തിരുവനന്തപുരത്തെ ഒരു ദൃശ്യമാധ്യമത്തിന്റെ ആസ്ഥാനമന്ദിരം. ഒക്ടോബര്‍ മാസത്തിലെ ഒരു ചാനല്‍ ഡിസ്‌കഷന്‍. അവതാരിക വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് പി.സി.ആറിലേക്ക് മാധ്യമമേലധികാരിയുടെ ഫോണ്‍ സന്ദേശം. അവതാരികയുടെ ശരീരത്തിന്റെ മുന്‍ഭാഗം മറഞ്ഞുനില്‍ക്കുന്ന ലാപ്ടോപ്പ് മാറ്റണം.
പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമിലിരിക്കുന്ന ചിലര്‍ പ്രതിഷേധിച്ചെങ്കിലും മാധ്യമ മുതലാളിയുടെ നിര്‍ദേശം നടപ്പാക്കപ്പെടുക തന്നെ ചെയ്തു. അടുത്ത കൊമേഴ്ഷ്യല്‍ ബ്രെയ്ക്ക് കഴിഞ്ഞ് വാര്‍ത്ത പുനരാരംഭിച്ചപ്പോള്‍ അവതാരികയ്ക്ക് മുന്നിലെ ലാപ്ടോപ്പ് അപ്രത്യക്ഷമായി. ഇത് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ മാത്രം അനുഭവമല്ല. ഇത്തരം പ്രശ്നങ്ങള്‍ പാരമ്യത്തിലെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുഗതകുമാരി അധ്യക്ഷയായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകരായ എം.എസ് ശ്രീകലയും എം. സരിതാ വര്‍മയും മുന്‍മാധ്യമ പ്രവര്‍ത്തകയും എം.എല്‍.എയുമായ വീണാ ജോര്‍ജുമാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കമ്മിറ്റി രൂപീകരിച്ചെങ്കിലും നിലവില്‍ യോഗം ചേര്‍ന്നിട്ടില്ലാത്തതിനാല്‍ പ്രവര്‍ത്തന രീതിയിലും നയവും തീരുമാനിച്ചിട്ടില്ലെന്ന് കമ്മിറ്റി അംഗമായ സരിതാ വര്‍മ പ്രതികരിച്ചു.
“”കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രിന്റ് മീഡിയയില്‍ നിന്നും ചാനലിലേക്ക് വലിയ തോതില്‍ സ്ത്രീകള്‍ എത്തിത്തുടങ്ങി. 20 വര്‍ഷം മുന്‍പ് ഒരു ശതമാനമോ രണ്ട് ശതമാനോ ഉണ്ടായിരുന്ന സ്ത്രീ പ്രാതിനിധ്യം പിന്നെയുള്ള പത്ത് വര്‍ഷത്തിനിടെ നൂറ് ശതമാനം വര്‍ധിച്ചു. അതുകൊണ്ട് ഉണ്ടായിരിക്കുന്ന പൊരുത്തക്കേടുകള്‍ വലുതാണ്. സഹപ്രവര്‍ത്തകര്‍ വനിതാമാധ്യമപ്രവര്‍ത്തകരോട് പെരുമാറുന്ന വിധം, മേലുദ്യോഗസ്ഥര്‍ പെരുമാറുന്ന വിധം, സമൂഹം പെരുമാറുന്ന വിധം ഇതൊക്കെ നമ്മള്‍ അന്വേഷിച്ച് മനസിലാക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍, അതിന്റെ വ്യാപ്തി, ഗാഢത, അതില്‍ എത്രത്തോളം പരിഹാര്യമായതുണ്ട്, തുടങ്ങിയവ അന്വേഷിക്കുകയും കണ്ടെത്തുകയുമാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.””- സരിതാ വര്‍മ പറയുന്നു.
മംഗളം ചാനല്‍, ഫോണ്‍ കെണിയിലൂടെ എല്‍.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗതമ മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെ കുടുക്കിയതോടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാധ്യമസ്ഥാപനങ്ങളിലെ റോള്‍ സംബന്ധിച്ച ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയര്‍ന്നത്. ചാനലിന്റെ നടപടിക്കെതിരെ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ മംഗളം ചാനലിലേക്ക് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. മാധ്യമരംഗത്ത് പൊതുവെ സ്ത്രീവിരുദ്ധത കൂടുതലാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
പുരുഷന്‍മാര്‍ ബ്യൂറോ ചീഫുകളായി ഇരിക്കുന്നിടത്തെല്ലാം സ്ത്രീകളോടുള്ള സമീപത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പലരും പറഞ്ഞ് അറിവുള്ളതായി മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന പറയുന്നു. “”2007 ല്‍ വിഷ്വല്‍മീഡിയ വിട്ട ആളാണ് ഞാന്‍. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി തുടങ്ങിയ ചാനലുകളാണ് അന്ന് ഉള്ളത്. ഞാന്‍ മാധ്യമരംഗം വിടുന്ന കാലത്ത് ചാനലുകള്‍ തമ്മില്‍ മത്സരം മുറുകിയിട്ടില്ല. അതിന് ശേഷമാണ് കൂടുതല്‍ ചാനലുകള്‍ വന്നതും കൂടുതല്‍ സ്ത്രീകള്‍ വന്നതും. പുതുതായി വരുന്നവര്‍ വിളിക്കാറുണ്ട്. അവരുടെ എല്ലാം അനുഭവത്തില്‍ നിന്ന് മനസിലാകുന്ന കാര്യം പുരുഷന്‍മാര്‍ ബ്യൂറോ ചീഫ് ആയി ഉള്ള മിക്ക ഇടങ്ങൡും സ്ത്രീകളോടുള്ള സമീപനത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ്””- ഷാഹിന പറയുന്നു.
സ്ത്രീവിരുദ്ധത
സ്വന്തം കഴിവുകൊണ്ട് ഈ മേഖലയില്‍ എത്തപ്പെട്ടവരാണെങ്കില്‍ പോലും അത് ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറാവുന്നില്ലെന്നതും വലിയ തോതിലുള്ള സ്ത്രീവിരുദ്ധത മാധ്യമരംഗത്ത് നിലനില്‍ക്കുന്നുണ്ടെന്നും വനിതാമാധ്യമപ്രവര്‍ത്തര്‍ പറയുന്നു. ഇത് ശരിവെക്കുന്നതാണ് മാധ്യമപ്രവര്‍ത്തക ശരണ്യമോളുടെ പ്രതികരണവും.
