| Tuesday, 4th September 2018, 4:19 pm

പ്രളയത്തിന്റെ മറവില്‍ 'വിളപ്പില്‍ശാല'കളുണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കം: ഉറവിട മാലിന്യ സംസ്‌കരണം അട്ടിമറിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്നതില്‍ നിന്ന് മാറി കേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. മാലിന്യ സംസ്‌കരണം അങ്ങേയറ്റം വികേന്ദ്രീകൃതമായും തദ്ദേശീയമായും സംസ്‌കരിക്കുന്ന മാതൃകകള്‍ ലോകം പരക്കെ അംഗീകരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

മാലിന്യ സംസ്‌കരണ അധികാരം നഗരസഭകളുടെ ചുമതലയില്‍ നിന്ന് മാറ്റാനുള്ള മന്ത്രിസഭാ യോഗതീരുമാനം ഇതിന്റെ ആദ്യപടിയാണെന്നാണ് വിലയിരുത്തല്‍. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 326ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പ്രളയശേഷമുള്ള മാലിന്യനീക്കത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് സര്‍ക്കാര്‍ വാദം.

നിയമഭേദഗതി വരുന്നതോടെ മാലിന്യസംസ്‌കരണത്തിന്റെ ചുമതല വ്യവസായ വകുപ്പിനെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഒരിടത്തും വിജയം കാണാത്ത മാലിന്യത്തില്‍ നിന്നും ഊര്‍ജം എന്ന പദ്ധതി കൊണ്ടുവരാനാണ് വ്യവസായ വികസന കോര്‍പ്പറേഷന്‍ നീക്കം നടത്തുന്നത്. ഇതിനായി ഏജന്‍സിയെ ക്ഷണിച്ചുകൊണ്ട് കെ.എസ്.ഡി.സി കഴിഞ്ഞദിവസം പരസ്യം ചെയ്തിരുന്നു.

മാലിന്യസംസ്‌കരണത്തിനായി ശുചിത്വമിഷന്‍ എന്ന സ്ഥാപനമുള്ളപ്പോഴാണ് വ്യവസായ വകുപ്പിനു കീഴില്‍ കെ.എസ്.ഐ.ഡി.സിയെ ഉപയോഗിച്ച് ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ നടത്തുന്നത്.

സാമ്പത്തിക ബാധ്യതയടക്കമുള്ള കാരണങ്ങളാല്‍ പരീക്ഷിച്ച വിദേശരാജ്യങ്ങളിലടക്കം പിന്നീട് വേണ്ടെന്നുവെച്ച പദ്ധതിയാണ് മാലിന്യം ഊര്‍ജ്ജോല്പാദനത്തിനായി ഉപയോഗിക്കുകയെന്നത്.സാമ്പത്തിക നഷ്ടം, വായുമലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതിന്റെ പ്രധാന വെല്ലുവിളിയായി 2015ല്‍ ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രളയം കാരണം കനത്ത സാമ്പത്തിക തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്.

മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്ന നിലവിലെ രീതി നല്ലരീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രളയത്തിന്റെ മറപിടിച്ച് അതിനെ പാടേ അട്ടിമറിക്കുന്ന ഒരു പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഉറവിട മാലിന്യ സംസ്‌കരണ രീതി കൊണ്ടുവന്നതിലൂടെ നഗരത്തിലെ മാലിന്യങ്ങള്‍ പകുതിയിലേറെയും അവിടെ തന്നെ സംസ്‌കരിക്കാവുന്ന സ്ഥിതി സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാല തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവുക.

ആറുവര്‍ഷം മുമ്പ് മനുഷ്യന് ഒരുതരത്തിലും ജീവിക്കാന്‍ കഴിയാത്ത ഒരിടമായിരുന്നു വിളപ്പില്‍ ശാലയെന്നാണ് വിളപ്പില്‍ശാല സമരസമിതി ചെയര്‍മാന്‍ ബുര്‍ഹാന്‍ പറയുന്നത്. “2012 ഡിസംബര്‍ മുതലാണ് വിളപ്പില്‍ ശാലയിലേക്ക് മാലിന്യ ലോറികള്‍ വരുന്നത് അവസാനിച്ചത്. അതിനു മുമ്പ് ദിവസം നാല്‍പ്പത് അന്‍പത് ലോഡ് ലോറികളായിരുന്നു വന്നുകൊണ്ടിരുന്നത്. ചില ദിവസങ്ങളില്‍ അതിനേക്കാള്‍ കൂടുതലുണ്ടാവും. അന്ന് പ്രദേശവാസികളായ ഞങ്ങളുടേത് അതിഭീകരമായ അവസ്ഥയായിരുന്നു. ഒരു മനുഷ്യ ജന്മങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. കിടന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഏറ്റവും ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഏറ്റവും അടിസ്ഥാനമായ വായു പോലും നേരെ ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ.

മുമ്പുണ്ടായിരുന്ന മാലിന്യങ്ങള്‍ അവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആറുവര്‍ഷത്തോളമായി മാലിന്യങ്ങളൊന്നും വരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. അല്ലായിരുന്നെങ്കില്‍ ഇതിലും എത്രയോ ഭീകരമാകുമായിരുന്നു അവസ്ഥ. ” അദ്ദേഹം വിശദീകരിക്കുന്നു.

വിളപ്പില്‍ശാലയില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് കോടതി തടഞ്ഞതിനു പിന്നാലെ ഉറവിട മാലിന്യ സംസ്‌കരണ രീതിയാണ് തിരുവനന്തപുരം നഗരസഭ പിന്തുടരുന്നതെന്ന് നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. “ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണം നടത്തുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. നഗരസഭയ്ക്കു കീഴിലെ ഹെല്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കുന്നത്. എയറോബിക് ബിന്നുകളുണ്ട്. ബയോ ഗ്യാസ് പ്ലാന്റുകളുണ്ട്. പ്ലാസ്റ്റിക് പ്രത്യേകം സ്വീകരിക്കാനുള്ള സംവിധാനങ്ങളുണ്ട്. നല്ല സുഖമമായ രീതിയില്‍ ഇത് നടന്നുപോകുന്നുണ്ട്.” എന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more