തിരുവനന്തപുരം: സംസ്ഥാന എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്ക് നിയമനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണസമിതികള്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാന-ജില്ലാ തലത്തില്‍ ഭരണസമിതികള്‍ രൂപീകരിക്കാനുള്ള സത്യവാങ്മൂലം കേരള സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണസമിതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരളത്തിന്റെ വിദ്യാഭ്യാസ നിയമമനുസരിച്ച് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അടുത്തകാലങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ നിയമനം നടത്തുന്നതില്‍ മാനേജര്‍മാര്‍ അനാസ്ഥ കാണിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീം കോടതി കേരള സര്‍ക്കാരിന് നിയമനങ്ങള്‍ക്കായി ഭരണസമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
സംസ്ഥാനതലത്തില്‍ ഭരണസമിതിയുടെ ചെയര്‍മാന്‍ പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ആയിരിക്കും. ഒമ്പത് അംഗങ്ങള്‍ ആയിരിക്കും സമിതിയില്‍ ഉണ്ടാവുക. സമിതിയുടെ കണ്‍വീനര്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആയിരിക്കും. സ്‌കൂളുകളിലെ നിയമനങ്ങളില്‍ സംവരണം നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്തുന്നതും സര്‍ക്കാരിന് അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കൈമാറുന്നതും ഭരണസമിതിയുടെ ഉത്തരവാദിത്തമായിരിക്കും.
കൂടാതെ ജില്ലാതലത്തില്‍ മൂന്ന് വ്യത്യസ്ത സമിതികള്‍ രൂപികരിക്കും. പ്രൈമറി, ഹൈസ്‌കൂള്‍ തസ്തികളിലെ നിയമനത്തിനായി എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ കണ്‍വീനറായ സമിതിയും ഉണ്ടാകും. സമിതിയില്‍ അഡിമിനിസ്ട്രേറ്റിവ് അസ്സിസ്റ്റന്റും ജില്ലാ വിദ്യഭ്യാസ ഓഫീസറും അസിസ്റ്റന്റ് വിദ്യാഭ്യസ ഓഫീസറും പ്രധാന അംഗങ്ങള്‍ ആയിരിക്കും.