തിരുവനന്തപുരം: കേരളത്തിന്റെ ബാങ്കിംഗ് മേഖലയില്‍ അതീവപ്രാധാന്യമുള്ളവയാണ് ഗ്രാമീണ ബാങ്കുകള്‍. കേരളം മുഴുവന്‍ പ്രവര്‍ത്തനപരിധിയിലുള്ള ഗ്രാമീണ ബാങ്കിന് 633 ശാഖകളും 10 റീജിയണല്‍ ഓഫീസുകളും മലപ്പുറത്ത് ഹെഡ് ഓഫീസുകളുമാണുള്ളത്.
എന്നാല്‍ മലപ്പുറം ഹെഡ് ഓഫീസ് പരിസരം നാളെ മുതല്‍ സമരമുഖരിതമാകും. ദിവസവേതനക്കാരായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്ന ആവശ്യമുന്നയിച്ച് സ്ഥിരം ജീവനക്കാര്‍ നാളെ മുതല്‍ ഹെഡ് ഓഫീസിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുകയാണ്. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം എന്നതുമാത്രമല്ല, താല്‍ക്കാലിക ജീവനക്കാര്‍ക്കായി സ്ഥിരം ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നതും നാളെ നടക്കുന്ന സമരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. പ്രകാശനും വനിതാ കമ്മറ്റി കണ്‍വീനര്‍ കെ. രജിതമോളുമാണ് ചൊവ്വാഴ്ച മുതല്‍ നിരാഹാരസമരം നടത്തുന്നത്. പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ 17 മുതല്‍ മുഴുവന്‍ ശാഖകളും ഓഫീസുകളും അടച്ചിട്ട് പണിമുടക്കാനാണ് തീരുമാനം.
സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ടുതന്നെ ബാങ്കില്‍ നാനൂറിലേറെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നിയമതടസങ്ങളൊന്നുമില്ല. എന്നാല്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നതാണ് നിരാഹാരവും പണിമുടക്കുമടക്കമുള്ള സമരമാര്‍ഗത്തിലേക്ക് ജീവനക്കാരെ നിര്‍ബന്ധിതമാക്കുന്നത്.
“ദിവസ വേതനത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഓഫീസ് അറ്റന്റന്റ് നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 400 ലേറെ ഒഴിവുകള്‍ ഈ തസ്തികയിലുണ്ട്. ഈ ഒരു തസ്തികയില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷമായി നിയമനം നടക്കുന്നില്ല. സൗത്ത് മലബാര്‍ ബാങ്കിലാണ് ഏറ്റവും അവസാനമായി നിയമനം നടത്തിയത്.” -കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. പ്രകാശന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിയമനം നടത്തുമ്പോള്‍ 2008 ല്‍ അംഗീകരിച്ച ദിവസ വേതന തൊഴിലാളികള്‍ക്ക് നിയമന അംഗീകാരം നല്‍കണമെന്നും പിന്നീടുള്ളവര്‍ക്ക് നിയമനത്തില്‍ ആവശ്യമായ മുന്‍ഗണന നല്‍കണമെന്നുമാണ് സമരത്തില്‍ ആവശ്യപ്പെടുന്നത്.
2008 ന് ശേഷം ഇവിടെ നിയമനം നടന്നിട്ടില്ല. 400 ലേറെ ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെയെല്ലാം ദിവസക്കൂലിക്കാരായിട്ടുള്ള ആളുകളെ വെച്ചിട്ടാണ് മുന്നോട്ടുപോകുന്നതെന്നും പ്രകാശന്‍ പറഞ്ഞു.
1997 മുതല്‍ വന്ന ദിവസക്കൂലിക്കാരിപ്പോഴും ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. 10 കൊല്ലത്തിലേറെയായി 180 ലേറെ ആളുകള്‍ ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്നുണ്ട്. മാനേജ്‌മെന്റ് ഭാഗത്തുനിന്നും അനുകൂലമായൊരു നിലപാടും എടുക്കുന്നില്ല, ഇടയ്ക്ക് ഒരു അനുകൂലനിലപാടെടുത്തിരുന്നെങ്കിലും പിന്നീട് കാനറാ ബാങ്കില്‍ നിന്ന് വന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായോ മറ്റോ മുന്നോട്ടുപോയില്ല.- പ്രകാശന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഒരു ഘട്ടത്തില്‍ 329 ഒഴിവുകള്‍ ബാങ്ക് അംഗീകരിച്ചുവരികയും നടപടി ക്രമങ്ങളുമായി മുന്നോട്ടുപോയിരുന്നു. പിന്നീട് ഇത് പെന്‍ഡിംഗിലാവുകയാണ് ഉണ്ടായത്.”
കേരള ഗ്രാമീണ്‍ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ സ്ഥിരനിയമനം നടക്കാതായിട്ട് 10 വര്‍ഷത്തോളമായി. 2008 ല്‍ നടന്ന വലിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് അന്ന് 112 പേര്‍ക്ക് നിയമനം നല്‍കിയത്. ബിസിനസ് പലമടങ്ങ് വര്‍ധിച്ചിട്ടും നിരവധി പുതിയ ശാഖകള്‍ ഇക്കാലയളവില്‍ തുറന്നിട്ടും ഈ തസ്തികയില്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
നേരത്തെ ഈ വിഷയമുന്നയിച്ച് നടത്തിയ പ്രക്ഷോഭത്തില്‍ എത്തിച്ചേര്‍ന്ന കരാര്‍ മാനേജ്‌മെന്റ് ലംഘിച്ച പശ്ചാത്തലത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചത്. 17 മുതല്‍ പണിമുടക്കുമ്പോള്‍ നിരാഹാരവും ഒപ്പം കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.
3700 ജീവനക്കാരുള്ള കേരള ഗ്രാമീണ്‍ ബാങ്കിലെ മഹാഭൂരിപക്ഷം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന ബെഫിയില്‍ അഫിലിയേറ്റ് ചെയ്ത അംഗീകൃത സംഘടനകളായ കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റേയും നേതൃത്വത്തിലാണ് പ്രക്ഷോഭം. ഇതേ ആവശ്യം ഉന്നയിച്ച് നവംബര്‍ 1,2,3 തിയതികളില്‍ ഹെഡ് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരവും നടന്നിരുന്നു.
WATCH THIS VIDEO: