തിരുവന്തപുരം: യു.എ.ഇ ഭരണകൂടം പൊതുമാപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കെ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയുമായി കേരള സര്‍ക്കാര്‍. പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
യു.എ.ഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ വരെയാണ് യു.എ.ഇയില്‍ പൊതുമാപ്പിന് അപേക്ഷിക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി ശേഖരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
യു.എ.ഇയിലെ ഒമ്പത് സെന്ററുകള്‍ വഴിയാണ് പൊതുമാപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും നടപടിക്രമങ്ങള്‍ നടപ്പില്‍ വരുത്തുന്നതും. ഈ സെന്ററുകളില്‍ നിന്ന് പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെയും മാപ്പ് ലഭിക്കുന്നവരുടെയും വിവരം കൃത്യമായി ശേഖരിക്കുമെന്നാണ് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് പകുതിയോടെ തന്നെ മാപ്പ് ലഭിക്കുന്നവരുടെ ആദ്യസംഘം നാട്ടിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തിലാണ് പൊതുമാപ്പ് ലഭിക്കുന്നവരെ സുരക്ഷിതവും സൗജന്യവുമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുക. ആദ്യസംഘത്തിനു ശേഷം പിന്നീട് മാപ്പ് ലഭിക്കുന്നവരെയും കൃത്യമായി തന്നെ നാട്ടിലെത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ ശ്രമങ്ങളോട് പ്രവാസികളായ മലയാളികളെല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനു വേണ്ട എല്ലാ സഹായവും ചെയ്തുതരാന്‍ യു.എ.ഇയിലെ പ്രവാസി മലയാളികള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ പൊതുമാപ്പ് ഉപകരിക്കും. 2013ന് ശേഷമാണ് യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.