തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് നല്‍കാനുള്ള 400 കോടി രൂപക്കായി വായ്‌പെയടുത്ത് സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയുടെ ഭാഗമായുള്ള പുലിമുട്ട് നിര്‍മാണത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. വിവിധ വാര്‍ത്താചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അദാനി ഗ്രൂപ്പിന് നേരത്തെ വാഗ്ദാനം ചെയ്ത തുകയാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുലിമുട്ട് നിര്‍മാണത്തിന്റെ 30 ശതമാനം പൂര്‍ത്തിയായാല്‍ ആകെ നിര്‍മാണച്ചെലവിന്റെ 25 ശതമാനം അദാനി ഗ്രൂപ്പിന് നല്‍കണമെന്നായിരുന്നു കരാര്‍.
ഈ തുകക്ക് വേണ്ടി നിരവധി തവണ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മൊത്തം 1450 കോടി രൂപയാണ് സര്‍ക്കാര്‍ അദാനിക്ക് നല്‍കേണ്ടത്.
ഇതില്‍ 400 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹഡ്‌കോയില്‍ നിന്നും വായ്പയെടുത്ത് തുക നല്‍കാന്‍ തീരുമാനിച്ചത്.
മറ്റ് ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ധനവകുപ്പ് തുറമുഖ വകുപ്പിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഹഡ്‌കോയിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഹഡ്‌കോ വായ്പ 16 വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും.
അദാനിക്ക് നല്‍കാനുള്ളതിലെ വയബിലിറ്റി ഗ്യാപ് ഫണ്ടായ 818 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട 817 കോടി രൂപ ലഭിച്ച ശേഷമേ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഈ തുക നല്‍കേണ്ടതുള്ളു.
അതേസമയം, ആകെ 3200 മീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ 2000 മീറ്ററോളമാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്.
Content Highlight: Kerala Govt to give 400 crores to Adani Group