| Wednesday, 25th July 2018, 7:40 pm

മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍; സര്‍ക്കാര്‍ തീരുമാനം ആര്‍ക്ക് വേണ്ടി?

എ പി ഭവിത

മൂന്നാറിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൊണ്ടുവന്ന പ്രത്യേക ട്രിബ്യുണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുതിയ വിവാദത്തിന് കാരണമാകുകയാണ്. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ട്രിബ്യുണല്‍ പരാജയപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയുടെ തീരുമാനം. ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം 42 കേസുകള്‍ മാത്രമാണ് ട്രിബ്യുണല്‍ തീര്‍പ്പാക്കിയതെന്ന് മന്ത്രിസഭാ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.

ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രിബ്യുണല്‍ നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ALSO READ: ‘ഞങ്ങളെ കുറിച്ച് പുറംലോകമറിയാന്‍ ഒരു ജീവന്‍ കൊടുക്കേണ്ടി വന്നു’: അഭിമന്യുവിന്റെ സ്വപ്നം പേറുന്ന വട്ടവടക്കാര്‍

ട്രിബ്യുണല്‍ അടച്ചു പൂട്ടണമെന്ന് മൂന്നാറിലെ ജനങ്ങളുടെ ആഗ്രഹം സര്‍ക്കാര്‍ നിറവേറ്റിയതില്‍ നന്ദിയുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “സംസ്ഥാന സര്‍ക്കാര്‍ മൂന്നാറിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഉപകാരമാണിത്. വര്‍ഷത്തില്‍ ഒന്നേകാല്‍ കോടിയിലേറെ രൂപ ചിലവ് വരുന്ന ട്രൈബ്യുണല്‍ മൂന്നാറിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം നല്‍കാനാണ് ബില്ല് കൊണ്ടുവന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ആ ലക്ഷ്യം അട്ടിമറിച്ചു. നിവേദിത.പി.ഹരന്റെ റിപ്പോര്‍ട്ട് വന്നതോടെ തര്‍ക്ക മേഖലയായി ഈ വില്ലേജുകള്‍ മാറി” എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിക്കുകയാണ് സര്‍ക്കാരെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം പറഞ്ഞു. “കെട്ടിടം പണിയാനും മരം മുറിക്കാനും ജില്ലാ കലക്ടറുടെ അനുമതി വേണമെന്നത് കയ്യേറ്റക്കാര്‍ക്കും റിസോര്‍ട്ട് മാഫിയയ്ക്കും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. ഇത് ഒഴിവാക്കിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് ഇടതുപക്ഷമാണ്. ഇടത് അനുകൂല യൂണിയനുകള്‍ കേസുകള്‍ കോടതിയില്‍ എത്തിച്ചില്ല.

ALSO READ: പൈസയുമില്ല, വെള്ളവുമില്ല; യൂക്കാലി മരങ്ങള്‍ ഞങ്ങള്‍ക്കുള്ള ശാപമാണ്.. വട്ടവടയിലെ കര്‍ഷകര്‍ പറയുന്നു

സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. കൈയ്യേറ്റക്കാരുമായി ബന്ധമുള്ള ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയും എംപിയും എം.എല്‍.എയുമാണ് തീരുമാനത്തിന് പിന്നില്‍. സര്‍ക്കാറിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ മുന്‍സിഫ് കോടതികളെയും ഇല്ലാതാക്കുമോ? ജോണ്‍ പെരുവന്താനം ചോദിക്കുന്നു.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന മൂന്നാര്‍ ഓപ്പറേഷന്റെ ഭാഗമായുള്ള കേസുകള്‍ പരിഹരിക്കുന്നതിനാണ് പ്രത്യേക ട്രിബ്യുണല്‍ കൊണ്ടുവന്നത്. കെ.ഡി.എച്ച് വില്ലേജ്, ചിന്നക്കനാല്‍, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ വില്ലേജുകളില്‍ ഭൂമി പ്രശ്നങ്ങളാണ് ട്രിബ്യുണലിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. 2010 ജൂണ്‍ 14 ന് മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യുണല്‍ ആക്ട് എന്ന പ്രത്യേക നിയമ പ്രകാരം സ്ഥാപിച്ചത്.

2011 ഫെബ്രുവരിയില്‍ ട്രിബ്യുണല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ജഡ്ജിയും 39 ജീവനക്കാരുമാണ് ട്രിബ്യുണലില്‍ വേണ്ടത്. ഹൈക്കോടതിക്ക് താഴെയുള്ള കോടതികളില്‍ പരിഗണിക്കുന്ന കേസുകളാണ് ട്രിബ്യുണലില്‍ പരിഹരിക്കേണ്ടത്. കേസുകള്‍ കൈമാറുന്നത് സംബന്ധിച്ച് നിയമവകുപ്പും റവന്യു വകുപ്പും തര്‍ക്കം നിലനിന്നതായി ആരോപണമുയര്‍ന്നിരുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.

ALSO READ: സുരക്ഷയില്ലാത്ത ദുരന്തമുഖത്തെ മാധ്യമപ്രവര്‍ത്തനം; എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പറയുന്നവരുടെ പ്രശ്‌നങ്ങള്‍ ആര് പറയും

ട്രിബ്യുണലിനെതിരെ സി.പി.ഐ.എമ്മാണ് പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയത്. റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ നേരത്തെ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മും ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധികളും സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഭൂമി പ്രശ്നം പരിഹരിച്ച് പട്ടയം ലഭിക്കുമെന്ന് പ്രതീക്ഷിച്ച മൂന്നാറിലെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെട്ടില്ലെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

“കമ്പനികള്‍ക്ക് അനുകൂലമായ വിധികള്‍ മാത്രമാണ് ട്രിബ്യുണലില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. മൂന്നാറിലെ സാധാരണക്കാരായ ഒരാള്‍ക്കും അതിന്റെ ഗുണം കിട്ടിയിട്ടില്ല. പട്ടയം കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് നിയമപ്രകാരം അത് നല്‍കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് അന്നത്തെ സര്‍ക്കാര്‍ ബില്ല് കൊണ്ട് വന്നത്.

അത് അട്ടിമറിക്കപ്പെട്ടത് കൊണ്ടാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഞാന്‍ സ്വന്തം നിലയിലും സര്‍വ്വകക്ഷി സംഘത്തോടൊപ്പവും ട്രിബ്യുണലിനെ പിന്‍വലിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്” എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു.

ട്രിബ്യുണല്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി നിലവിലുള്ള ആക്ട് പിന്‍വലിച്ച് പുതിയ ആക്ട് കൊണ്ടുവരണം.

WATCH THIS VIDEO:

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more