| Thursday, 1st October 2020, 6:31 pm

100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി; അതിജീവിക്കാന്‍ കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്തുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കര്‍മ്മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് സംസ്ഥാനത്ത് ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഒരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ലോക്ക്ഡൗണിന് മുന്‍പേ തന്നെ ഇതു പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് ഇതിനു വിലങ്ങുതടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതൊക്കെ മേഖലകളില്‍ ഏതെല്ലാം ഏജന്‍സികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങള്‍ എന്ന് വിശദമായി രേഖ തയാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

500000 തൊഴിലവസരങ്ങള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സ്‌കീമുകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകും. അതിനാല്‍ എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങള്‍ ഡിസംബറിനുള്ളില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസങ്ങളും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോര്‍ട്ടല്‍ ആരംഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമോഖല സ്ഥാപനങ്ങളില്‍ 18600 പേര്‍ക്ക് തൊഴില്‍ നല്‍കും.

സ്ഥിര, താല്‍ക്കാലിക, കരാര്‍ എന്നിവ ഇതില്‍പ്പെടും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 425 തസ്തികകളും എയ്ഡഡ് കോളജില്‍ 700 തസ്തികകളും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 തസ്തികകളും സൃഷ്ടിക്കും. 100 ദിവസം കൊണ്ട് പി.എസ്.സി വഴി 5000 നിയമനം നടത്തുമെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 59,157 സാംപിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Govt. Covid Survival

We use cookies to give you the best possible experience. Learn more