| Tuesday, 29th June 2021, 6:40 pm

കാസര്‍ഗോട്ടെ കന്നട സ്ഥലങ്ങളുടെ പേര് കേരള സര്‍ക്കാര്‍ മാറ്റുകയാണോ? സത്യാവസ്ഥ ഇതാണ്

അന്ന കീർത്തി ജോർജ്

കാസര്‍ഗോഡ് ജില്ലയിലെ പത്തോളം സ്ഥലങ്ങളുടെ കന്നട ഭാഷയിലുള്ള പേര് മലയാളത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നു. ഈ നീക്കത്തിനെതിരെ കര്‍ണാടകയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിര്‍പ്പറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുന്നു. കന്നട സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ഈ ശ്രമത്തെ എതിര്‍ക്കണമെന്ന് കര്‍ണാടകയില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുന്നു.

കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയായിരുന്നു ഇത്. വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വാഗ്വാദങ്ങളും ചര്‍ച്ചകളും ആരംഭിച്ചു. ഭാഷാന്യൂനപക്ഷങ്ങളെ കേരള സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന തരത്തില്‍ കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

എന്നാല്‍ ചില മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേരള സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടി പോയിട്ട്, ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇപ്പറയുന്ന ഗ്രാമങ്ങളിലെ നാട്ടുകാര്‍ പോലും തങ്ങളുടെ നാടിന്റെ പേര് മാറ്റുന്ന വിഷയം അറിഞ്ഞിട്ടില്ലെന്ന് തുറന്നു പറയുന്നു.

എങ്കില്‍ പിന്നെ എങ്ങനെയാണ് കര്‍ണാടക മുഖ്യമന്ത്രിയടക്കം ഇടപെടുന്ന രീതിയില്‍ കന്നട ഗ്രാമപ്പേരുകള്‍ മാറ്റുന്നുവെന്ന വ്യാജവാര്‍ത്ത പടര്‍ന്നുപിടിച്ചത്? എന്താണ് ഈ സംഭവത്തിലെ സത്യാവസ്ഥ? ആരാണ് ഈ പേരുമാറ്റല്‍ വാര്‍ത്തയിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്?

ജൂണ്‍ 25നാണ് പേരുമാറ്റല്‍ വ്യാജ വാര്‍ത്തയുടെ തുടക്കം. കര്‍ണാടക ബോര്‍ഡര്‍ ഏരിയ വികസന അതോറിറ്റി സെക്രട്ടറി പ്രകാശ് മാട്ടിഹള്ളി ഒരു വാര്‍ത്തകുറിപ്പ് പുറത്തുവിട്ടു.

കേരള സര്‍ക്കാര്‍ കാസര്‍ഗോഡ് ജില്ലയിലെ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പത്തോളം ഗ്രാമങ്ങളുടെ പേരുകള്‍ കന്നടയില്‍ നിന്നും മലയാളത്തിലേക്ക് മാറ്റിയെന്നായിരുന്നു ഈ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞത്. കന്നടയില്‍ പേരുള്ള മറ്റു ഗ്രാമങ്ങളുടെ പേര് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും ഈ കുറിപ്പിലുണ്ടായിരുന്നു.

ഡോ. സി. സോമശേഖര്‍

വാര്‍ത്താകുറിപ്പ് കര്‍ണാടക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. പേരു മാറ്റലില്‍ കടുത്ത എതിര്‍പ്പറിയിച്ചുകൊണ്ടുള്ള അതോറിറ്റി ചെയര്‍മാനാന്‍ സി. സോമശേഖരത്തിന്റെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്തയ്ക്ക് ചൂടു പിടിച്ചു.

ജനങ്ങളുമായി ഒരു ചര്‍ച്ചയും നടത്താതെ ഏതോ ചില തദ്ദേശ സ്ഥാപനങ്ങള്‍ കന്നട ഭാഷക്കാര്‍ അധിവസിക്കുന്ന ഗ്രാമങ്ങളുടെ പേരുമാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് കന്നട തുളു സംസ്‌കാരങ്ങളെ തകര്‍ക്കുമെന്നും സോമശേഖരന്‍ പറഞ്ഞു. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വിഷയം ചൂണ്ടിക്കാണിച്ച് കത്തെഴുതിയിട്ടുണ്ടെന്നും സംഭവത്തില്‍ ഇടപെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സോമശേഖരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

യെദിയൂരപ്പയുടെ ഇടപെടല്‍ പ്രഖ്യാപിച്ച സോമശേഖരന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്ത എന്‍.ഐ.എയുടെ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കേരളം പോലുമറിയാതെ കര്‍ണാടകത്തില്‍ മാത്രമായി നിന്ന സംഭവം അങ്ങനെ ദേശീയ തലത്തില്‍ ചര്‍ച്ചയായി.

ബി.എസ്. യെദിയൂരപ്പ

പേരുമാറ്റല്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നു എന്ന നിലയിലേക്കുള്ള തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു.

പക്ഷെ, വാര്‍ത്ത കുറിപ്പും തുടര്‍ന്നുള്ള പ്രസ്താവനയും റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടക മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും കേരള സര്‍ക്കാരിനെയോ കാസര്‍ഗോഡ് ജില്ലാ ഭരണകേന്ദ്രത്തെയോ പഞ്ചായത്തിനെയോ പോലും വിവരങ്ങളോ പ്രതികരണമോ അന്വേഷിക്കാനായി സമീപിച്ചിരുന്നേയില്ല.

ഇതിനിടയില്‍ ഗ്രാമപ്പേരുകള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് യെദിയൂരപ്പയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കേരള സര്‍ക്കാരിന് കത്തയച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നു.

എച്ച്.ഡി. കുമാരസ്വാമി

അതുവരെയും കേരളത്തില്‍ കാര്യമായി ചര്‍ച്ചയാകാതിരുന്ന സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രസ്താവനയുമെത്തി. കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സാംസ്‌കാരികത്തനിമയേയും തകര്‍ക്കാനൊരുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് കേവലം പേരുമാറ്റലുകളല്ല. ചിലരുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമാണ്. ഇതനുവദിക്കാനാവില്ലെന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂരിന്റെ ഉള്‍പ്പെടുയുള്ള പേരുകള്‍ മാറ്റുന്നുവെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ക്ഷേത്രത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ ചെറിയ തോതില്‍ വിഷയം ചര്‍ച്ചയായി. കേരളത്തില്‍ നിന്നുള്ളവരും കര്‍ണാടകത്തില്‍ നിന്നുള്ളവരും തമ്മില്‍ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളിലേക്ക് പേര് മാറ്റല്‍ വ്യാജവാര്‍ത്ത വഴിവെക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ സംഭവത്തില്‍ സംശയങ്ങളും ക്രമക്കേടും തോന്നിയ ചില മാധ്യമങ്ങള്‍ കേരള സര്‍ക്കാരിനെ സമീപിച്ചു. ദി ന്യൂസ് മിനിട്ടുംഫെഡറലുമായിരുന്നു കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ആദ്യം സമീപിച്ചത്. ഇവരാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ്, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു എന്നിവരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ സംഭവത്തിന്റെ സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.

പിണറായി വിജയന്‍

ഗ്രാമപ്പേരുകള്‍ മാറ്റുന്നതിനുള്ള ഒരു നീക്കവും നടത്താന്‍ കേരള സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കളക്ടറും ഇതേ നിലപാടാണ് ആവര്‍ത്തിച്ചത്. ഈ പറയുന്ന കാര്യത്തെ കുറിച്ച് കേട്ടിട്ടു പോലുമില്ല. പേര് മാറ്റം സംബന്ധിച്ച ഒരു ഫയലോ അപേക്ഷയോ പോലും എന്റെ മുന്നിലില്ല. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെടുന്നതെന്ന് പിടികിട്ടുന്നില്ല. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ നിരത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും കളക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു.

വ്യാജവാര്‍ത്തകളില്‍ പ്രതിപാദിക്കുന്ന ഗ്രാമങ്ങളിലുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ അവരും ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതിന് പിന്നാലെ ഇപ്പോള്‍ വരുന്ന ദേശീയ മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യാജവാര്‍ത്തളെ തുടര്‍ന്നുണ്ടായ നടപടികളാണിതെന്നും കേരള സര്‍ക്കാര്‍ സംഭവത്തെ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഭാഷാവികാരത്തെ ആളിക്കത്തിച്ചുകൊണ്ട് ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഇല്ലാതാക്കി കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് പലരും കന്നടപ്പേര് മാറ്റല്‍ വിവാദത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നടക്കുന്ന വാദപ്രതിവാദങ്ങള്‍ കൈവിട്ടുപോകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ക്രോസ് ചെക്കിംഗ് എന്ന അടിസ്ഥാന ധര്‍മം മറക്കുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഏറെ വലുതായിരിക്കുമെന്ന് കൂടിയാണ് ഈ സംഭവം കാണിച്ചു തരുന്നതെന്നും അതേസമയം മാധ്യമലോകത്ത് നിന്നുതന്നെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള നടപടികളുണ്ടായത് സ്വാഗാതാര്‍ഹമാണെന്നും അഭിപ്രായമുയരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kerala Govt changing Kannada village names of Kasaragod is a fake news propaganda – explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more