| Wednesday, 22nd September 2021, 9:38 am

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി ജി.ആര്‍. അനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഇപ്പോള്‍ കിറ്റ് വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന കാര്യത്തില്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

കൊവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍-മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ മാസം വരെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയും ചെയ്തിരുന്നു.

ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 11 കോടി കിറ്റുകളാണ് ആകെ നല്‍കിയത്. മാസം ശരാശരി 350-400 കോടി രൂപ ചെലവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.

സര്‍ക്കാരിന്റ ഭക്ഷ്യക്കിറ്റ് വിതരണം ദേശീയ തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് കിറ്റ് വിതരണം വലിയ രീതിയില്‍ സഹായകരമായെന്ന വിലയിരുത്തലുകളും വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Free Food Kit Kerala Government

We use cookies to give you the best possible experience. Learn more