| Tuesday, 16th October 2018, 10:29 am

വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില: നവകേരള നിര്‍മാണത്തിന് കെ.പി.എം.ജിയെ കണ്‍സല്‍ട്ടന്‍സിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മാണ ചുമതല കെ.പി.എം.ജിയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വിഭവ സമാഹരണത്തിനും അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്താനും പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാറിന്റെ കരിമ്പട്ടികയില്‍പെട്ടതുമായ കെ .പി.എം.ജിയെ നവകേരള നിര്‍മാണത്തിനുള്ള കണ്‍സല്‍ട്ടന്‍സിയായ നിയമിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായ കെ.പി.എം.ജി ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ആരോപണമുണ്ടായിട്ടുണ്ട്. ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു കൂട്ട് നിന്ന് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തിക കാര്യ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Also Read:ഇന്ധനവില വീണ്ടും കുതിക്കുന്നു; കോഴിക്കോട് പെട്രോളിന് 85 രൂപ

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുമ്പോള്‍ നോര്‍ക്കയുടെ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ കെ.പി.എം.ജിയ്ക്ക് 66 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയത് വിവാദമായിരുന്നു. ആഗസ്റ്റ് 17നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് വന്നത്.

കെ.പി.എം.ജി നവ കേരള നിര്‍മാണ ചുമതലയുള്ള കണ്‍സല്‍ട്ടന്‍സിയായി നിയമിക്കുന്നതിനെതിരെ മുതിര്‍ന്ന സി.പി.ഐ.എം നേതാവായ വി.എസ് അച്യുതാനന്ദന്‍, സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായിക് തുടങ്ങിയ പ്രമുഖരടക്കം വിമര്‍ശനവുമായി മുന്നോട്ടുവന്നിരുന്നു.

ലോകം അംഗീകരിച്ച കേരളാ മോഡല്‍ കേരളത്തിന് സ്വന്തമായുള്ളപ്പോള്‍ കെ.പി.എം.ജിയുടെ സഹായം തേടേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രഭാത് പട്‌നായിക് പറഞ്ഞത്. കെ.പി.എം.ജിയെന്നല്ല ഒരു വിദേശ കമ്പനിയുടെയും സഹായം തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more