പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ നല്‍കും; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും തീരുമാനം
Kerala Flood
പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ നല്‍കും; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 11:06 am

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. 3 ലക്ഷം വരെയുള്ള വായ്പ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിഗണിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കാര്‍ഷിക കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തി.

പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ വഹിക്കും. പ്രളയ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കില്‍ നിന്ന് വായ്പ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

ഈ വര്‍ഷം ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ALSO READ: ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച് പാക് മന്ത്രി: കര്‍ശന നടപടിയെടുക്കണമെന്ന് ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ്

മൊറട്ടോറിയം നിലനില്‍ക്കുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കുവാന്‍ ബാങ്കുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടെ ആത്മഹത്യയുടെ വക്കിലേക്ക് നീങ്ങുന്ന കര്‍ഷകരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചിരുന്നു. പ്രളയത്തിന് ശേഷം ഇടുക്കി ജില്ലയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയെന്നാണ് കണക്ക്.

കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ വന്നതോടെയാണ് കര്‍ഷകര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായത്. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകളിലും ആശ്വാസം നല്‍കണം എന്ന് കൃഷി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: 2002 ന് ശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ കാശ്മീരില്‍ കൊല്ലപ്പെടുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍; കാശ്മീര്‍ അശാന്തമായത് മോദി അധികാരത്തിലേറിയ ശേഷമെന്ന് റിപ്പോര്‍ട്ട്

ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി സഹകരണ മന്ത്രിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ബാങ്കേഴ്സ് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പുറമെ, ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

WATCH THIS VIDEO: