മരണത്തെ മുഖാമുഖം കണ്ടശേഷമാണ് അദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ട്രൈബല്‍ സ്‌കൂളില്‍ 18 വര്‍ഷത്തോളം ക്ലര്‍ക്കായിരുന്നു അദ്ദേഹം. കടുത്ത വംശവിദ്വേഷവും വിവേചനവും നേരിട്ട 18 വര്‍ഷങ്ങള്‍. ഒടുവില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫണ്ട് തട്ടിയെടുക്കാനുള്ള ചില അധ്യാപകരുടെ ശ്രമത്തിന് അദ്ദേഹം എതിരുനിന്നപ്പോള്‍ അവരുടെ വിദ്വേഷം പാരമ്യത്തിലെത്തി.
‘ചില അധ്യാപകര്‍ ചേര്‍ന്ന് എന്നെ മര്‍ദ്ദിച്ചു. ബോധംപോയെന്ന് കരുതി എന്നെ മലമ്പുഴ ഡാമിലെ വെള്ളത്തില്‍ തള്ളി. നീന്തലറിയാവുന്നതുകൊണ്ട് മാത്രം ഞാന്‍ നീന്തി രക്ഷപെട്ടുപോന്നു. പിന്നെ സ്‌കൂളിലേക്ക് തിരിച്ചുപോയിട്ടില്ല’, അട്ടപ്പാടി കൂടപ്പെട്ടി ഊരിലെ കരുണാകരന്‍ എന്ന ആദിവാസി ഉദ്യോഗസ്ഥന്‍ ജോലി ഉപേക്ഷിച്ചിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷമായി.
ഇത് കരുണാകരന്റെ മാത്രം അനുഭവമല്ല. വിപരീത ജീവിത സാഹചര്യങ്ങളോട് പൊരുതി ഗവണ്‍മെന്റ് സര്‍വ്വീസിലെത്തിയ ആദിവാസി ഉദ്യോഗസ്ഥരില്‍ പലരും സര്‍ക്കാര്‍ ഓഫീസുകളിലെ വംശ വിദ്വേഷം താങ്ങാനാവാതെ ഊരിലേക്ക് മടങ്ങിയെത്തുകയാണ്. അട്ടപ്പാടിയില്‍ മാത്രം 1980ന് ശേഷം അറുപതിലധികം ആദിവാസി ഉദ്യോഗസ്ഥര്‍ സര്‍വ്വീസ് വിട്ടു. ഇവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. മറ്റുള്ളവര്‍ ഊരില്‍ ഒതുങ്ങിക്കൂടുന്നു.
ഈ പിന്‍വാങ്ങലുകള്‍ക്ക് പിന്നിലെ കാരണങ്ങള്‍തേടി സെപ്തംബര്‍ രണ്ടാംവാരം അട്ടപ്പാടിയിലെത്തിയ ഞങ്ങള്‍ കണ്ട ജീവിതങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസുകളിലെ ആദിവാസി വിരുദ്ധ മനോനില വെളിവാക്കുന്ന ജീവിതാനുഭവങ്ങള്‍.
തച്ചങ്കരിയുടെ മരണോപദേശം
അട്ടപ്പാടിതാഴെ സാമ്പാര്‍ക്കോട് കോളനിയിലെ ചന്ദ്രന്‍ ഞങ്ങളെത്തുമ്പോള്‍ കൂലിപ്പണിക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി.യില്‍ കണ്ടക്ടറായിരുന്നു ചന്ദ്രന്‍. 2011 മെയ് പത്തിന് ജോലിയില്‍ പ്രവേശിച്ച ചന്ദ്രന്‍, അഞ്ച് വര്‍ഷത്തിനിപ്പുറം അപകടത്തില്‍ പരിക്കേല്‍ക്കുന്നതുവരെ സ്ഥിരമായി ജോലിക്ക് പോയിരുന്ന ആളാണ്. ജോലിക്കിടെ അപകടത്തില്‍ വലതുകൈയ്ക്ക് ഗുരുതര പരിക്കേറ്റ ചന്ദ്രന്‍ മെഡിക്കല്‍ ലീവെടുത്ത് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോവാന്‍ കഴിഞ്ഞില്ല.
ആയിടക്കാണ് 2018 മെയ് 31ന് മുമ്പായി അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിറക്കിയത്. തുടര്‍ന്ന് തന്റെ അവസ്ഥ നിലവില്‍ കണ്ടക്ടറായി തുടരാന്‍ കഴിയുന്നതല്ലെന്നും താല്‍ക്കാലികമായി മറ്റേതെങ്കിലും ജോലി നല്‍കുകയോ അല്ലെങ്കില്‍ അവധിയില്‍ തുടരാന്‍ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രന്‍ തച്ചങ്കരിയെ കാണാന്‍ തിരുവനന്തപുരത്തിന് വണ്ടി കയറി. എന്നാല്‍ തച്ചങ്കരിയുടെ പ്രതികരണം ചന്ദ്രന്റെ പ്രതീക്ഷകളെയെല്ലാം തകര്‍ത്തു. ജോലിക്ക് കയറാന്‍ കഴിയില്ലെങ്കില്‍ പോയി ആത്മഹത്യ ചെയ്യാനാണ് തച്ചങ്കരി ചന്ദ്രനോട് പറഞ്ഞത്.
