തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
ഗുരുതരായ ഭരണഘടനാവിഷയമാണ് കാര്‍ഷിക ബില്ല് ഉയര്‍ത്തുന്നതെന്നും മന്ത്രിസഭായോഗം നിരീക്ഷിച്ചു.
ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
ബില്ലിനെതിരെ പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരടക്കമുള്ള എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.
എം.പിമാരെ തിരിച്ചെടുക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് എം.പി ഗുലാം നബി ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.
രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്.
രവിശങ്കര്‍പ്രസാദിന് മറുപടിയുമായി സി.പി.ഐ.എം എം.പി എളമരം കരീം രംഗത്തെത്തിയിരുന്നു. ഇനിയങ്ങോട്ടുള്ള കാലം മുഴുവന്‍ സസ്പെന്‍ഷനിലായാലും കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ മുട്ടുമടക്കില്ലെന്ന് എളമരം കരീം പറഞ്ഞു.
‘സസ്പെന്‍ഡ് ചെയ്യപ്പെട്ട എട്ടുപേരില്‍ ആരെങ്കിലും ഒരാള്‍ മാപ്പ് പറഞ്ഞാല്‍ നടപടി പിന്‍വലിച്ച് തിരിച്ചെടുക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒടുവില്‍ അറിയിച്ചത്. ഒരാളല്ല, അരയാളുപോലും മാപ്പ് പറയാന്‍ പോകുന്നില്ല.’, എളമരം കരീം പറഞ്ഞു.
കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള സമരമാണിതെന്നും ജനാധിപത്യത്തെയും പാര്‍ലമെന്റ് നടപടിക്രമങ്ങളെയും ചവിട്ടിമെതിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും കരീം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക