| Thursday, 21st May 2020, 2:25 pm

സ്പ്രിംക്ലറിനെ ഒഴിവാക്കി; കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുക ഇനി സി ഡിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്പ്രിംക്ലറില്‍ ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമായി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റി. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ല. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇനി മുതല്‍ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.

സ്പ്രിംക്ലര്‍ നല്‍കുന്നതിന് സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്ന് തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും നല്‍കിയ ഹരജികള്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കൊവിഡ് രോഗികളുടെ വിവര വിശകലനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്പ്രിംക്ലര്‍ ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമല്ലെന്നും കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more