| Friday, 16th April 2021, 8:10 am

ജലീലിന് വേണ്ടി സര്‍ക്കാര്‍ കോടതിയിലേക്കില്ല; തീരുമാനം മന്ത്രി രാജി വെച്ച സാഹചര്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല. കഴിഞ്ഞ ദിവസം ലോകായുക്ത വിധിക്കെതിരെ കോടതിയെ സമീപിക്കാമെന്ന് എ.ജി നിയമോപദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ജലീലിനു വേണ്ടി സര്‍ക്കാര്‍ കോടതി വഴി നീങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ജലീല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്നും കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. തുടര്‍ന്ന് കെ.ടി ജലീല്‍ രാജിവെയ്ക്കുകയായിരുന്നു.

ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി. ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരുന്നത്.

മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തുവെന്നതായിരുന്നു പരാതി.

അതേസമയം സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ ലോകായുക്താ വിധിക്കെതിരെ കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നത്. സിവില്‍ കോടതിയുടെ നടപടിക്രമങ്ങളാണ് ലോകായുക്ത പാലിക്കേണ്ടതെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

ജലീലിന്റെ നിര്‍ദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തിയത് സര്‍ക്കാരാണെന്നത് ലോകായുക്ത പരിഗണിച്ചിട്ടില്ലെന്നും എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നായിരുന്നു സൂചനകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kerala Govt will not approach High Court against Lokayuktha verdict on K T Jaleel issue

We use cookies to give you the best possible experience. Learn more