തിരുവനന്തപുരം: മാസ്‌ക് നിര്‍ബന്ധമാക്കി കേരളാ സര്‍ക്കാര്‍ വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. സാനിറ്റൈസര്‍ ഉപയോഗവും കര്‍ശനമാക്കി. ഒരു മാസത്തേക്കാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഉത്തരവ്.
പൊതുസ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
ജനുവരി 12 എന്ന തിയ്യതിവെച്ചുള്ള വിജ്ഞാപനമാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടേതായി പുറത്തുവന്നിട്ടുള്ളത്. എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും സാനിറ്റൈസര്‍ സൗകര്യം ഉറപ്പുവരുത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കണമെന്നും കടകളും സ്ഥാപനങ്ങളും സാനിറ്റൈസര്‍/സോപ്പുകള്‍ നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
‘പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണം.
സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നല്‍കണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണം,’ വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍, കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലല്ല നിലവിലെ ഉത്തരവെന്നും നേരത്തെയുള്ള വിജ്ഞാപനം പുതുക്കുകയാണെന്നുമാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
Content Highlight: Kerala govt issues notification making use of masks mandatory