‘ അദ്ദേഹം എന്റെ അപേക്ഷ സ്വീകരിക്കാനോ വാങ്ങി വായിക്കാനോ തയ്യാറായില്ല. എന്തായാലും ജോലിക്ക് കയറണം. അല്ലെങ്കില്‍ സ്വയം പിരിഞ്ഞ് പോകണം. അല്ലെങ്കില്‍ സ്വയം മരിച്ച് പോകണം, എന്നാലെ കുടുംബത്തില്‍ വേറെ ആര്‍ക്കെങ്കിലും ജോലികിട്ടൂ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. വേറെ നിവൃത്തിയില്ലാതെ ഞാന്‍ ചീഫ് ഓഫീസില്‍നിന്നും ഇറങ്ങിവന്നു’, ചന്ദ്രന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞുനിര്‍ത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ അത്രയേറെ ആഗ്രഹിച്ച ചന്ദ്രന്‍, തുടര്‍ന്ന് ഗതാഗത സെക്രട്ടറിയെ നേരിട്ട് രണ്ടു. ഇതേത്തുടര്‍ന്നാകണം ചന്ദ്രനെ മാനന്തവാടി ഡിപ്പോയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് സംഭവിച്ചതെന്താണെന്ന് ചന്ദ്രന്‍ പറയുന്നതിങ്ങനെ:
‘2018 സെപ്തംബര്‍ 18ന് ഞാന്‍ നേരിട്ട് മാനന്തവാടിയിലേക്ക് പോയി. ഞാന്‍ അവിടെയെത്തിയത് വൈകീട്ട് നാലരയ്ക്കാണ്. പക്ഷേ, അവിടെനിന്നും അന്ന് രാവിലെ പത്തരയ്ക്ക് തന്നെ ഞാന്‍ എത്തിയില്ല എന്ന റിപ്പോര്‍ട്ട് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു’.
തനിക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നതുകൊണ്ട് മാത്രമാണ് താന്‍ പോവാതിരുന്നതെന്നും അല്ലാതെ മനപ്പൂര്‍വ്വം ജോലിയില്‍നിന്നും വിട്ടുനിന്നതല്ലന്നും എന്ന് ചന്ദ്രന്‍ ഞങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞു. എല്ലാ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചതിന് ശേഷമാണ് ചന്ദ്രന് ജോലി നഷ്ടപ്പെട്ടത്. തന്റെ അവസ്ഥയെക്കുറിച്ച് ചന്ദ്രന്‍ ഡിപ്പോയില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യത്തിന് ഭയങ്കര ബുദ്ധിമുട്ടാണ് എന്ന മറുപടിയാണ് ചന്ദ്രന്. കക്കൂസ് കഴുകാനുള്ള പണിയെങ്കിലും പകരം തന്നിരുന്നെങ്കില്‍ താന്‍ ചെയ്യുമായിരുന്നെന്ന് ചന്ദ്രന്‍ പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാനുള്ള ഈ യുവാവിന്റെ ആഗ്രഹം വ്യക്തമായിരുന്നു.
ആദിവാസിയ്ക്ക് ക്വാര്‍ട്ടേഴ്‌സ് എന്തിന്?
പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പില്‍വച്ച് ആത്മഹത്യ ചെയ്ത കുമാറിന്റെ വീട്ടില്‍ അമ്മ പാപ്പയുണ്ട്. മകന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമാണ് പാപ്പ ആദ്യം തന്നെ പങ്കുവച്ചത്. മകന്‍ മരിച്ചത് സഹപ്രവ്രര്‍ത്തകരില്‍നിന്നും മേലുദ്യോഗസ്ഥരില്‍നിന്നും നേരിടേണ്ടിവന്ന ജാതി വിവേചനവും പീഡനവും മൂലമാണെന്ന് പാപ്പ പറയുന്നു:
“ഓഫീസില്‍ ജാതി പ്രശ്നമുണ്ടായിരുന്നു. ഞങ്ങള്‍ ആദിവാസിയല്ലേ, ആദിവാസികളൊക്കെ കാട്ടുവാസികളാണെന്ന് അവര്‍ പറയുമായിരുന്നു. ജാതി പ്രശ്നം ഉണ്ടെന്ന് കുമാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. വീട്ടില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.”
ലക്കിടിക്ക് സമീപം ട്രെയിനില്‍നിന്നും വീണ നിലയിലായിരുന്നു കുമാറിന്റെ മൃതദേഹം. കുമാറിന്റെ മരണ കാരണം ജാതി പീഡനമാണെന്ന് ഭാര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ക്യാമ്പില്‍ കുമാര്‍ ജാതി പീഡനവും മാനസിക പീഡനവും നേരിട്ടിരുന്നതായാണ് ഇവര്‍ പറയുന്നത്. ആദിവാസിയായതിനാല്‍ ബുദ്ധിയില്ല എന്നടക്കം പറഞ്ഞ് സഹപ്രവര്‍ത്തകര്‍ പരിഹസിച്ചിരുന്നു.
ഭാര്യയുടെ പ്രസവശേഷം കൂടുതല്‍ സൗകര്യമുള്ള പുതിയ ക്വാര്‍ട്ടേഴ്‌സിലേക്ക് കുമാറും കുടുംബവും മാറാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് പഴയ താമസ സ്ഥലത്തുനിന്നും സാധനങ്ങളെല്ലാം പുതിയതിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ആദിവാസികള്‍ക്ക് പുതിയ ക്വാട്ടേഴ്സ് വേണോ എന്ന് ചോദിച്ച് പരിഹസിച്ച് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവരുടെ സാധനങ്ങളെടുത്ത് പുറത്തേക്കിട്ടു. ഇത് കുമാറിനെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് പാപ്പ പറയുന്നു.
‘മകന്‍ സുഖമില്ലാതെ മരിക്കുകയായിരുന്നെങ്കില്‍ക്കൂടി താന്‍ സഹിക്കുമായിരുന്നു. പക്ഷേ, ഇതൊരു കൊലപാതകമാണ്’, സംസാരത്തിനൊടുവിലും പാപ്പ അവശേഷിപ്പിച്ചത് മകന്റെ മരണത്തിലുള്ള സംശയമാണ്.
കോടതി മുറ്റത്തെ ജാതിമരങ്ങള്‍
പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ക്ലര്‍ക്കായിരുന്നു മരുതാചലം. ആദിവാസി മേഖലയില്‍നിന്നെത്തുന്ന ഉദ്യോഗസ്ഥരോട് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസ് അന്തരീക്ഷം എങ്ങനെ പ്രതികരിക്കുന്നു എന്നതിന് തെളിവ് നല്‍കുകയാണ് മരുതാചലത്തിന്റെ ജീവിതം. അട്ടപ്പാടിയിലെ മേലേക്കണ്ടിയൂര്‍ കോളനിയില്‍നിന്നാണ് മരുതാചലം 1993ല്‍ പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഗുമസ്തനായി എത്തിയത്.
