മുണ്ടക്കൈ-ചൂരല്‍ മല ദുരന്തം; കേന്ദ്ര അവഗണനയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രക്ഷോഭത്തിലേക്കെന്ന് എം.വി.ഗോവിന്ദന്‍
Kerala News
മുണ്ടക്കൈ-ചൂരല്‍ മല ദുരന്തം; കേന്ദ്ര അവഗണനയ്‌ക്കെതിരെ സര്‍ക്കാര്‍ പ്രക്ഷോഭത്തിലേക്കെന്ന് എം.വി.ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2024, 7:35 pm

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ ധനസഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനം പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഈ മാസം 15 മുതല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു.

തൃശൂരില്‍ ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ എല്‍.ഡി.എഫ് ആണെന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടന്നെന്നും എന്നാല്‍ യു.ഡി.എഫ് ക്രിസ്ത്യന്‍ വോട്ടുകളടക്കം മറിച്ചതാണ് ബി.ജെ.പിയുടെ വിജയത്തിന് പിന്നിലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴും മതരാഷ്ട്രവാദത്തിനെതിരെ ശക്തമായനിലപാട് സ്വീകരിച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും മതേതര വാദികള്‍ക്കിടയിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ടെന്നും,  അതുകൊണ്ട് തന്നെ ആര്‍.എസ്.എസിന്റെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റുകാര്‍ ആണെന്നും എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കൂടാതെ ഇസ്രഈല്‍ അധിനിവേശത്തിനെതിരെ സി.പി.ഐ.എം ഒക്ടോബര്‍ ഏഴിന് യുദ്ധവിരുദ്ധദിനമായി ആചരിക്കുമെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും അന്നേ ദിവസം യുദ്ധവിരുദ്ധ ക്യാമ്പയിനുകള്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ എം.വി.ഗോവിന്ദന്‍ പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയും ഉദ്യോഗസ്ഥ വീഴ്ച്ചയുണ്ടായതായും സമ്മതിച്ചു. കൂടാതെ എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയില്‍ അന്വേഷണം അവസാനഘട്ടത്തില്‍ ആണെന്നും ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്ക് പി.ആര്‍.ഏജന്‍സി ഇല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആവര്‍ത്തിച്ച എം.വി. ഗോവിന്ദന്‍ മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും വീണ്ടും സംശയമുണ്ടാക്കുന്ന പ്രചാരവേലകള്‍ മാധ്യമങ്ങള്‍ നടത്തുകയാണെന്നും ആരോപിച്ചു.

Content Highlight: Kerala Govt. is protesting against central governments neglect over Wayanad landslide