കൊച്ചി: മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒ.ടി.ടി പ്ലാറ്റ് ഫോം നിര്‍മ്മിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു പ്ലാറ്റ്‌ഫോം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും ഇതിന്റെ മോശം വശങ്ങളും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതികള്‍ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ടന്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകളായി തുടങ്ങിയ ഓഡിയോ – വീഡിയോ ഹോസ്റ്റിംഗ്, സ്ട്രീമിംഗ് സേവനങ്ങളാണ് ഒ.ടി.ടി അഥവ ഓവര്‍ ദി ടോപ്. പിന്നീട് അതിവേഗം ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്ററി, വെബ്സീരിസ് മുതലായവയുടെയും നിര്‍മാണത്തിലേക്കും സംപ്രേഷണത്തിലേക്കും വ്യാപിച്ചു.