തിരുവനന്തപുരം: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം. ബില്ലിന്റെ കരട് പൊതുജന അഭിപ്രായത്തിന് പ്രസിദ്ധീകരിക്കും
ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര, നിയമ വകുപ്പുകളുടെ യോഗം ബുധനാഴ്ച ചേരും. നിയമ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശകളിലാണ് ചര്‍ച്ച നടക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ നിയമ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് ബില്ല് സമര്‍പ്പിച്ചിരുന്നു. അതോടൊപ്പം രണ്ട് സ്വകാര്യ ബില്ലുകളും, മുന്‍ ഡി.ജി.പി ഹേമചന്ദ്രന്‍ തയ്യാറാക്കിയ നിയമത്തിന്റെ കരടും സര്‍ക്കാരിന്റെ പക്കലുണ്ട്. ഇതിന്മേലാണ് ചര്‍ച്ചകള്‍ നടക്കുക.
നിയമപരിഷ്‌കാര കമ്മീഷന്‍ നല്‍കിയ ബില്ല് പൂര്‍ണമായും നടപ്പാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ തടയാനുള്ള ശിപാര്‍ശകള്‍ വരെ ബില്ലിലുണ്ട്. ഈ സാഹചര്യത്തില്‍ പല ഭാഗത്ത് നിന്നും ബില്ലിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് വലിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ബാക്കി നടപടികള്‍ ഉണ്ടാകുക.
ഭക്തിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള തരത്തിലായിരിക്കും ബില്ലിന്മേല്‍ ചര്‍ച്ചകള്‍ നടക്കുക.
Content Highlight: Kerala Govt moves to bring bill against Black Magic