“കഴിവുള്ള സ്ത്രീയായാല്‍ പോലും പ്രീതിപിടിച്ചുപറ്റി കയറിയതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മാധ്യമ സ്ഥാപനങ്ങളില്‍ മേലധികാരികള്‍ പറയുന്നത് അംഗീകരിക്കുകയാണെങ്കില്‍ കുഴപ്പമില്ലാതെ പോകാം. അല്ലാത്തവര്‍ ഫീല്‍ഡ് ഔട്ട് ആകും. തുല്യമായ നീതി എന്നത് മാധ്യമ രംഗത്ത് അംഗീകരിച്ചു തരാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്”. ജെന്റര്‍ ഡിസ്‌ക്രിമിനേഷന്‍ ഏറ്റവും കൂടുതല്‍ ഉള്ള ഒരു മേഖല കൂടിയാണ് ഇത്. വിട്ടുവീഴ്ച നടത്തിയില്ലെങ്കില്‍, ഇങ്ങനെ അല്ലല്ലോ അങ്ങനെയല്ലേ എന്നു ചോദിച്ചാല്‍ പോലും നമ്മള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടും”. ശരണ്യമോള്‍ വിശദീകരിക്കുന്നു.
മാധ്യമമേലധികാരികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ വലിയ തോതില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതായി മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെറിയ തെറ്റുകളെ വലിയ തെറ്റുകളായി ചിത്രീകരിക്കുകയും പിന്നീട് ടാര്‍ഗറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതാണ് പൊതുവിലുള്ള രീതിയെന്നാണ് ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക നിസയുടെ വാക്കുകള്‍
“പൊതുവെ മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ടീമിലിരിക്കുന്നവര്‍ മുഴുവന്‍ പുരുഷന്‍മാരായിരിക്കും. ചിലരോട് ഒരു സ്ഥാപിത താത്പര്യം ഉണ്ടായിരിക്കും. അവരെ ഫേവര്‍ ചെയ്തും അവരെ സന്തോഷിപ്പിച്ചും നില്‍ക്കുകയാണെങ്കില്‍ നല്ലതാണ്. അവിടെയൊന്നും ഒരു വ്യക്തിയെന്ന നിലയില്‍ ജോലി ചെയ്യാന്‍ കഴിയില്ല. അവരെ ഫേവര്‍ ചെയ്യാത്തവരെ പീഡിപ്പിക്കുന്ന സമീപനം ചാനലുകളില്‍ ഉണ്ട്. പ്രതികരിക്കുന്നവരോടുള്ള മനോഭാവം വളരെ മോശമാണ്. ചെറിയ തെറ്റുകളെ വലിയ തെറ്റുകളായി ചിത്രീകരിക്കുകയും പിന്നീട് ടാര്‍ഗറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതാണ് പൊതുവിലുള്ള രീതി- നിസ പറയുന്നു.
കൈകാര്യം ചെയ്യാന്‍ നല്‍കുന്ന വിഷയത്തില്‍ പോലും സ്ത്രീവിരുദ്ധത പ്രകടമാണെന്നാണ് ചിലര്‍ തുറന്നുപറയുന്നത്. “അച്ചടി മാധ്യമങ്ങള്‍ എടുത്താല്‍ അവിടെ റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്കു താരതമ്യേന ദുര്‍ബലമായ ബീറ്റ് നല്‍കും. കല, സാംസ്‌കാരികം, സ്ത്രീ എന്നൊക്കെ അവരുടെ സ്ഥിരം ബീറ്റ് ആണ്. സ്ത്രീ വിഷയങ്ങള്‍ സ്ത്രീകള്‍ റിപ്പോര്‍ട് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍, റേപ് റിപോര്‍ട്ടിങ് പോലുള്ള അതീവ സെന്‍സിറ്റീവ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലാണ് സ്ത്രീകളെ അസൈന്‍ ചെയ്യേണ്ടത്. അത് പക്ഷെ, സ്ത്രീകള്‍ക്ക് കിട്ടില്ല. പകരം, സ്ത്രീകള്‍ക്കുള്ള പരിപാടികള്‍, നൃത്തം, പാട്ട് എന്നിവയൊക്കെ എഴുതി വിടാറാണ് പതിവ്. ഇതിനപ്പുറത്തു, സ്പോര്‍ട്സ്, ഇന്‍വെസ്റ്റിഗേഷന്‍, രാഷ്ട്രീയം എന്നിവ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി കിട്ടില്ല. അതൊന്നും നിങ്ങളേ കൊണ്ട് സാധ്യമല്ല എന്നൊരു പരിഹാസവും ഇതിനൊപ്പമുണ്ട്. അതിനാല്‍ താത്പര്യങ്ങളെയും അഭിരുചികളെയും ട്രെയിന്‍ ചെയ്തു മനോഹരമായ വാര്‍ത്തകള്‍ കൊണ്ട് വരാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല”” പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്താലാണ് ഇത്.
എഡിറ്റര്‍ എന്ന സ്ഥാനത്തിരിക്കുന്ന വനിതകള്‍ക്ക് താരതമ്യേനെ റിസ്‌ക് കുറഞ്ഞ പേജുകള്‍ മാത്രമാണ് നല്‍കുകയെന്നാണ് ചിലര്‍ പറയുന്നത്. ചരമം സ്ഥിരം ചെയ്യുന്നവര്‍ ഉണ്ട്. അല്ലെങ്കില്‍ തൊഴില്‍ അവസരങ്ങളും വിദ്യാഭ്യാസ പേജുകളും നല്‍കും. അല്ലെങ്കില്‍ സ്ഥിരം പ്രാദേശിക പേജ്. ഒരിക്കലും ജനറല്‍ പേജുകള്‍ ചെയ്യാന്‍ അവസരം ഒരുക്കില്ല. മാത്രമല്ല, ഡെസ്‌ക് ഇന്‍ ചാര്‍ജ് ആയി വിരലില്‍ എണ്ണവുന്നവരെയെ സ്ത്രീകളില്‍ നിന്നും കാണാന്‍ കഴിയൂ.
ഉയര്‍ന്ന എഡിറ്റോറിയല്‍ തസ്തികകളിലും ഇതാണ് സ്ഥിതി. സ്ത്രീകളുടെ പങ്കാളിത്തം അടുത്ത കാലത്താണ് വര്‍ദ്ധിച്ചത്, അതിനാല്‍ ആനുപാതികമായ ഉയര്‍ച്ചയെ കാണൂ എന്നൊരു വാദം അവര്‍ മുന്നോട്ടു വെക്കാം. എന്നാല്‍, 14, 15 വര്‍ഷം ആയിട്ടുണ്ടാകും നിരവധി സ്ത്രീകള്‍ ഈ തൊഴില്‍ മേഖലയിലേക്ക് കടന്നു വന്നിട്ട്. അവരുടെ നില പരിശോധിച്ചാല്‍ അവര്‍ ഇപ്പോഴും ലോക്കല്‍ പേജുകളില്‍ കിടക്കുന്നത് കാണാം. പത്രങ്ങളുടെ സപ്ലിമെന്റ്റ് പേജുകളിലോ സ്‌പെഷല്‍ പ്രസിദ്ധീകരങ്ങളിലോ സ്ത്രീകള്‍ നയിക്കുന്ന സംഘം കാണാന്‍ പ്രയാസമാണ്. -അവര്‍ പറയുന്നു.
