| Saturday, 20th August 2016, 8:33 pm

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: എല്ലാ സീറ്റും സര്‍ക്കാറിന്, കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശനം സംസ്ഥാന എന്‍ട്രന്‍സില്‍ നിന്നു നടത്താനും, ബാക്കി അന്‍പതു ശതമാനം സീറ്റിലേക്ക് “നീറ്റ്” ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താനുമാണ് തീരുമാനം.

മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ സീറ്റുകള്‍ ഉള്‍പ്പെടുന്ന ലിസ്റ്റിലാണ് നീറ്റ് പട്ടികയില്‍ ഉള്ളവരെ പ്രവേശിപ്പിക്കുക. ഇതോടെ, സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം മെറിറ്റിന്റെ അടിസ്ഥാനത്തിലാകും നടക്കുക.

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പ്രവേശന പരീക്ഷ കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതിനിടെ, സര്‍ക്കാര്‍ നടപടിക്കെതിരെ എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ രംഗത്തെത്തി. ജയിംസ് കമ്മിറ്റി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ന്യൂനപക്ഷ അവകാശങ്ങളില്‍ കൈകടത്തലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യങ്ങള്‍ ചര്‍ച്ചയായപ്പോള്‍ നേരത്തെ തന്നെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്‍.ആര്‍.ഐ സീറ്റുകളിലെങ്കിലും അവരുടെ രീതിയില്‍ ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് സ്വീകാര്യമല്ല എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more