| Sunday, 14th June 2020, 10:12 am

സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേരളം. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം. സെക്രട്ടറി കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

ഒരുവര്‍ഷംമുമ്പേ ആധാറിനെ തിരിച്ചറിയല്‍രേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു.

ജോലിയില്‍ പ്രവേശിച്ച് ഇതിനകം സര്‍വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം.

ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയാന്‍ പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്.

സര്‍വീസ് പുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയല്‍ അടയാളങ്ങള്‍ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയില്‍ സ്ഥിരപ്പെടുത്തൂ.

പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷനില്‍ ഇതുവരെയായി 53 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 32 ലക്ഷം പേര്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more