സ്ത്രീകളെ പരിഗണിക്കുന്നത് കമ്പോളവസ്തുവായി
ദൃശ്യമാധ്യമരംഗത്തേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിന് പിന്നില്‍ വലിയ രീതിയിലുള്ള കമ്പോള താത്പര്യംകൂടിയുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ പറയുന്നത്. നിറംകുറഞ്ഞവരും അവരുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍പ്പെടാത്തവരും പുറന്തള്ളപ്പെടുന്നത് ഇതുകൊണ്ടാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
“മാധ്യമ മേഖലയില്‍ സ്ത്രീകള്‍ വലിയ തരത്തിലുള്ള ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ദൃശ്യമാധ്യമ രംഗത്തേക്ക് സ്ത്രീകളെ കൂടുതലായി എത്തിക്കുന്നതിന് പിന്നില്‍ കമ്പോളതാത്പര്യം കൂടിയുണ്ട്. സ്ത്രീകളെ പരിപോഷിക്കുക, അവരുടെ കഴിവ് ഉപയോഗപ്പെടുത്തുക എന്നതില്‍ ഉപരിയായി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ കമ്പോളതാത്പര്യങ്ങള്‍ ലക്ഷ്യംവെച്ചുള്ള ആവശ്യങ്ങളാണ് ഉണ്ടാകുന്നത്. നിറംകുറഞ്ഞവരും അവരുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍പ്പെടാത്തവരും പുറന്തള്ളപ്പെടുന്നത് ഇതുകൊണ്ടാണ്. നിറംകുറഞ്ഞതിന്റെ പേരില്‍ ചാനലില്‍ മുഖംകാണിക്കാന്‍ പറ്റാത്ത നിരവധിപേരുണ്ട് ഈ രംഗത്ത്. മാധ്യമരംഗം ഇപ്പോള്‍ കൂടുതല്‍ കച്ചവട വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് “ -മാധ്യമപ്രവര്‍ത്തക വി.പി റജീന പറയുന്നു.
ഇതേ അഭിപ്രായം തന്നെ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയും പങ്കുവെക്കുന്നു. “സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ നന്നായി ജോലി ചെയ്യുന്നോ അല്ലെങ്കില്‍ നന്നായി വാര്‍ത്ത വായിക്കുന്നുണ്ടോ എന്നതിലുപരിയായി പലരും ശരീരത്തിന് പ്രാധാന്യം നല്‍കുന്നു. വികലമായ ഒരു മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്ന പല പുരുഷന്‍മാരും ഈ മേഖലയിലുണ്ട്”. അതേസമയം എല്ലാത്തിലും ഒപ്പം നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പുരുഷന്‍മാരായ സഹപ്രവര്‍ത്തകരും ഈ മേഖലയിലുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു.
“”സ്ത്രീകള്‍ മീറ്റിങ് കൂടുന്നതിനിടയ്ക്കും അല്ലാതെയും രഹസ്യമായും പരസ്യമായും സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കു വെക്കാറുണ്ട്. അവര്‍ ആ ഇടങ്ങളില്‍ നിന്നും തിരികെ എത്തുമ്പോഴേക്കും അവരവരുടെ ഓഫിസുകളില്‍ ഇത് ചര്‍ച്ച ആയിട്ടുണ്ടാകും. ഓഫിസില്‍ വന്നു കയറുന്ന മുതല്‍ സഹ പ്രവര്‍ത്തകര്‍ തമാശ മട്ടിലും പരിഹാസമട്ടിലും കളിയാക്കലുകളും മറ്റും നടത്തും. അതിനാല്‍ സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ പലയിടത്തും മൗനം പാലിക്കകയാണ് പതിവ്”” മറ്റൊരു മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തുന്നു.
“പൊതുവെ ഉയര്‍ന്ന തസ്തികകളില്‍ സ്ത്രീ സാന്നിധ്യം, പത്ര സ്ഥാപനങ്ങളെ അപേക്ഷിച്ചു, ടി വി കളിലുണ്ട് എന്നാലും സിന്ധു സൂര്യകുമാറിനെ പോലെ സ്‌പെഷല്‍ പ്രോഗ്രാം കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ കുറവാണ് എന്ന് കാണാം. കാണാന്‍ സൗന്ദര്യം ഉള്ളവര്‍ക്കെ കാമറയുടെ മുന്നിലെക്കു പ്രവേശനം ഉള്ളൂവെന്ന് ഭൂരിപക്ഷം ചാനലുകളിലും നിന്നുള്ള കൂട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കഴിവിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത വായിക്കാന്‍ ഇരിക്കുന്നവര്‍ ഇല്ലെന്നു പറയില്ല. എന്നാല്‍, സൗന്ദര്യം തന്നെയാണ് പ്രധാന മാനദണ്ഡം. അതിനു വിപണി താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കുന്നുണ്ട്. ഏതൊരു ചാനലും തങ്ങളുടെ മുന്നില്‍ ഇരിക്കുന്ന കാണിയെ ആ സ്‌ക്രീനില്‍ പിടിച്ചു നിര്‍ത്താന്‍ പലതും ചെയ്യും. കാണികളില്‍ കൂടുതല്‍ പുരുഷന്മാരാണ് എന്നത് കൊണ്ട് ആ പുരുഷ കാണികളെ പിടിച്ചിരുത്താന്‍ സ്‌ക്രീനില്‍ സൗന്ദര്യവതികളെ കൊണ്ട് വന്നിരുത്തും” അവര്‍ പറയുന്നു.
മാധ്യമരംഗവും കുടുംബവ്യവസ്ഥയും
മാധ്യമരംഗത്ത് സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അത് പക്ഷേ തൊഴിലിടങ്ങളിലെ മാത്രം പ്രശ്‌നമല്ല. കുടുംബവ്യവസ്ഥയുടെ കൂടി പ്രശ്‌നമാണ്. ഇക്കാര്യം ശരിവെക്കുന്നതാണ് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയുടെയും വാക്കുകള്‍.
“”മാധ്യമരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ടത് കുടുംബ വ്യവസ്ഥയുടെ കൂടിയാണ്. കുടുംബ വ്യവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. എല്ലാം ഇപ്പോഴും അങ്ങനെ തന്നെയാണ്. വിഷ്വല്‍മീഡിയയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും പ്രിന്റ് മീഡിയയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും സമയബംന്ധിതമല്ലാത്ത ഒരു ജോലിയാണ് മാധ്യമപ്രവര്‍ത്തനം. സമയബന്ധിതമല്ലാത്ത ജോലി ചെയ്യാനുള്ള ഒരു സ്പേസ് എത്രത്തോളം സ്ത്രീകള്‍ക്കുണ്ട് എന്നതാണ് ഒരു പ്രശ്നം. കുടുംബം എന്നൊരു സംവിധാനത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും നിര്‍വഹിച്ചിട്ടുമാത്രം എക്സ്ട്രാ ടൈം കണ്ടെത്തേണ്ടതിന്റെ സ്ട്രസ്സ് സ്ത്രീകള്‍ക്കുണ്ട്. വിഷ്വല്‍ മീഡിയ ആകുമ്പോള്‍ കുറച്ചുകൂടി ഉണ്ട്. പ്രിന്റ് മീഡിയ ആകുമ്പോള്‍ കുറച്ചുകൂടി അവര്‍ക്ക് സമയക്രമം ഉണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മാധ്യമരംഗത്തെ സ്ത്രീകളുടെ എണ്ണം കുറയുന്നു എന്നുപറയാന്‍ പറ്റില്ല”.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബം എന്ന സംവിധാനം പഴയ പോലെ തന്നെ നിലനില്‍ക്കുന്നത് കൊണ്ടുള്ള ഉള്ള ഇരട്ടി സമ്മര്‍ദ്ദ ത്തെ അഡ്രസ് ചെയ്യാനുള്ള ആലോചനകളൊന്നും നടക്കുന്നില്ല. ഒട്ടും സ്ത്രീ സൗഹൃദപരമല്ലാത്ത ഒരു സമൂഹവും സ്ത്രീ സൗഹൃദപരമല്ലാത്ത തൊഴിലിടങ്ങളും ആണ് എന്നുള്ളതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് വലിയ തോതിലുള്ള വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഷാഹിന പറയുന്നു.
മാധ്യമരംഗത്തേക്ക് വരുന്ന സ്ത്രീകളുടെ കുടുംബ വ്യവസ്ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്നാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ. ബീനയും പറയുന്നു. ” മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ട ഏറ്റവും വലിയ പ്രശ്നം കൃത്യനിഷ്ഠയില്ലാത്ത ജോലി തന്നെയാണ്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇരിക്കുന്നവര്‍ക്കാണെങ്കില്‍ രാത്രി ജോലി ചെയ്യേണ്ടി വരും. എത്ര പുരോഗമനം പറഞ്ഞാലും ആറ് മണിക്ക് മുന്‍പ് സ്ത്രീകള്‍ വീട്ടില്‍ കയറണമെന്ന് വിചാരിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. അവിടെ സുരക്ഷിതമായി ജോലി ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്.
ഈ സമയത്തുള്ള ഹോസ്റ്റലുകള്‍, വീടുകള്‍, ജോലി കഴിഞ്ഞ് ഏത് അര്‍ധരാത്രിയും സുരക്ഷിതത്വത്തോടെ കയറിച്ചെല്ലാവുന്ന ഇടങ്ങള്‍ എന്നിവ അത്യാവശ്യമാണ്. കുടുംബവ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു വിഷയം കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഒരുപ്രായം വരെ കുട്ടികളെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് ഈ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. സ്വന്തം അമ്മയേയോ ഭര്‍ത്താവിന്റെ അമ്മയോ അമ്മയോ അല്ലാതെ മറ്റൊരുസ്ത്രീയുടെ സാന്നിധ്യം ഇല്ലാതെ കൊച്ചുകുട്ടിയെ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാണ് ചിലരെങ്കിലും ജോലി ഉപേക്ഷിച്ചുപോകുന്നത്. കുഞ്ഞിനാണോ ജോലിക്കാണോ പ്രാധാന്യം കൊടുക്കേണ്ടത് എന്ന സംശയത്തില്‍ ജോലി കളഞ്ഞിട്ട് പോകുന്ന നിരവധി പേരെ അറിയാം.
കുഞ്ഞ് വളര്‍ന്നതിന് ശേഷം വീണ്ടും മാധ്യമരംഗത്തേക്ക് തിരിച്ചുവരുമ്പോള്‍ വലിയൊരു ഗ്യാപ് വരും. പുതിയ ഒരുപാട് പേര് മാധ്യമരംഗത്തേക്ക് വന്നിട്ടുണ്ട്. ഇതിനിടയില്‍പെട്ട് ബുദ്ധിമുട്ടും നിരാശയും അനുഭവിക്കുന്ന പലരേയും കണ്ടിട്ടുണ്ട്. ഒരു സമയത്ത് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷുകള്‍ ആരംഭിക്കണമെന്ന് മാധ്യമരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മ ആലോചിച്ചിരുന്നു. അതിനെ കുറിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ സാമ്പത്തികമായതും അല്ലാത്തതുമായ ചുറ്റുപാടുകള്‍ അനുകൂലമല്ലാത്തതുകൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. മാറിമാറി വരുന്ന സര്‍ക്കാരുകളൊക്കെ വനിതാ മാധ്യമ നയം രൂപീകരിക്കാന്‍ വേണ്ടി നമ്മളെയൊക്കെ വിളിച്ചിരുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മറ്റൊരു കാര്യം വിവാഹമാണ്. എത്രയെല്ലാം പുരോഗമനം പറഞ്ഞാലും വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകയാണെന്ന കാരണത്താല്‍ അത് മുടങ്ങിപ്പോകുകയോ അല്ലെങ്കില്‍ സ്വയം വിവാഹം വേണ്ടെന്നുവെക്കുകയോ ആണ് പലരും. പത്രപ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ എന്ന് പറയുമ്പോള്‍ അഭിപ്രായം പറയും എന്നതുകൊണ്ട് തന്നെ പലര്‍ക്കും അവരെ വിവാഹം ചെയ്യാന്‍ ഇഷ്ടമല്ല. അഭിപ്രായം പറയുന്ന സ്ത്രീയെ എന്നും കേരളീയ സമൂഹം ഒരു തീണ്ടാപ്പാടകലെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. വിധേയപ്പെടുന്ന ഒരു സ്ത്രീയെ തന്നെയാണ് ഇപ്പോഴും സമൂഹം ഇഷ്ടപ്പെടുന്നത്””.- ബീന പറയുന്നു.
മാത്രമല്ല മാധ്യമരംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ വിവാഹം ചെയ്യാന്‍ ചിലരെങ്കിലും മടിക്കുന്നുണ്ടെന്നും അഭിപ്രായം പറയുന്ന സ്ത്രീകളെ കുടുംബത്തില്‍ ആവശ്യമില്ലെന്ന ധാരണയാണ് ഇതിന് കാരണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതേക്കുറിച്ചുള്ള കെ.എ ബീനയുടെയുടെ വാക്കുകള്‍ ഇങ്ങനെ..
“”എത്രയെല്ലാം പുരോഗമനം പറഞ്ഞാലും വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകയാണെന്ന കാരണത്താല്‍ അത് മുടങ്ങിപ്പോകുകയോ അല്ലെങ്കില്‍ സ്വയം വിവാഹം വേണ്ടെന്നുവെക്കുകയോ ആണ് പലരും. പത്രപ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ എന്ന് പറയുമ്പോള്‍ അഭിപ്രായം പറയും എന്നതുകൊണ്ട് തന്നെ പലര്‍ക്കും അവരെ വിവാഹം ചെയ്യാന്‍ ഇഷ്ടമല്ല. അഭിപ്രായം പറയുന്ന സ്ത്രീയെ എന്നും കേരളീയ സമൂഹം ഒരു തീണ്ടാപ്പാടകലെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. വിധേയപ്പെടുന്ന ഒരു സ്ത്രീയെ തന്നെയാണ് ഇപ്പോഴും സമൂഹം ഇഷ്ടപ്പെടുന്നത്.””
“ഇന്ന് ആശാവഹമായ രീതിയില്‍ മിടുക്കരായ പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോവാനുള്ള ശ്രമം നടത്തുന്നുണ്ട്. സ്ട്രഗിള്‍ ചെയ്തുകൊണ്ടാണ് പലരും അത് നേടിയെടുക്കുന്നത്. കൂടുതല്‍ വായനയും ചരിത്രബോധവും ഉണ്ടെങ്കില്‍ ഈ മേഖല കീഴടക്കുന്നവരായി അവര്‍ മാറുമെന്നതില്‍ ഒരു സംശയവുമില്ലെന്നും” അവര്‍ പറയുന്നു.
ജോലി സമയവും യാത്രയും
രാത്രി യാത്രക്ക് വാഹനം ഏര്‍പ്പാടാക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തീര്‍ത്തും സുരക്ഷിതമല്ലാത്ത വിധം പലരും കൈവിടാറാണ് പതിവ്. വാഹന സൗകര്യം ചോദിച്ചാല്‍ പിന്നെ ജോലിയെ കാണില്ല. പത്ര കെട്ടുകള്‍ പോകുന്ന വണ്ടിയില്‍ കേറിപോകുന്ന പ്രിന്റ് ജീവനക്കാര്‍ ഉണ്ട്. എന്നാല്‍, ചില സ്ഥാപനങ്ങള്‍ അവ തീരെ ചെറുത് ആണെങ്കിലും രാത്രിയില്‍ താമസ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കും.– ഒരു മാധ്യമപ്രവര്‍ത്തകയുടെ തുറന്നുപറച്ചിലാണ് ഇത്.
ഇതുമാത്രമല്ല വിശ്രമ സ്ഥലമോ ശുചിമുറിയോ ഒന്ന് ചെന്നിരിക്കാനോ വിശ്രമിക്കാനോ ഇടം ഉണ്ടാകാറില്ല മിക്കയിടത്തും. യഥാര്‍ത്ഥത്തില്‍ അത് വളരെ ആവശ്യമായ ഒന്നാണ് സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ നിമിത്തം കുറെ നേരം മൂത്രം പിടിച്ചു വെക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ശുചി മുറികളുടെ അഭാവമോ ഉള്ളവക്കു വൃത്തി ഇല്ലാത്തതോ വെള്ളം ഇല്ലാത്തതോ കാരണം സമയാസമയത്തിനു മൂത്രമൊഴിക്കുന്നതില്‍ നിന്നും സ്ത്രീകള്‍ക്ക് സൗകര്യം കിട്ടാതെ വരുന്നു.
അതുകൊണ്ട് തന്നെ വെള്ളം കുടിക്കാതെ പരമാവധി കഴിയും. വെള്ളം കുടിച്ചാല്‍ മൂത്രശങ്ക കൂടുമല്ലോ. ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലാത്തതു നിര്‍ജലീകരണത്തിനു ഇടയാക്കും. ഇതും ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതില്‍ പ്രധാന പങ്കു വാഹിക്കുന്നണ്ട്. ഗര്‍ഭ കാലം, ആര്‍ത്തവ സമയം എന്നി സമയങ്ങളില്‍ കൂടുതല്‍ ശുചിത്വം ആവശ്യമാണ് എന്നതും ഇതോടൊപ്പം വായിക്കണം.
വേതനത്തിലെ അസമത്വം
മറ്റൊരു പ്രധാനപ്രശ്‌നം എന്നുപറയുന്നത് വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. റിപോര്‍ട്ടിങ് നടത്തുന്നവര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണം താരതമ്യേന കൂടുതല്‍ ആണെന്നും കുറഞ്ഞ വേതനത്തില്‍ എത്ര വേണമെങ്കിലും അവര്‍ ജോലി ചെയ്യുമെന്നതാണ് അതിന്റെ കാരണമെന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാധ്യമപ്രവര്‍ത്തകയുടെ തുറന്നുപറച്ചില്‍.
“”ഞാന്‍ ലോക്കല്‍ ചാനലില്‍ പണിയെടുത്തിരുന്നപ്പോള്‍ എനിക്ക് ശേഷം വന്നു കയറിയ, യോഗ്യത കുറവുള്ള, പ്രവൃത്തി പരിചയം കുറഞ്ഞ പുരുഷ ജേര്‍ണലിസ്റ്റുകള്‍ക്കു എന്നെക്കള്‍ ശമ്പളം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് സാലറി കുറവാണ് എന്നാണ് മാനേജര്‍ പറഞ്ഞത്. പുരുഷ ജേര്ണലിസ്റ്റുകള്‍ സാലറി കുറവാണ് എങ്കില്‍ വേറെ തൊഴിലിന് പോകും. പെണ്ണുങ്ങള്‍ പരമാവധി പിടിച്ചു നില്‍ക്കും എന്ന് മാനേജ് മെന്റുകള്ക്കു അറിയാം””- ഒരു മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.
“”മാധ്യമ മേഖലയില്‍ നമുക്ക് ഒരു പ്രത്യേക സമയമില്ല. നമുക്ക് എട്ടര മണിക്കൂര്‍ തന്നിട്ടുണ്ടെങ്കിലും അതില്‍ എത്ര പേര്‍ എട്ടര മണിക്കൂര്‍ മാത്രം ജോലി ചെയ്യും. നമ്മള്‍ ഔട്ട് പുട്ടിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഒരിക്കലും അവരുടെ ഒപ്പം നില്‍ക്കാനോ അവരോട് മത്സരിക്കാനോ അല്ല. നമ്മള്‍ നമ്മുടെ കാലിബര്‍ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടിയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ എത്ര ഉയര്‍ന്നാലും വിട്ടുവീഴ്ചകള്‍ ചെയ്തില്ലെങ്കില്‍ നൂറ് ശതമാനവും ഫീല്‍ഡ് ഔട്ട് ആയിപ്പോവും. അത് ഒരുപക്ഷേ മാനേജ്മെന്റിന്റെ ഭാഗത്തായിരിക്കാം. അല്ലാതിരിക്കാം. അങ്ങനെയല്ലല്ലോ ഇങ്ങനെയല്ലേ എന്നു ചോദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഒരുപാട് പേരെ കുറിച്ച് അറിയാം. അല്ലെങ്കില്‍ നമ്മളെ ട്രാസ്ഫര്‍ ചെയ്യിക്കുകയും മറ്റും ചെയ്യും- ശരണ്യ പറയുന്നു.
