തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഉടന്‍ പരിശോധിക്കുമെന്നാണ് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞത്.
ശനിയാഴ്ചയാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. ഇതില്‍ മാറ്റം വരുത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വന്നത്.
ഭേദഗതിക്കെതിരെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രണ്ട് ആളുകള്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.
നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് ഇത് നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നുമായിരുന്നു. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതാവ് കവിതാ കൃഷ്ണനും ഭേദഗതിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവന
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Government Withdraws New Kerala Police act