നാല് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് വന്ന മരുതാചലത്തിന് വാത സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചുദിവസം ജോലിക്ക് പോകാനായില്ല. കുടുംബത്തില്‍ അക്ഷരാഭ്യാസമുള്ളത് തനിക്ക് മാത്രമാണെന്നും ഇക്കാരണത്താല്‍ അവധിയെടുക്കാനുണ്ടായ സാഹചര്യം കൃത്യമായി ഓഫീസില്‍ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും മരുതാചലം പറയുന്നു.
തുടര്‍ന്ന് എന്‍ക്വയറിക്കായി മരുതാചലത്തോട് ആലത്തൂരെത്താന്‍ ആവശ്യപ്പെട്ടു. ഇതിനായി ആലത്തൂരിലെത്തിയ മരുതാചലത്തോട് പക്ഷേ, ഇന്ന് സമയമില്ല, പിന്നീട് വരാനായിരുന്നു ഓഫീസര്‍ പറഞ്ഞത്. പിന്നീട് എന്ത് സംഭവിച്ചെന്ന് മരുതാചലം പറയുന്നതിങ്ങനെ:
‘അന്ന് എന്‍ക്വയറി നടത്താന്‍ കഴിയില്ലെന്നും പിന്നെയൊരു ദിവസം അറിയിക്കാമെന്നും പറഞ്ഞിരുന്നു. പിന്നീടാണ് അറിയാന്‍ കഴിഞ്ഞത് അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും എനിക്കെതിരെ ബാക്കി നടപടികള്‍ സ്വീകരിച്ചെന്നും. സസ്പെന്‍ഡ് ചെയ്യുമെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, എന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായിട്ടില്ല. നേരെ ഡിസ്മിസ് ചെയ്യുകയായിരുന്നു. ഇത്രേംകൂടിയായപ്പോള്‍ ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. ജോലിയില്‍നിന്ന് പിരിച്ചുവിട്ടല്ലോ എന്ന് ആലോചിച്ചപ്പോള്‍ ഞാന്‍ മാനസികമായി തളര്‍ന്നുപോയി.
ഒന്നിനും കൊള്ളാത്തവന്‍ എന്ന് അടിവരയിട്ടാണ് മേലുദ്യോഗസ്ഥന്‍ തന്നെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് മരുതാചലം ഓര്‍ത്തുപറയുന്നു. അവസാനമായി നേരില്‍കണ്ട് പരാതിപറയാനുള്ള അവസരം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പട്ടിക വര്‍ഗക്കാരനായതുകൊണ്ട് മാത്രമാണ് ഇത്തരം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതെന്ന് മരുതാചലം പറയുന്നു. ‘നമ്മളെ തെറ്റുകുറ്റങ്ങള്‍ തിരുത്തി സര്‍വ്വീസില്‍ നിലനിര്‍ത്താന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. കഴിയുന്നതും വേഗം എന്നെ സര്‍വ്വീസില്‍നിന്നും മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഞാനവിടെ കൂടുതലും കണ്ടത്.
‘ഒന്നിനും കൊള്ളാത്തൊരാളാണ്. അദ്ദേഹത്തെ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും പിഴുതുമാറ്റാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സി.ജെ.എം പറഞ്ഞു’, മരുതാചലം വിവരിക്കുന്നു.
ജോലി ചെയ്തിരുന്ന സമയങ്ങളിലും മരുതാചലം നേരിട്ടത് കടുത്ത ജാതി വിവേചനം തന്നെയാണ്. കോടതി വളപ്പില്‍നിന്നും ആളുകള്‍ ഇടപഴകുന്ന ഇടങ്ങളില്‍നിന്നും മരുതാചലം മാറ്റിനിര്‍ത്തപ്പെട്ടു. കോടതി തുടങ്ങിയ കാലംതൊട്ടുള്ള രേഖകള്‍ സൂക്ഷിക്കുന്ന റെക്കോഡ് റൂമിലെ പൊടിയിലും അഴുക്കിലും ഒതുങ്ങി അയാളുടെ ഓഫീസ് ജീവിതം.
‘ചെന്നതും അവസാനം വരെയും, ഏഴുവര്‍ഷത്തിലും ബഹുഭൂരിപക്ഷവും ഡെസ്പാച്ച്, ഡിസ്ട്രിബ്യൂഷന്‍, റെക്കോഡ്.. ഡെസ്പാച്ച്, ഡിസ്ട്രിബ്യൂഷന്‍, റെക്കോഡ്.. ഏത് കോടതിയില്‍ പോയാലും. അതിനപ്പുറത്തേക്ക് ഒരുജോലിയും എന്നെ ഏല്‍പിച്ചിട്ടില്ല. അവിടെയുള്ള പ്യൂണുമാരുപോലും നമ്മളെ സഹായിക്കില്ല. ആരും സഹായിക്കില്ല. നമ്മള്‍ ഒറ്റക്ക് ചെയ്യണം. ഒരു രഘു മജിസ്ട്രേറ്റ് ഉണ്ടായിരുന്നു. അദ്ദേഹം എന്നെവിളിച്ച് പലപ്പോഴും ഡിറ്റേഷന്‍ തരുമായിരുന്നു. എന്തിനായിരുന്നു അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എനിക്ക് അത് മാനസികമായി വലിയ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. ഒരു മജിസ്ട്രേറ്റാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഇംഗ്ലീഷൊന്നും മജിസ്ട്രേറ്റ് പറയുന്നത് അപ്പാടെ കേട്ട് പകര്‍ത്താനൊന്നും എനിക്ക് അറിയില്ല. അദ്ദേഹത്തിനത് അറിയുകയും ചെയ്യും. എന്നിട്ടും അത് എന്നെ ഏല്‍പിക്കും. അതൊക്കെ തീര്‍ച്ചയായിട്ടും ഞാനൊരു അധഃസ്ഥിത വിഭാഗമായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടി വന്നതാണ്’.
തന്റെ പേപ്പറുകളൊന്നും പ്യൂണ്‍ മുതലുള്ള ഉദ്യോഗസ്ഥരാരും തൊടുകപോലും ചെയ്യില്ലായിരുന്നെന്ന് മരുതാചലം പറയുന്നു.
അച്ഛന് സുഖമില്ലാതെ കിടപ്പിലായപ്പോള്‍ അച്ഛന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി സ്ഥലം മാറ്റം ചോദിച്ചിരുന്നെന്നും അച്ഛന്‍ മരിച്ചിട്ടുപോലും അത് പരിഗണിക്കപ്പെട്ടില്ല.ഇത് പറയുമ്പോള്‍ മരുതാചലത്തിന്റെ മുഖത്ത് തെളിഞ്ഞ ആ ചിരിയിലുണ്ടായിരുന്നു അദ്ദേഹം അനുഭവിച്ച വേദന മുഴുവന്‍.
താന്‍ നേരിട്ട അനുഭവങ്ങള്‍ മുഴുവന്‍ ആദിവാസിയായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവന്നതാണെന്ന് നിസംശയം പറയുന്നു മരുതാചലം.
സുഹൃത്തായ സഹപ്രവര്‍ത്തകനുവേണ്ടി കെ.എസ്.എഫ്.ഇയില്‍ ജാമ്യം നിന്ന് ചതിക്കപ്പെട്ട കഥയും മരുതാചലം ഞങ്ങളോട് പറഞ്ഞു. സുഹൃത്ത് സമയത്തിന് പണം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ മരുതാചലത്തിന്റെ ശമ്പളത്തില്‍നിന്നും റിക്കവറി ചെയ്യാന്‍ കെ.എസ്.എഫ്.ഇ തീരുമാനിച്ചു. ‘അതോടുകൂടി ഞാന്‍ എല്ലാത്തരത്തിലും താറുമാറായി. തുടര്‍ന്ന് മണ്ണാര്‍ക്കാടുനിന്നും പാലക്കാടേക്ക് സ്ഥലംമാറ്റവുമായി. അതോടെ എനിക്ക് വീട്ടില്‍ പോയി വരാനും പറ്റില്ല, വാടകയ്ക്ക് താമസിക്കാന്‍ പണവുമില്ല എന്ന അവസ്ഥയില്‍ കുടുങ്ങി. അതിനിടക്കാണ് ലീവെടുത്ത പ്രശ്നവും. എല്ലാം ഒത്തിണങ്ങി വന്നപ്പോള്‍ ഞാന്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് പുറത്തുമായി’. മരുതാചലം വീണ്ടും ചിരിച്ചു. ആ ചിരിക്ക് മറുചിരി നല്‍കാന്‍ കഴിയുമായിരുന്നില്ല.
‘ഉണ്ടായ അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ അത് പട്ടികവര്‍ഗക്കാരനായതുകൊണ്ട് മാത്രമാണ് ഇതൊക്കെ എനിക്ക് സംഭവിച്ചതും മാത്രമല്ല എത്രയും പെട്ടന്ന് സര്‍വ്വീസില്‍നിന്നും പുറത്താക്കാന്‍ അവര്‍ക്ക് സാധിച്ചതും. അതിലെനിക്ക് ഒരു സംശയവുമില്ല. പട്ടിക വര്‍ഗക്കാരനായതുകൊണ്ട് മാത്രമാണ് അവരെന്നെ സര്‍വ്വീസില്‍നിന്നും പുറത്തെടുത്തെറിഞ്ഞത്. അല്ലെങ്കില്‍ അത് ചെയ്യില്ല. അതുറപ്പാണ്’.
‘എന്റെ കുടുംബത്തില്‍ തലമുറകളെടുത്ത് നോക്കുകയാണെങ്കില്‍ പത്താംക്ലാസ് വരെ പഠിച്ചത് ഞാന്‍ മാത്രമായിരുന്നു. അതിലാണ് ഒരു ജോലികിട്ടി ചെല്ലുന്നത്. എന്നിട്ടും എന്റെ മാതാപിതാക്കള്‍ക്ക് മര്യാദക്ക് ഭക്ഷണം കൊടുക്കാനോ വസ്ത്രം വാങ്ങിക്കൊടുക്കാനോ എനിക്ക് സാധിച്ചിട്ടില്ല’, മരുതാചലം പറയുന്നു.
മാരി എന്ന ഫോറസ്റ്ററുടെ കഥ
അട്ടപ്പാടിയില്‍ ഒരുപാട് അന്വേഷിച്ചതിന് ശേഷമാണ് മാരിയെ കാണാന്‍ കഴിഞ്ഞത്. ഞങ്ങള്‍ എത്തുമ്പോള്‍ കൃഷി സ്ഥലത്തുനിന്നും തിരിച്ചുവരികയായിരുന്നു മാരി.
അഗളി പഞ്ചായത്തിലെ ആനക്കുന്ന് കോളനിയിലെ എ.കെ മാരി സംസ്ഥാന വനം വകുപ്പില്‍ ഫോറസ്റ്ററായിരുന്നു. ഒമ്പത് വര്‍ഷത്തെ സേവനത്തിനൊടുവില്‍ മാനന്തവാടി റെയ്ഞ്ച് ഓഫീസില്‍നിന്നും അവധിയെടുത്ത് വീട്ടിലേക്ക് വന്ന മാരി പിന്നീട് തിരിച്ചുപോയിട്ടില്ല. പോവാന്‍ തോന്നിയില്ല എന്ന് മാത്രമാണ് മാരി ഇതിനെക്കുറിച്ച് പറയുന്നത്. അത്രത്തോളം മാനസിക പീഡനമാണ് സര്‍വ്വീസില്‍ മാരി നേരിട്ടത്.
‘ ജോലിയില്‍നിന്നും ഞാന്‍ പിരിഞ്ഞ് വന്നതല്ല. മൂന്ന് ദിവസത്തെ കാഷ്വല്‍ ലീവെടുത്ത് അമ്മയെ കാണാന്‍ വന്നതാണ്. പിന്നീട് തിരിച്ചുപോകാന്‍ മനസുവന്നില്ല. അത്രത്തോളം ഹരാസ് ചെയ്യുന്നുണ്ടായിരുന്നു ഓഫീസില്‍നിന്ന്. മേലുദ്യോഗസ്ഥരായ റെയ്ഞ്ചര് മുതല്‍ നമ്മുടെ കീഴ് ജീവനക്കാര്‍പോലും എനിക്കൊരു വിലയും തരാത്ത സമീപനമായിരുന്നു’, മാരി ഓര്‍ത്തെടുക്കുന്നു.
ഇപ്പോള്‍ 55 വയസുള്ള മാരി 1986 മുതല്‍ 1994 വരെയാണ് സര്‍വ്വീസിലുണ്ടായിരുന്നത്. ഡിപ്പാര്‍ട്ട്മെന്റില്‍ ജാതീയത കൊടികുത്തി വാഴുകയാണെന്ന് മാരി പറയുന്നു. താന്‍ അതിന്റെ ജീവിക്കുന്ന ഇരയാണെന്നും.
‘മേലുദ്യോഗസ്ഥര്‍ നായരാണെങ്കില്‍ നായന്മാരുടെ ഒരു കോക്കസായിരിക്കും അവിടെ. കീഴ് ജീവനക്കാരാണെങ്കിലും അങ്ങനെത്തന്നെ. നേരെ മറിച്ച് നമ്മള്‍ ആദിവാസിയായതുകൊണ്ട് നമ്മുടെ സ്ഥാനത്തിന്റെ പരിഗണന പോലും തരില്ല. ഞാന്‍ അതിന് ഒരു ഉദാഹരണം പറയാം. ഫോറസ്റ്ററായ എനിക്ക് സര്‍ക്കാന്‍ അനുവദിച്ച ക്വാട്ടേഴ്സ് ഒരു ക്ലര്‍ക്കിനാണ് ഉദ്യോഗസ്ഥര്‍ കൊടുത്തത്. വീടും കുടുംബവുമില്ലാത്ത നിനക്കെന്തിനാണ് ക്വാട്ടേഴ്സ് എന്നാണ് അവര്‍ ചോദിച്ചത്. അപ്പോള്‍ കുടുംബമില്ലാത്ത എന്നെപ്പോലെയുള്ള ആളുകള്‍ തെരുവില്‍ കിടക്കണോ?’മാരി ചോദിക്കുന്നു.
ജോലി സ്ഥലത്തുനിന്നും അനുകൂലമായ സഹകരണങ്ങളൊന്നും ഉണ്ടാകാത്തതിനെക്കുറിച്ചും മാരി എണ്ണിയെണ്ണിപ്പറയുന്നു.
ആദിവാസികളെ ഒറ്റപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയുമാണ് ഉദ്യോഗസ്ഥരുടെ പൊതു മനോഭാവം. ‘അധിക ജോലി ചെയ്താല്‍പ്പോലും അവനൊന്നും ചെയ്യുന്നില്ല, വെറും മണ്ടനാണ് എന്ന അവസ്ഥ വരുത്തിത്തീര്‍ക്കണം ഇവര്‍ക്ക്. ആദിവാസി ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുന്ന സമീപനമാണ് ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നും ഉണ്ടാവുന്നത്. നമ്മള്‍ ആദിവാസിയായിപ്പോയി എന്ന് മാത്രമേ ഉള്ളു. ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. ആദിവാസി സമൂഹത്തില്‍ ജനിക്കാന്‍ പാടില്ല, വളരാന്‍ പാടില്ല, മുന്നോട്ട് പോകാന്‍ പാടില്ല. ഈ കാഴ്ചപ്പാട് ഇവരുടെ ഇടയില്‍ ഉണ്ടാവുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്’.
‘നമ്മളെ വെറും വില്ലനായിട്ടാണ് അവിടെ കാണുന്നത്. അതായത് ഇവരുടെ ഇടയിലേക്ക് നമ്മള്‍ ഒരു ഉദ്യോഗസ്ഥനായി പോകാന്‍ പാടില്ല. ഇങ്ങനെ മാനസികമായി തകരുമ്പോള്‍ നമ്മള്‍ നമ്മളിലേക്ക് തന്നെ ചുരുങ്ങും’.
എനിക്ക് ആ ജോലി വേണ്ട അമ്മാ
പാലക്കാട് ആര്‍.ടി.ഒ ഓഫീസില്‍ ക്ലര്‍ക്കായിരുന്ന സതീശന്‍ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം ഇന്നും ആര്‍ക്കും അറിയില്ല. ആദിവാസിയായ നമുക്കൊന്നും പോയിരിക്കാന്‍ പറ്റിയ ഓഫീസല്ല അതെന്ന് അമ്മയോട് ഒരിക്കല്‍ പറഞ്ഞിരുന്നു അത്രമാത്രം.
മകന്‍ തുടര്‍ച്ചയായി ഒരുപാട് ദിവസം ഓഫീസില്‍ പോകാതിരുന്നത് ശ്രദ്ധിച്ച അച്ഛന്‍ കക്കി എന്താണ് കാരണമെന്ന് അന്വേഷിച്ചെങ്കിലും സതീശന്‍ ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. പക്ഷേ, ഓഫീസ് സംബന്ധമായ എന്തോ കാര്യത്തില്‍ മകന്‍ ഭീഷണി നേരിട്ടിരുന്നതായി കക്കി സംശയിക്കുന്നു.
‘കേസ് സംബന്ധമായിട്ടുള്ള കാര്യങ്ങളൊന്നും സര്‍ക്കാര്‍ ഓഫീസില്‍ ഒരു എല്‍.ഡി ക്ലര്‍ക്കിന്റെ ചുമതലയില്‍ വരുന്നതല്ല. അതില്‍ ഇടപെടേണ്ടത് മേലുദ്യോഗസ്ഥന്മാരാണ്. പക്ഷേ, എന്തിനാണ് ഒരു എല്‍ഡി ക്ലാര്‍ക്കായ സതീശനെ ഇത് ഏല്‍പിച്ചതെന്ന് അറിയില്ല. അത് മകന്‍ ആദിവാസിയായതുകൊണ്ട് മാത്രം സംഭവിച്ചതാണ്. അവന്റെ സര്‍വ്വീസില്‍ ഒരു നെഗറ്റീവ് റിമാര്‍ക്ക് വീഴ്ത്തണമെന്ന് അവരാരെങ്കിലും കരുതിയിട്ടുണ്ടായിരിക്കണം’.
അഞ്ച് വര്‍ഷം മുമ്പ് തന്റെ 35ാം വയസില്‍ വീടിന്റെ ജനലില്‍ തൂങ്ങിമരിക്കുകയായിരുന്നു സതീശന്‍. കാല്‍മുട്ട് നിലത്ത് തൊടുന്ന രീതിയിലായിരുന്നു മൃതദേഹമെന്ന് വീട്ടുകാര്‍ പറയുന്നു.
‘ആ പണി എനിക്ക് വേണ്ട അമ്മാ എന്ന് എന്നോട് ഒരിക്കല്‍ പറഞ്ഞു. ഇനി കൃഷി ചെയ്ത് ജീവിച്ചോളാമെന്നും പറഞ്ഞു. എന്താ കാരണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ ഓഫീസൊന്നും ശരിയല്ല, ആദിവാസികളായ നമുക്ക് ജീവിക്കാന്‍ പറ്റുന്ന ഓഫീസല്ല അതെന്ന് മാത്രം പറഞ്ഞു. എന്താണ് അവന്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല’, സതീശന്റെ അമ്മ മാരിയുടെ വാക്കുകളാണിത്.
മകനെ സഹപ്രവര്‍ത്തകര്‍ കുടുക്കിയതാണെന്ന സംശയം അമ്മയും ഞങ്ങളോട് പങ്കുവച്ചു. ജനലില്‍ തൂങ്ങിയാണ് മകന്‍ മരിച്ചതെന്ന കാര്യം മാരി ഇപ്പോഴും മനസുകൊണ്ട് അംഗീകരിച്ചിട്ടില്ല. ‘ഈ ജനലില്‍ തൂങ്ങി മരിക്കുക എന്ന് പറയുന്നത് നടക്കുവോ? അങ്ങനെ ഒരാള്‍ക്ക് മരിക്കാന്‍ പറ്റുവോ? മുട്ടുകുത്തി ചാകാന്‍ പറ്റുവോ? പറ്റില്ല! എനിക്ക് സംശയമുണ്ട്. എന്റെ മനസില്‍ അതെന്നും തീക്കനല്‍ മാതിരി അവിടെയുണ്ടാവും’, മാരി ഉന്നയിക്കുന്നത് മകന്റെ മരണത്തിലുള്ള ദുരൂഹതയാണ്.
ആത്മഹത്യാ പ്രവണത വളരെ കുറഞ്ഞ ജനവിഭാഗമാണ് കേരളത്തിലെ ആദിവാസി സമൂഹം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും നേരിടേണ്ടി വരുന്ന മാനസിക പിരിമുറുക്കം ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു എന്നാണ് സതീശന്റെ ജീവിതം തുറന്നുപറയുന്നത്.
വിദ്വേഷം നിറയുന്ന സര്‍വീസ് ബുക്ക്
പുകമറപോലെ സര്‍ക്കാര്‍ ഓഫീസുകളെ ചൂഴ്ന്ന് നില്‍ക്കുന്ന അധഃസ്ഥിത വിദ്വേഷത്തിന്റെ കഥ പറയുകയാണ് രാമനും. സഹകരണ വകുപ്പില്‍ ഓഡിറ്റ് അസിസ്റ്റന്റായിരുന്ന രാമന്‍ ജോലിയുപേക്ഷിച്ച് അട്ടപ്പാടിയിലെ ഊരിലേക്ക് മടങ്ങിയെത്തിയത് അഞ്ച് വര്‍ഷം മുമ്പാണ്.
‘ഓരോ ഡിപ്പാര്‍ട്ട്മെന്റുകളെയും നമ്മള്‍ പരിശോധിച്ച് നോക്കുകയാണെങ്കില്‍ ഒരു പുകമറപോലെ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാവും. ഒരു ആദിവാസി ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം അയാള്‍ വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അയാളുടെ പ്രവൃത്തികളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിലെ പാളിച്ചകള്‍ കണ്ടുപിടിച്ച് ഒരു കുറ്റക്കാരനാക്കി മാറ്റുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. അത് ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്. ഇപ്പോള്‍, ഞാന്‍ വി.ആര്‍.എസിന് അപേക്ഷിച്ചിട്ട് അഞ്ചുവര്‍ഷമായി. കത്തിടപാടുകള്‍ നടത്തുന്നുണ്ടെന്നല്ലാതെ ഞാനതിന് അര്‍ഹനാണോ അല്ലയോ എന്നുപോലും ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും എന്നെ അറിയിച്ചിട്ടില്ല.
സര്‍ക്കാര്‍ ഓഫീസിലെത്തുന്ന ആദിവാസി ഉദ്യോഗസ്ഥരെ എങ്ങനെയാണ് മേലുദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നതെന്ന് രാമന്‍ എണ്ണിയെണ്ണിപ്പറഞ്ഞു. ദീര്‍ഘ ദൂരത്തേക്ക് ജോലിക്ക് അയക്കുന്നതും അതുമൂലം വൈകുമ്പോള്‍ മെമ്മോ നല്‍കുന്നതുമെല്ലാം അവയില്‍ ചിലത് മാത്രം. ‘അവര്‍ മനപ്പൂര്‍വ്വം ദൂരങ്ങളിലേക്കും, അല്ലെങ്കില്‍ പ്രശ്നങ്ങളുള്ള സ്ഥാപനങ്ങളിലേക്കും റെക്കോര്‍ഡുകള്‍ കിട്ടാത്ത, ജോലി ചെയ്താല്‍ തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നങ്ങളുള്ള സ്ഥാപനങ്ങളിലേക്ക് മനപ്പൂര്‍വ്വം നമ്മളെ അയക്കും. അത്തരത്തില്‍ ജോലി ചെയ്ത് തീര്‍ക്കാന്‍ പറ്റാതാവുമ്പോള്‍ നമ്മള്‍ മോശക്കാരനായി ചിത്രീകരിക്കപ്പെടും’, രാമന്‍ പറയുന്നു.
‘ജാതീയ വ്യവസ്ഥ മനസില്‍ സൂക്ഷിച്ച് നടക്കുന്ന ആളുകളാണവിടെ. നമുക്ക് പറഞ്ഞ് തെളിക്കാന്‍ പറ്റാത്ത പീഡനമാണ് ഓരോ ആദിവാസി ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും അനുഭവിക്കുന്നതെന്നും രാമന്‍ പറയുന്നു. ‘ഏതെങ്കിലും രീതിയില്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുക, കുത്തുവാക്കുകള്‍ പറഞ്ഞ് വേദനിപ്പിക്കുക, നിക്കപ്പൊറുതിയില്ലാത്ത വിധം ജോലികള്‍ അടിച്ചേല്‍പിക്കുക, ജോലി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് മറ്റ് ജോലികള്‍ ഏല്‍പിക്കുക, ജോലി പൂര്‍ത്തിയാക്കാന്‍ പറ്റാതാവുമ്പോള്‍ ആദിവാസികള്‍ മടിയന്മാരാണ് അവര്‍ക്കൊന്നും അറിയില്ല എന്ന രീതിയില്‍ വരുത്തിത്തീര്‍ക്കുക, അങ്ങനെ സംഘടിതമായ ഒരു ശ്രമമാണ് ഞങ്ങള്‍ക്കുനേരം ഉണ്ടാവുന്നത്.
കറുത്തവന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരാണ് മിക്കവരുമെന്ന് രാമന്‍ പറയുന്നു. ‘നമ്മള്‍ കുടിച്ച കുപ്പിയില്‍നിന്നും അവര്‍ വെള്ളം കുടിക്കില്ല. ട്രാന്‍സ്ഫറായും മറ്റും പുതിയ ഓഫീസുകളിലേക്ക് ചെല്ലുമ്പോള്‍ കസേര വരെ തരാതിരുന്ന അനുഭവം എനിക്കുണ്ടായിട്ടുണ്ട്’. ഓഡിറ്റിങിന് വന്ന ഉദ്യോഗസ്ഥന്‍ ആദിവാസിയാണെന്ന് അറിയുമ്പോള്‍ റെക്കോര്‍ഡുകള്‍ പോലും കൈമാറാന്‍ മടിച്ചവരെക്കുറിച്ച് രാമന്‍ പറഞ്ഞു.
‘ഞങ്ങളും മനുഷ്യരാണ്, ആ സീറ്റില്‍ ഇരിക്കാന്‍ യോഗ്യരാണ് എന്നാരും മനസിലാക്കാറില്ല’, രാമന്‍ കൂട്ടിച്ചേര്‍ത്തു.
തൊഴിലാളി യൂണിയനുകളൊന്നും ആദിവാസികള്‍ക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ‘ നമ്മളവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുകയാണ്. അവിടെ ഒറ്റക്ക് നേരിടേണ്ട ഒരുപാട് പേരുണ്ട്. ഞങ്ങള്‍ അസംഘടിതരാണ്. ഞങ്ങള്‍ക്ക് ഒറ്റക്ക് ഫൈറ്റ് ചെയ്യാന്‍ കഴിയില്ല. ഞങ്ങളുടെ പ്രശ്നങ്ങള്‍ വേറെയാണ്. സര്‍വ്വീസ് പ്രശ്നങ്ങള്‍ക്ക് അപ്പുറത്താണ്. അത് യൂണിയനിലോ അസോസിയേഷനുകളിലോ അത് പോയി പറഞ്ഞിട്ട് പരിഹാരമുണ്ടാവില്ല. ഞങ്ങള്‍ത്തന്നെയാണ് അത് തരണം ചെയ്യേണ്ടതും ഫൈറ്റ് ചെയ്യേണ്ടതും’, രാമന്‍ അഭിപ്രായപ്പെട്ടു.
കരുണാകരന്റെ കഥ
ആദിവാസി വിദ്യാര്‍ത്ഥികളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുനടത്താന്‍ കൂട്ടുനില്‍ക്കാത്തതിന് സഹപ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ച കഥയാണ് കൂടപ്പെട്ടി കോളനിയിലെ കരുണാകരന് പറയാനുള്ളത്. കൊലപാതക ശ്രമത്തെ അതിജീവിച്ചെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസിലെ സഹപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ഭീതിയില്‍നിന്നും കരുണാകരന്‍ ഇനിയും പുറത്തുവന്നിട്ടില്ല.
