| Friday, 16th September 2016, 11:30 am

സൗമ്യ വധക്കേസില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.

ഇതിനായി നിയമ മന്ത്രി എ.കെ ബാലന്‍ ഉടന്‍ ദല്‍ഹിക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് എ.കെ ബാലന്‍ ദല്‍ഹിക്ക് പുറപ്പെടുക. കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദല്‍ഹിയിലെത്തുന്ന നിയമ മന്ത്രി സ്ന്റാന്റിങ്ങ് കൗണ്‍സിലുമായി ചര്‍ച്ച നടത്തുന്നുണ്ട്.

പുനപരിശോധനാ ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധരുടെ വിലയിരുത്തല്‍. മുന്‍ ഡി.ജി.പി ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലി അടക്കമുള്ളവര്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്.

കേസില്‍ ഇനി പുനപരിശോധനാ ഹര്‍ജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹര്‍ജി നല്‍കാനോ സര്‍ക്കാരിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇവ ഇപ്പോള്‍ കേസ് പരിഗണിച്ച ജഡ്ജിമാരുടെ ചേംബറിലായിരിക്കും എത്തുക. സ്വാഭാവികമായി ഇത്തരം ഹര്‍ജി പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. പുതിയ വസ്തുതതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. ഇതിന് സാധ്യത വളരെ കുറവാണെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

We use cookies to give you the best possible experience. Learn more