| Tuesday, 9th August 2022, 10:25 pm

നഞ്ചിയമ്മയെ ആദരിച്ച് കേരള സര്‍ക്കാര്‍; ഗോത്രവര്‍ഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ച് കേരള സര്‍ക്കാര്‍. കേരളത്തിലെ ഗോത്രവര്‍ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഇത്തവണത്തെ ദിനാചരണത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഞ്ചിയമ്മക്കൊപ്പമുള്ള ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗോത്രജനതയുടെ അമൂല്യമായ സംസ്‌കാരവും അറിവുകളും പ്രാധാന്യത്തോടെ കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി ഫലപ്രദമയ നയങ്ങള്‍ നടപ്പാക്കേണ്ടതുമുണ്ട്.
ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നത്. അതിന്റെ ഭാഗമായി ആദിവാസി ജനവിഭാഗത്തിന്റെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ഭൂമി, പാര്‍പ്പിടം തുടങ്ങിയ നിരവധി ആവശ്യങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യത്തു തന്നെ ആദ്യമായി ആദിവാസി ക്ഷേമത്തിനായി ജനസംഖ്യാനുപാതത്തെക്കാള്‍ ഉയര്‍ന്ന തുക മാറ്റിവെക്കുന്ന
രീതിക്ക് തുടക്കമിട്ടത് ഈ സര്‍ക്കാരാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ 735 കോടി രൂപയാണ് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 57 കോടി രൂപ അധികമാണ്.

വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സമൂഹസൃഷ്ടിക്കായി ഏറ്റവുമധികം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയും സഹകരണവും പൊതുസമൂഹത്തില്‍ നിന്നുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലോക തദ്ദേശീയ ദിനത്തിന്റെ പ്രസക്തി മനസ്സിലാക്കി ആ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനായി ഒരുമിച്ചു നില്‍ക്കാം. ഏവര്‍ക്കും ആശംസകള്‍,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT: Kerala Govt honors Singer Nanjiamma

We use cookies to give you the best possible experience. Learn more