തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ കീഴിലല്ലാതെ കഴിയുന്ന സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും വൈദികര്‍ക്കും പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ അംഗങ്ങളായ സന്യാസ സമൂഹങ്ങളില്‍ നിന്നും മതസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലല്ലെങ്കിലാണ് പെന്‍ഷന്‍ ലഭിക്കുക.
വരുമാന മാനദണ്ഡത്തിന് കീഴില്‍ വരുന്നവരാണെങ്കിലും മതസ്ഥാപനങ്ങളുടെ മന്ദിരത്തിലാണ് കഴിയുന്നതെങ്കില്‍ അവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കണമെന്നും ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സാമൂഹിക സുരക്ഷ പെന്‍ഷന്‍ അനുവദിക്കാനുള്ള മറ്റ് മാനദണ്ഡങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും ധനകാര്യ ജോയിന്റ് സെക്രട്ടറി പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പരിശോധിച്ച് അനര്‍ഹരെ നിലവിലെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.
മതസ്ഥാപനങ്ങളുടെ കേന്ദ്രങ്ങളില്‍ താമസിക്കുന്ന സന്യാസിമാര്‍ക്കും മഠങ്ങളില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ഇവ പുനസ്ഥാപിക്കണമെന്ന് സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പഞ്ചായത്ത്, കോര്‍പറേഷന്‍ ജനപ്രതിനിധികള്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും സമാനമായ നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്. ഓണറേറിയം വഴിയുള്ള വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുരുത്, പെന്‍ഷനുള്ള മറ്റ് അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കണം എന്നീ നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്.
സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റുന്ന മറ്റ് വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കാനും ഇതേ മാനദണ്ഡങ്ങള്‍ പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്. അങ്കണവാടി ഹെല്‍പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് രോഗികളടക്കമുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ രണ്ട് വര്‍ഷം മുമ്പ് നിയമിച്ച വൊളന്റിയര്‍മാര്‍ തുടങ്ങിയവരും പെന്‍ഷന്‍ പരിധിയില്‍ വരും.
Content Highlight: Kerala Govt announces pension for monks, priests and nuns