ന്യൂദല്‍ഹി: ബി.ജെ.പി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ ചര്‍ച്ചകളില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും.
ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് നേതാക്കളാണ് ബി.ജെ.പിയുടെ ആദ്യ പട്ടികയിലുള്ളത്. ചത്തീസ്ഗഡ് ഗവര്‍ണറായ അനസൂയ യൂക്കേ, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു എന്നിവരാണിത്. മധ്യപ്രദേശിലെ ചിന്ദ്വാരയാണ് അനസൂയയുടെ ജന്മദേശം. കേന്ദ്ര, സംസ്ഥാന പട്ടിക വര്‍ഗ കമ്മീഷനുകളുടെ ഭാഗമായിരുന്നു.
ദ്രൗപതി മുര്‍മു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഡീഷയില്‍ മന്ത്രിയായിരുന്നു. മയൂര്‍ബഞ്ജ് ജില്ലയിലാണ് സ്വദേശം. ഇവര്‍ ഗോത്ര വിഭാഗത്തില്‍ നിന്നാണെന്നതും വനിതയുമാണെന്നതും കാര്യമായി ഇവരെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇവരെ കൂടാതെയുള്ള രണ്ട് പേരാണ് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ടിന്റെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതും.
ലിബറല്‍ ആശയങ്ങളുള്ള നേതാവ് എന്നറിയപ്പെടുന്നതാണ് ആരിഫ് മുഹമ്മദ് ഖാനെ പരിഗണിക്കുവാന്‍ ബി.ജെ.പി തയ്യാറാവുന്നത്. ഒരു മുസ്‌ലിമിനെ ഈ സ്ഥാനത്ത് കൊണ്ടുവരുമ്പോള്‍ ഹിന്ദുത്വ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനും സഹായിക്കുമെന്നവര്‍ കരുതുന്നു. ഇവരെക്കൂടാതെ പരിഗണിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും അര്‍ജുന്‍ മുണ്ടെയുമാണ്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് ശേഷമാണ് ബി.ജെ.പി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും.
CONTENT HIGHLIGHTS: Kerala Governor Arif Mohammad Khan at the BJP presidential deliberations