| Thursday, 23rd April 2020, 10:46 am

ഡാറ്റാ ചോരില്ലെന്ന് ഉറപ്പാക്കി, ഇന്ത്യയിലും നിയമനടപടികള്‍ സ്വീകരിക്കാം; സ്പ്രിംക്ലറില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് ബാധിതരില്‍നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സര്‍ക്കാര്‍ വിശദികരണം.

കൊവിഡ് 19 ന്റെ വിശകലനത്തിന് സ്പ്രിംക്ലറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തിര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത് 80 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ ഉണ്ടാവാന്‍ ഇടയുണ്ടന്ന വിദഗ്ദ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

സര്‍ക്കാര്‍ ഏജന്‍സിക്ക് ഇത്തരമൊരു സാഹചര്യം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സി-ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലാണ് ഡാറ്റ ശേഖരിച്ചു വയ്ക്കുന്നതെന്നും ഇവ ചോരുന്നില്ലന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനാ സംവിധാനമുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

ആമസോണ്‍ ക്ലൗഡ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ക്ലൗഡ് സ്റ്റോറേജാണ്. കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വകുപ്പിന്റെ ഏജന്‍സി ഈ ക്ലൗഡുകളില്‍ ഓഡിറ്റിംഗ് നടത്തുന്നുണ്ട് ‘ഡാറ്റാ ചോരുന്നുണ്ടെങ്കില്‍ മനസ്സിലാക്കാനാവുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഉടന്‍ നടപടി എടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാരിന്റെ വിശദീകരണ പത്രികയില്‍ വ്യക്തമാക്കി.

സൗജന്യ വാണിജ്യ വിനിമയ കരാറായതിനാല്‍ ഐ.ടി വകുപ്പിന് നിയമവകുപ്പിന്റെ അംഗീകാരം ആവശ്യമില്ല. ഡാറ്റ സംരക്ഷണത്തിന് ഉറപ്പു നല്‍കുന്ന വ്യവസ്ഥകളും നിബന്ധനകളുമാണ് പര്‍ച്ചേസ് ഓര്‍ഡറില്‍ ഉള്ളത്. ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുന്ന അടിയന്തിര സാഹചര്യത്തില്‍ വ്യക്തിസ്വകാര്യത വഴിമാറണം.

വിവരം നല്‍കുന്ന വ്യക്തിയുടെ തന്നെ സംരക്ഷണത്തിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്തുരോഗമാണ് നിലവില്‍ ഉള്ളതെന്നല്ലാതെ രോഗത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനുള്ള വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ വ്യക്തിയുടെ അനുമതി നിയമപരമായി ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ വിവരം ശേഖരിക്കാന്‍ കേന്ദ്ര വ്യക്തി ഡാറ്റ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ടന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

സ്പ്രിംക്ലര്‍ കമ്പനിക്കു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനമുണ്ടായാല്‍ കമ്പനിക്കെതിരെ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സ്പ്രിംക്ലറിനു നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമാണോ എന്നതടക്കം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞദിവസം ഹരജി പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും വിശദീകരണത്തില്‍ പറയുന്നു.

സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. വിവരങ്ങള്‍ കൈമാറുന്നതില്‍നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് ന്യൂയോര്‍ക്ക് കോടതിയുടെ നിയമപരിധി ബാധകമാകുന്നത്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാരപരിധിയായി നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്കാണ്. അതിനാല്‍ കരാറുണ്ടാക്കുമ്പോള്‍ ഇക്കാര്യംകൂടി അംഗീകരിക്കേണ്ടി വരും.

തര്‍ക്കങ്ങളുണ്ടായാല്‍ ഐ.ടി. ആക്ട് പ്രകാരം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്താന്‍ സാധിക്കും. വിവര കൈമാറ്റത്തിനെതിരേ കൂടുതല്‍ ഗുണകരമായ രണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ടുകള്‍ ന്യൂയോര്‍ക്കിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more