മാധ്യമമേഖലയിലേക്ക് ഇന്ന് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. സ്ത്രീകള്‍ കടന്നുവരുന്നതിന് അനുസരിച്ച് കുറച്ചുകൂടി സ്ത്രീ സൗഹൃദമാകേണ്ട തൊഴിലിടങ്ങള്‍ അങ്ങനെയല്ലാതെ മാറുകയാണ്. പ്രത്യേകിച്ചും വിഷ്വല്‍ മീഡിയയില്‍ നിന്നൊക്കെ ഗുരുതരമായ ആരോപണമാണ് വരുന്നത്.
പലരും സ്വകാര്യ സംഭാഷണങ്ങളില്‍ തൊഴില്‍പീഡനങ്ങളെ കുറിച്ച് പങ്കുവെക്കാറുണ്ടെന്ന് മാധ്യമപ്രവര്‍ത്തക വി.പി റജീന പറയുന്നു. “”ലിംഗപരമായ വിവേചനം, ജാതീയപരമായ വിവചനം അതുപോലെ സാമ്പത്തികമായിട്ടുള്ള വിവേചനം തുടങ്ങി പല പ്രശ്‌നങ്ങളും അവര്‍ അനുവഭിക്കുന്നുണ്ട്. എന്നാല്‍ കുറേക്കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തേക്ക് പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്.
പെണ്‍കുട്ടികള്‍ പഴയപോലെ എല്ലാംഉള്ളിലൊതുക്കി നില്‍ക്കാന്‍ തയ്യാറാവുന്നില്ല. ഏത് മേഖലയിലുള്ള സ്ത്രീകളായാലും അവര്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. മാധ്യമമേഖലയില്‍ നടക്കുന്ന തൊഴില്‍പീഡനങ്ങള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ അവര്‍ തയ്യാറാണ്. ഇത് കേള്‍ക്കാനും നടപടിയെടുക്കാനും എത്രത്തോളം മാനേജ്‌മെന്റുകളും അവര്‍ക്കൊപ്പം ജോലി ചെയ്യുന്ന പുരുഷമാധ്യമപ്രവര്‍ത്തകരും തയ്യാറാവുന്നുണ്ട് എന്നത് ആലോചനാവിധേയമാക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല.എങ്കിലും ഇതരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നതിന്റെയും മറ്റും പേരില്‍ ഈ ഫീല്‍ഡില്‍ നിന്നും വിട്ടുപോകേണ്ടി വന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സമൂഹത്തിന് കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന പ്രതിഭകളായ സ്ത്രീകള്‍ അങ്ങനെ വിട്ടുപോകേണ്ടി വരുന്ന അവസ്ഥ നിലവിലുണ്ട്. നിവൃത്തികേടുകൊണ്ട് പലരും നില്‍ക്കുകയാണ്. കിട്ടിയ തൊഴില്‍ നഷ്ടപ്പെടുത്താതിരിക്കാനും സാമ്പത്തികമായ പ്രശ്‌നങ്ങളും കാരണം പലരും പിടിച്ചുനില്‍ക്കുന്നു. “വി.പി റജീന പറയുന്നു.
2017 ഏപ്രില്‍ 1 മുതലാണ് മെറ്റേണിറ്റി ബെനഫിറ്റ്(ഭേദഗതി) ആക്ട് പ്രാബല്യത്തില്‍ വന്നത്. 2017 മാര്ച്ച് 31 നാണ് തൊഴില്‍ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വേണ്ടി മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്റ്റില്‍ ഈ ഭേദഗതി കൊണ്ടുവന്നത്. ഫാക്ടറികള്‍, ഖനികള്‍, കടകള്‍, അല്ലെങ്കില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും മെറ്റേണിറ്റി ലീവ് അനുവദിച്ചുകൊണ്ടുള്ള ഭേദഗതിയായിരുന്നു ഇത്. വീട്ടിലിരുന്നും ജോലി ചെയ്യാം എന്നതായിരുന്നു ഈ ആക്ടിലെ പ്രധാന ഭേദഗതി. 2017 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലായിരുന്നു ഇത്. അതുപോലെ 12 ആഴ്ചവരെയുള്ള അവധി 26 ആഴ്ചവരെയാക്കയാണ് പുതിയ ഭേദഗതിയില്‍ നിര്‍ദേശിച്ചിരുന്നത്.
ഈ നിയമം അനുസരിച്ചു എല്ലാ സ്ത്രീകളും ഈ നിയമത്തിന്റെ പരിധിയില്‍ വരേണ്ടതുണ്ട്. ഈ നിയമം അനുസരിച്ചു സ്ഥാപനം നല്‌കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് തൊഴിലാളികളെ അറിയിക്കാനും വ്യവസ്ഥ ഉണ്ട്. എന്നാല്‍, ഈ നിയമം പത്രക്കാര്‍ക്ക് ബാധകമല്ല എന്നാണു പല മാനേജ്‌മെന്റുകളും പറയുന്നത്. മെറ്റെര്‍ണിറ്റി ലീവ് അപേക്ഷിക്കുന്നവരോട് പിരിഞ്ഞു പോകാനും പിരിഞ്ഞു പോകാത്തവരോട് മൂന്നു മാസം എന്ന കുറഞ്ഞ കാലാവധി പോലും എടുക്കാന്‍ സമ്മതിക്കാതെയും മാനേജ്മെന്റുകള്‍ ദുരിതത്തിലാക്കുന്നുണ്ട്. പുതിയ നിയമ പ്രകാരം ആറു മാസം കൊടുക്കണം. എന്നാല്‍ ഈ നിയമം നമുക്ക് ബാധകമാണോ അല്ലയോ എന്നുള്ളതില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
പരാതി പരിഹാര കമ്മിറ്റികള്‍
പത്തു ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ യൂണിറ്റുകളില്‍ പരാതി നല്‍കാനും മറ്റുമായി ഇന്റേണല്‍ കമ്മിറ്റി വേണമെന്നത് നിയമമാണ്. ഒരു സ്ത്രീയെ ഉള്ളൂവെങ്കിലും മൊത്തം ജീവനക്കാരുടെ എണ്ണം പത്തുള്ള എല്ലാ യൂണിട്ടിലും ഇന്റേണല്‍ കമ്മിറ്റി വേണം എന്നാണ് നിയമം. എന്നാല്‍ പല സ്ഥാപനങ്ങളിലും അത്തരം കമ്മിറ്റികള്‍ ഇല്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ഇത് ശരിവെക്കുന്നതാണ് നിസയുടേയും വാക്കുകള്‍.” മാധ്യമ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി പോലുള്ളവ അത്യാവശ്യമാണ്. പല സ്ഥാപനത്തിലും അതില്ല. ഓരോ മാധ്യമസ്ഥാപനത്തിലും ഒരു ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി വേണമെന്ന് നിയമം അനുശാസിക്കുന്നതാണ്. എന്നാല്‍ പലയിടത്തും അതില്ല. കമ്മിറ്റിയുണ്ടെങ്കില്‍ തന്നെ അത് കൃത്യമായല്ല പ്രവര്‍ത്തിക്കുന്നത്. കമ്മിറ്റിക്ക് അകത്തുള്ള ആളുകള്‍ക്ക് പോലും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അങ്ങനെയൊരു കമ്മിറ്റി വേണം എന്നതാണ് എന്റെ അഭിപ്രായം.”
