എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം സംബന്ധിച്ച പരസ്യത്തിലുള്ള ഫോട്ടോയിലുള്ളത് സര്‍ക്കാറിന്റെ അവഗണനയ്ക്ക് ഏറ്റവുമധികം ഇരയായ രണ്ട് കുട്ടികള്‍. സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ പോലും ഇടംലഭിച്ചിട്ടില്ലാത്തവരാണിവര്‍ എന്നതില്‍ നിന്നു തന്നെ വ്യക്തമാണ് ഈ പരസ്യത്തിലെ പൊള്ളത്തരം.
“ഇവരുടെ സംരക്ഷണം നമ്മുടെ കടമ” എന്ന തലക്കെട്ടില്‍ ജനുവരി 26ലെ പത്രത്തിലാണ് സര്‍ക്കാര്‍ പരസ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയെന്ന് അവകാശപ്പെട്ടുകൊണ്ട് കോടികളുടെ കണക്ക് പറഞ്ഞുകൊണ്ടുള്ളതാണ് പരസ്യം.
എന്നാല്‍ പരസ്യത്തിനൊപ്പം സര്‍ക്കാര്‍ നല്‍കിയ ചിത്രം തന്നെ സര്‍ക്കാര്‍ അവരോട് കാണിച്ച അവഗണന വ്യക്തമാക്കുന്നു. കാസര്‍കോട് ചെട്ടുകുഴി സ്വദേശികളായ രണ്ട് കുട്ടികളുടെ പടമാണ് പരസ്യത്തിലുള്ളത്. ഇരുവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരാണ് ഇവരെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ഡൂള്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ കാണുന്ന മൂത്ത കുട്ടി സഫ്‌ന ഇതിനകം തന്നെ പത്തിലേറെ ഓപ്പറേഷനുകള്‍ക്ക് വിധേയയായതാണ്. ഒന്നര വയസുകാരിയായ ചെറിയ കുട്ടിക്കും വേണം രണ്ട് ഓപ്പറേഷനുകള്‍. ചികിത്സയ്ക്കായുള്ള പണമില്ലാത്തതിനാല്‍ നിശ്ചയിച്ച സമയത്ത് ഓപ്പറേഷന്‍ നടത്താന്‍ കഴിഞ്ഞില്ല.
രണ്ടുപേര്‍ക്കും എല്ലൊടിയുന്ന അസുഖമാണെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചുലക്ഷം രൂപ ഓപ്പറേഷനു ചിലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഇവര്‍ സഹായത്തിനായി മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്കും കൂടി രണ്ടു ലക്ഷം രൂപയാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. ആ ഉറപ്പ് ഇപ്പോഴും ഉറപ്പായി തന്നെ നിലനില്‍ക്കുകയാണ്.
സര്‍ക്കാറിന്റെ ഏറ്റവും വലിയ അവഗണനയ്ക്ക് ഇരയായ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ രണ്ടുപേരുടെ ചിത്രം തന്നെയാണ് സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെട്ടു നല്‍കിയ പരസ്യത്തില്‍ നല്‍കിയത് എന്നതാണ് ഇവിടുത്തെ വിരോധാഭാസം.
ഈ പരസ്യത്തിനൊപ്പം സര്‍ക്കാര്‍ നല്‍കിയ കോടികളുടെ കണക്കിനെക്കുറിച്ച് സമരരംഗത്തുള്ള ഒരു അമ്മ പറഞ്ഞത് “പച്ചക്കളളം ആണ് അതെല്ലാം” എന്നാണ്.
സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പ്പെടാത്ത ഈ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ദുരിതബാധിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുകൂടി ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ദുരിതബാധിതര്‍ പട്ടിണിസമരം നടത്തുന്നത്.