ്ശികയും എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബാലന്‍ പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒമ്പത് വര്‍ഷത്തിന് ശേഷം 2018 ആഗസ്റ്റില്‍ പ്രഖ്യാപിച്ച മിനിമം കൂലിയും ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടും മിനിമം കൂലി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സഹകരണസംഘങ്ങള്‍ക്കും ജില്ലാ ഹാന്‍ഡ്‌ലൂം സൊസൈറ്റി അസോയിയേഷനും ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയെങ്കിലും നടപ്പാക്കാനുള്ള നടപടിയൊന്നും പതിനൊന്ന് മാസമായിട്ടും സ്വീകരിച്ചിട്ടില്ല.

മുമ്പ് ഉത്പാദനത്തിന്റെ 70 ശതമാനം തുണിത്തരങ്ങള്‍ വരെ കയറ്റുമതി ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ പകുതിയും നിലച്ചിരിക്കുകയാണ്. തുച്ഛമായ വരുമാനക്കാരാണ് ഈ മേഖലയിലെ തൊഴിലാളികള്‍. അതും കുടിശ്ശികയായതോടെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇവര്‍.

കൈത്തറി വ്യവസായത്തിന്റെ 80 ശതമാനവും സഹകരണമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് 760 ഓളം കൈത്തറി യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ 480 ഓളം യൂണിറ്റുകള്‍ മാത്രമാണുള്ളത്. 42000 ത്തോളം പേര്‍ തൊഴിലാളികളായിട്ടുണ്ട്. പരോക്ഷമായി ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ ജീവിതോപാധിയാണ് കൈത്തറി വ്യവസായം.

കണ്ണൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കൈത്തറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

WATCH THIS VIDEO: