ദല്‍ഹിയില്‍ വന്നത് കേരള സര്‍ക്കാരില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; ശിവന്‍കുട്ടിക്ക് മറുപടിയുമായി അതിഷി
national news
ദല്‍ഹിയില്‍ വന്നത് കേരള സര്‍ക്കാരില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; ശിവന്‍കുട്ടിക്ക് മറുപടിയുമായി അതിഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th April 2022, 4:01 pm

ന്യൂദല്‍ഹി: ദല്‍ഹി വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി ശിവന്‍ കുട്ടി പറഞ്ഞതിന് പിന്നാലെ മറുപടുയുമായി ആം ആദ്മി നേതാവ് അതിഷി.

ദല്‍ഹിയില്‍ വന്നത് കേരള സര്‍ക്കാരില്‍ നിന്നുള്ളവരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
തങ്ങഴുടെ പത്രക്കുറിപ്പില്‍ സി.ബി.എസ്.ഇ സ്‌കൂള്‍ അസോസിയേഷനുകളില്‍ നിന്നുള്ള ആളുകളാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും അിതിഷി പറഞ്ഞു.

‘ഞങ്ങള്‍ ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അതിഥികളുടെ പദവികള്‍ വളരെ വ്യക്തമായി പരാമര്‍ശിക്കുന്നു, സന്ദര്‍ശനത്തെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടിംഗുകളും ഇവര്‍ സി.ബി.എസ്.ഇ സ്‌കൂള്‍ അസോസിയേഷനുകളില്‍ നിന്നുള്ള ആളുകളാണെന്ന് വ്യക്തമായി പറയുന്നു. എന്റെ ട്വീറ്റില്‍ പോലും അവര്‍ കേരള സര്‍ക്കാരില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ”അവര്‍ പറഞ്ഞു.
ദല്‍ഹി വിദ്യാഭ്യാസ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന ആം ആദ്മി പ്രചരണം ശക്തിപ്പെട്ടതോടെയാണ് ഇത് അടിസ്ഥാനരഹിതമാണെന്ന് ശിവന്‍കുട്ടി പറഞ്ഞത്.

ദല്‍ഹി വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്നും കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ദല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ച് ആം ആദ്മി രംഗത്തെത്തി. സന്ദര്‍ശനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരല്ല, കേരളത്തിലെസി.ബി.എസ്.ഇ അസോസിയേഷന്‍ ഉന്നത പ്രതിനിധികളാണെന്നാണ് ആം ആദ്മി തിരുത്തിയിരിക്കുന്നത്.

 

Content Highlights:  govt didn’t send officials to Delhi schools, says Kerala education minister; Atishi replies she didn’t mention they were from govt