തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ ഡി.ജി.പിയായിരുന്നപ്പോള്‍ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടി സര്‍ക്കാര്‍ സാധൂകരിച്ചു. ജൂലൈ 27ലെ മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ച് തീരുമാനമെടുത്തത്.
ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
പൊലീസ് വകുപ്പിന്റ ആധുനികവല്‍കരണം എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്. എന്നാല്‍ അനുവദിച്ച നാല് കോടി 33 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി വാങ്ങാതെ വകമാറ്റുകയായിരുന്നു. ക്വാട്ടേഴ്‌സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകള്‍ നിര്‍മിച്ചു. ഇതില്‍ ഒരു വില്ലയിലാണ് ഡി.ജി.പിയായിരുന്ന ബെഹ്‌റ താമസിച്ചിരുന്നത്.
മുപ്പത് സ്റ്റാഫ് ക്വാട്ടേഴ്സ് നിര്‍മിക്കാനുള്ള പണം വകമാറ്റിക്കൊണ്ട് ഡി.ജി.പിക്കുള്ള ക്യാമ്പ് ഓഫീസും ഒപ്പം തന്നെ സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് രണ്ട് വില്ലകളും മറ്റ് അനുബന്ധ ഓഫീസുകളും നിര്‍മിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ പലതവണ ലോക്നാഥ് ബെഹ്റ തന്നെ ഇക്കാര്യം സാധൂകരിക്കാനായി കത്തുകള്‍ നല്‍കിയിരുന്നെങ്കിലും അന്നതെല്ലാം മടക്കപ്പെടുകയായിരുന്നു.
ലോക്നാഥ് ബെഹ്റ ഡി.ജി.പി ആയിരുന്ന കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ട വിഷയമാണിത്. സി.എ.ജി റിപ്പോര്‍ട്ടിലടക്കം ഇതുമായി ബന്ധപ്പെട്ട ക്രമക്കേട് പരാമര്‍ശിച്ചിരുന്നു.
CONTENT HIGHLIGHTS: kerala Govt clean chit for Behra’s action the villa was built with money diverted for police quarters