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് ആഭ്യന്തര കമ്മിറ്റികള്‍ വേണം എന്ന നിയമം ഉണ്ട്. എന്നാല്‍ എത്ര സ്ഥാപനങ്ങളിലുണ്ട് എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന ഇടങ്ങളിലെ ഉള്ളൂ. അത് തന്നെ ഒരു യൂണിറ്റില്‍ മാത്രം ഒതുക്കും.അതായതു സര്‍ക്കാര്‍ വിവരം ചോദിച്ചാല്‍ ഉണ്ടല്ലോ എന്ന് പറയാന്‍ മാത്രം.
“പത്തു ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍, യൂണിറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. അതാണ് നിയമം. പത്ത് സ്ത്രീകള്‍ ഉണ്ടെങ്കിലേ ആ കമ്മിറ്റി വേണ്ടൂ എന്നാണ് പലയിടത്തും പറയുന്നത്. എന്നാല്‍ ഒരു സ്ത്രീയെ ഉള്ളൂവെങ്കിലും മൊത്തം ജീവനക്കാരുടെ എണ്ണം പത്തുള്ള എല്ലാ യൂണിട്ടിലും വേണം എന്നാണ് നിയമം” ഒരു മാധ്യമപ്രവര്‍ത്തക പറയുന്നു. ഇനി ലൈംഗിക അതിക്രമം എന്താണ് എന്ന് കൃത്യമായി അറിയാത്ത സ്ത്രീകള്‍ കൂടിയുണ്ട്. പൊതുവായ നിയമം പറയുന്ന കാര്യങ്ങളും തൊഴിലാളി ആയ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമം സംബന്ധിച്ച തരം തിരിവുകളും ഉണ്ട്. നോട്ടം, ഭാവം, സ്പര്‍ശം, ആവശ്യപ്പെടല്‍, നിര്‍ബന്ധിക്കല്‍ ഒക്കെ ലൈംഗിക അതിക്രമത്തില്‍ വരും എന്ന് സാധാരണ കാര്യത്തില്‍ നമുക്കറിയാം- അവര്‍ വ്യക്തമാക്കുന്നു.
“ആന്റി ഹറാസ്‌മെന്റ് സെല്ലുകള്‍ രൂപീകരിക്കുക എന്നത് നിയമമാണ്. പലയിടത്തും അതില്ല. ഉണ്ടെങ്കില്‍ തന്നെ അത് നാമമാത്രമാണ്. അതില്‍ നിന്നും മാറി ഇത്തരം പരാതികള്‍ വരുമ്പോള്‍ നിയമാനുസൃതമായി നടപടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ അത് മാറണം. പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ മാനേജ്‌മെന്റുകള്‍ അലംഭാവം കാണിക്കുന്ന കേസുകള്‍ ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ നീതിപൂര്‍വം പരാതിയില്‍ നടപടിയെടുക്കണമെന്ന്” മാധ്യമപ്രവര്‍ത്തക വി.പി റജീനയും അഭിപ്രായപ്പെടുന്നു.
“”ജീവന് ഭീഷണിപോലുള്ള ഘട്ടത്തില്‍ പ്രത്യേകിച്ചും ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കുകയാണ്. സ്ത്രീകളുടെ മേല്‍ക്കാണ് ഈ പറഞ്ഞ ഭരണകൂടവും കോര്‍പ്പറേറ്റുകളും തിരിയുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരേക്കാളും കൂടുതലായിട്ട് പ്രതിബ്ധതയോടെ വളരെ അഗ്രസ്സീവായി ആരെയും പേടിക്കാതെ നിലയുറപ്പിക്കുന്ന സാഹചര്യമുണ്ട്. അവിടെ സ്വാഭാവികമായും ഇല്ലാതാക്കുക എന്ന നയത്തിലേക്കാണ് അവര്‍ പോകുന്നത്. നമ്മള്‍ വെറും പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങിയാല്‍ മതിയാവില്ല. അടഞ്ഞ സമൂഹമായിട്ടാണ് നമ്മള്‍ ഇന്ന് നില്‍ക്കുന്നത്. അങ്ങനെയല്ലാതെ പൊതുസമൂഹത്തിന്റെ കൂടി ബാധ്യതയായി നമ്മുടെസുരക്ഷ മാറണം. അതിന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് തോന്നുന്നത്. മാധ്യമലോകം നമുക്ക് മാത്രമുള്ളതല്ല. അത് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ കൂടിയാണ്. ജനങ്ങള്‍ക്ക് വേണ്ടി ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട ഒരു പ്ലാറ്റ്‌ഫോമാണ്. ഇത് ഞങ്ങളുടെ കൂടിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്ന തരത്തിലേക്ക് ഇത് മാറ്റിയെടുക്കേണ്ടതുണ്ട്.
അതിന് എല്ലാ അര്‍ത്ഥത്തിലും, എന്തൊക്കെ ചെയ്യണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായിട്ടും പത്രപ്രവര്‍ത്തക യൂണിയന്റെ പരിപാടികളിലും ആലോചിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അങ്ങനെ ഉണ്ടാകുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഈ വിഷയത്തില്‍ കുറച്ചുകൂടി ജാഗ്രതയോടെ ഇടപെടാനും നോക്കിക്കാണാനും തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹമായ കാര്യമാണ്””- കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന സമിതി അംഗം കൂടിയായ വി.പി റജീന പറയുന്നു.
