|

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; പരിക്കേറ്റവര്‍ക്ക് 30 ലക്ഷം രൂപ അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ മലയാളികള്‍ക്ക് 30 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

നേരത്തെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 24 മലയാളികള്‍ അടക്കം 49 ഇന്ത്യക്കാരാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചത്. പത്തനംതിട്ട ജില്ലയില്‍ മാത്രമായി ആറ് പേരാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ടത്.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതായിരുന്നു ഫ്ളാറ്റ്.

2024 ജൂണ്‍ 12ന് 4.30 ഓടെയാണ് അപകടം നടന്നത്. പൊള്ളലേറ്റും പുക ശ്വസിച്ചും ഫ്‌ലാറ്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ആറ് നില ഫ്ളാറ്റിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.

താഴത്തെ നിലയിലെ അടുക്കളയില്‍ നിന്ന് പടര്‍ന്ന തീ 4.30 ഓടെ മറ്റുനിലകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ 17 പേര്‍ കെട്ടിടത്തിന് പുറത്തായിരുന്നു.

അപകടത്തിന് പിന്നാലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ 21% ഇന്ത്യക്കാരും ഇന്ത്യന്‍ പ്രവാസികളില്‍ 50 ശതമാനം ആളുകള്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്.

Content Highlight: kerala govt allocates compensation to injured in 2024 kuwait fire accident