‘എനിക്ക് അടി കിട്ടിയിട്ടിട്ടുണ്ട്. എന്നെ മാഷുമ്മാരെല്ലാം ചേര്‍ന്ന് മലമ്പുഴ ഡാമില്‍ അടിച്ച് ഉപദ്രവിച്ചിട്ട് തള്ളിയതാണ്. മര്‍ദ്ദനത്തില്‍ എനിക്ക് ബോധം നഷ്ടപ്പെട്ടപ്പോള്‍ മരിച്ചുപോയെന്നാണ് അവര്‍ കരുതിയത്. നീന്തല്‍ പഠിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ രക്ഷപെട്ടത്. അല്ലായിരുന്നെങ്കില്‍ ഞാനന്ന് ഡാമില്‍ കിടന്ന് മരിച്ചേനെ. സത്യം. ഇവര്‍ നാലഞ്ചുപേരെന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഡാമില്‍ ഉപേക്ഷിച്ചത്. ഞാനൊറ്റക്കായിരുന്നു. എനിക്ക് ഒറ്റയ്ക്ക് നേരിടാന്‍ പറ്റിയില്ല ഇവരെ.
ആദിവാസി വിദ്യാര്‍ത്ഥികളുടെ പേരില്‍ ഫണ്ട് തട്ടിപ്പ് നടത്തിയത് കരുണാകരന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ അധ്യാപകര്‍ തന്നെയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം മലമ്പുഴ ഡാമില്‍ ഒഴുക്കിയെന്ന് കരുണാകരന്‍ പറയുന്നത് അവിശ്വസിക്കേണ്ടതില്ല. ആ ഭീതിയില്‍നിന്നും രക്ഷപെടാത്ത കരുണാകരന്‍ പിന്നീട് ഓഫീസിലേക്ക് തിരിച്ചുപോയിട്ടില്ല. ‘അതൊരു ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രൈബല്‍ സ്‌കൂളായിരുന്നു. ആദിവാസി സ്‌കൂളുകളില്‍ ഇവര്‍ (അധ്യാപകര്‍) ഫണ്ട് തട്ടിപ്പ് നടത്തും. ഇതിന് ഞാന്‍ കൂട്ടുനില്‍ക്കാത്തിനാണ് എന്നെ ഒറ്റപ്പെടുത്തിയത്”.
“അവിടെ എന്നെ ജോലി ചെയ്യാന്‍ സമ്മതിക്കുമായിരുന്നില്ല. അവര്‍ പറയുന്ന സ്ഥലങ്ങളില്‍ ഒപ്പിടാന്‍ മാത്രമായിരുന്നു എന്നോട് പറയുക. ഇതിന് കൂട്ടുനില്‍ക്കാത്തതിനും ഇത് ചോദ്യം ചെയ്തതിനുമാണ് എന്നെ അടിച്ച് മലമ്പുഴ ഡാമില്‍ ഉപേക്ഷിക്കാനും മാത്രം അവരെ പ്രകോപിപ്പിച്ചത്. അതോടെ ഞാന്‍ പണിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പിന്നെ അങ്ങോട്ട് പോയിട്ടില്ല,. എന്റെ വസ്ത്രങ്ങളും ഫയലും ബാഗുമെല്ലാം ഇപ്പോഴും ആ മുറിയില്‍ ഉണ്ടായിരിക്കും”.
അട്ടപ്പാടിയിലെ ഊരില്‍നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ച് പാലക്കാട് വിക്ടോറിയ കോളെജിലെത്തിയാണ് കരുണാകരന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫിസിക്സില്‍ ബിരുദവും പിന്നീട് ബി.എഡും കരസ്ഥമാക്കി. തുടര്‍ന്ന് പി.എസ്.സി പരീക്ഷയെഴുതി പൊതു വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഈ നിശ്ചയദാര്‍ഢ്യം പക്ഷേ, സര്‍ക്കാര്‍ സര്‍വ്വീസിലെ സഹപ്രവര്‍ത്തകരുടെ വംശീയ അവഹേളനങ്ങള്‍ക്കുമുമ്പില്‍ തകര്‍ന്നുപോയി.
‘അനങ്ങാന്‍ കഴിയാത്ത രീതിയില്‍ ജാതി പറഞ്ഞ് തളര്‍ത്തുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ താഴെക്കിടയിലുള്ള നീചനായ ഒരാളാണ്. നീ ഒരു ആദിവാസിയല്ലേ, ഇരുളനല്ലേ, നീ ഒന്നിനും കൊള്ളാത്തവനാണ്. പണിയെടുക്കാന്‍ പറ്റാത്തവനാണ് നീയൊക്കെ റിസര്‍വ് കോട്ടയിലല്ലേ കയറിവന്നത് എന്നൊക്കെ പറയും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മാനസികമായി തളര്‍ന്നുപോകും. പിന്നെ തിരിച്ച് പോകാന്‍ തോന്നിയിട്ടില്ല. നമ്മള്‍ മലയില്‍ത്തന്നെ താമസിച്ചാല്‍ മതിയെന്ന് തോന്നി.
പഠനകാലത്ത് സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കരുണാകരന് എ.കെ ബാലനെയടക്കം സി.പി.ഐ.എമ്മിലെ മുതിര്‍ന്ന നേതാക്കളെ നേരിട്ടറിയാം. പക്ഷേ, ഈ രാഷ്ട്രീയ പരിചയങ്ങളോ ബന്ധങ്ങളോ ഒന്നും ആദിവാസിയായ കരുണാകരന് ജോലിയില്‍ പിടിച്ച് നില്‍ക്കാനുള്ള കരുത്ത് നല്‍കിയില്ല.
ഇവരെല്ലാം വിവരിക്കുന്ന അധിക്ഷേപങ്ങള്‍, അവഹേളനങ്ങള്‍, ഭൃഷ്ട്… ഒന്നും ഒറ്റപ്പെട്ട കഥകളല്ല. അഭ്യസ്ഥ വിദ്യരായ പൊതുസമൂഹം ആദിവാസികളോട് ഇന്നും മനസില്‍ സൂക്ഷിക്കുന്ന വംശ വിദ്വേഷത്തിന്റെ അടരുകളാണ്. ആദിവാസി സമൂഹത്തിന് അറിഞ്ഞ് പിന്തുണ നല്‍കേണ്ട രാഷ്ട്രീയ നേതൃത്വമാകട്ടെ, നിസംഗതയിലും