മാധ്യമരംഗത്തേക്ക് ഇത്രയേറെ സ്ത്രീകള്‍ ഒന്നിച്ചുവരുമ്പോള്‍ സമൂഹവും അതിനേക്കാള്‍ അപ്പുറം മാധ്യമസ്ഥാപനങ്ങളും നടത്തേണ്ട മുന്നൊരുക്കവും മനസൊരുക്കവും ഉണ്ട്. ആ ഒരുക്കവും അത് അനുസരിച്ചുള്ള ക്രമീകരണവും ഉണ്ടാകുന്നതിനേക്കാള്‍ വേഗത്തില്‍ ഈ രംഗത്തേക്ക് വളരെ പുരോഗമനമനസ്‌കരായ സ്ത്രീകള്‍ വന്നെന്നും ആ ഒരു ടൈം ഗ്യാപ് വളരെയധികം പല മേഖലകളിലും പ്രതിഫലിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തക സരിത വര്‍മ പറയുന്നു.
വുന
അതേസമയം മാധ്യമേഖലയില്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമരംഗത്ത് സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ പറ്റില്ല എന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും പ്രിന്റ് മേഖലയെ അപേക്ഷിച്ച് വളരെ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉള്ളത് വിഷ്വല്‍ മീഡിയയില്‍ ഉണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ തുറന്നുപറയുന്നുണ്ട്.
ഇത് ശരിവെക്കുന്നതാണ് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയുടേയും വാക്കുകള്‍. “” പ്രിന്റിങ് മേഖല ഇപ്പോഴും ഒരുപരിധി വരെ പുരുഷന്‍മാരുടെ മേഖലയായിട്ട് തന്നെയാണ് പോകുന്നത്. വിഷ്വല്‍ മീഡിയയില്‍ ഒരുപാട് സ്ത്രീകളുണ്ട്. സ്ത്രീകള്‍ കൊഴിഞ്ഞുപോകുന്നു എന്നത് അസംപ്ഷനാണ്.അതില്‍ ഒരു പഠനമൊന്നും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഡാറ്റയുടെ അടിസ്ഥാനത്തില്‍ അത് പറയാന്‍ കഴിയുമോ എന്നറിയില്ല. പലരും മാധ്യരംഗത്ത് നിന്ന് പോകുന്നുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ പേര്‍ വരുന്നുമുണ്ട്.- ഷാഹിന പറയുന്നു.
അതേസമയം മാധ്യമരംഗത്ത് സ്ത്രീകള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാതൃഭൂമി ചാനല്‍ മേധാവി എം.വി ശ്രേയാംസ്‌കുമാര്‍് പറഞ്ഞു.
“ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ഇത്രയും കാലത്തിനിടെ ഒരു പരാതി മാത്രമാണ് ലഭിച്ചത്. അത് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്റേണല്‍ കമ്മിറ്റിയും ഇവിടെയണ്ട്. സ്ത്രീസൗഹാര്‍ദ്ദപരമായ അന്തരീക്ഷം തന്നെയാണ് ഞങ്ങളുടെ സ്ഥാപനത്തിലുള്ളത്.
നൂറ് കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്നുമുണ്ട്. എന്നാല്‍ പല സ്ഥലങ്ങല്‍ും സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി കേട്ടിട്ടുണ്ട്. സൂപ്പീരിയേഴ്‌സിന്റെ ചില ഇടപെടലുകള്‍ മൂലം പല സ്ത്രീകളും പ്രശ്‌നങ്ങള്‍ നേരിടുന്നതായും കേട്ടിട്ടുണ്ട്. എന്നാല്‍ അവയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറവാണ്. പരാതിപ്പെടാനായി മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണവും കുറവാണ്. പരാതി നല്‍കുന്നവരെ സംരക്ഷിക്കുക എന്നത് മാനേജ്‌മെന്റിന്റെ ചുതലയാണ്. പലരും ഭയന്നിട്ട് പരാതി കൊടുക്കില്ല. ഞങ്ങളെ സംബന്ധിച്ച് അത്തരം എന്ത് പരാതി ലഭിച്ചാലും ന്യായത്തിന്റെ പക്ഷത്ത് മാത്രമേ നില്‍ക്കുള്ളൂ”” -എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
അതേസമയം മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ നിന്നുള്ള പരാതികളൊന്നും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും മജീദി വേജ് ബോര്‍ഡുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട് ലേബര്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ പ്രതികരിച്ചു.
മാധ്യമങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും ലഭ്യതയും വര്‍ധിപ്പിക്കുക, തീരുമാനം എടുക്കുന്ന സ്ഥാനങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കുക, സമതുലിതവും പരമ്പരാഗത വാര്‍പ്പു മാതൃകകളില്‍ അല്ലാത്തതുമായ ചിത്രീകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ഐക്യരാഷ്ട്ര സഭയുടെ സ്ത്രീകള്‍ക്കായുള്ള കമ്മീഷന്‍ 1995-ല്‍ ബീജിങ്ങില്‍ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനം മുന്നോട്ടുവെച്ചത്. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് എത്രകണ്ട് സാക്ഷാത്കരിച്ചിട്ടുണ്ടെന്ന് വിലയിരുത്തുമ്പോള്‍ വലിയ പുരോഗതിയൊന്നും അതില്‍ കാണാനില്ല. മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് നീതിപൂര്‍വ്വകവും സമതുലിതവുമായ പരിഗണന എന്നത് മനുഷ്യാവകാശമാണ് എന്ന തിരിച്ചറിവ് ഇനിയും വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
മാധ്യമരംഗത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും തീരുമാനങ്ങളെടുക്കാനും മാധ്യമനയത്തെ സ്വാധീനിക്കാനും ഇവര്‍ക്ക് എത്രത്തോളം കഴിയുന്നു എന്ന ചോദ്യം ഇന്നും അവശേഷിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളില്‍ പോലും ഉള്ളടക്കവും സമീപനവും തീരുമാനിക്കുന്നത് പുരുഷന്മാരാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിട്ടും സ്ത്രീകളുടെ അവകാശങ്ങള്‍ പ്രത്യേകിച്ചും മാധ്യമ മേഖലയില്‍ ഹനിക്കപ്പെടുന്നതിനെ വിരോധാഭാസമെന്നേ പറയാനൊക്കൂ. സ്ത്രീ എന്ന പേരിലുള്ള അവഗണന, അവസരസമത്വമില്ലായ്മ, ലിംഗ വിവേചനം, ജോലി സ്ഥലങ്ങളിലെ പീഡനം, സഞ്ചാര സ്വാതന്ത്ര്യമില്ലായ്മ, രാത്രികാല സുരക്ഷയില്ലായ്മ, ആണ്‍-പെണ്‍ കൂലികളിലെ വ്യത്യാസം, തുടങ്ങി മാധ്യമരംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇക്കാര്യങ്ങളൊന്നും വേണ്ടവിധത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്നില്ലെന്ന് മാത്രമല്ല ഇത് ചര്‍ച്ചയാക്കാന്‍ ഒരു മാധ്യമങ്ങളും തയ്യാറാവില്ലെന്നതുകൂടിയാണ് വസ്തുത.