തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തലസ്ഥാനത്തേക്കും തിരിച്ചുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാടക ഹെലികോപ്റ്ററിലുള്ള യാത്ര വിവാദമായ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സ്വന്തം ഹെലികോപ്റ്റര്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായുള്ള പദ്ധതി തയ്യാറാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി “മംഗളം” പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
60 കോടി രൂപയുടെ ഹെലികോപ്റ്ററാണ് സര്‍ക്കാര്‍ വാങ്ങാനുദ്ദേശിക്കുന്നത്. വാടകയ്‌ക്കെടുക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 8 കോടി രൂപ നല്‍കേണ്ടിവരും. അറ്റകുറ്റപ്പണികള്‍ക്ക് ഓരോ മാസവും 12 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ വിമാനത്താവളത്തിലെ തറവാടകയിനത്തിലും ഓരോ മാസവും 10 ലക്ഷം രൂപയോളം നല്‍കണമെന്നും “മംഗളം” പറയുന്നു. നാല് പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് ഹെലികോപ്റ്ററിനു വേണ്ട ജീവനക്കാര്‍.
സാമ്പത്തികമായി ഇതെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വാങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് കെ.പി രാജേന്ദ്രന്‍ മന്ത്രിയായിരുന്ന കാലത്ത് ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് മുന്നോട്ട് പോയില്ല. ഈ പദ്ധതിയാണ് ഇപ്പോള്‍ പൊടി തട്ടിയെടുത്തിരിക്കുന്നത്.
നിലവില്‍ വ്യോമ, നാവിക, തീരരക്ഷാ സേനകളുടെ ഹെലികോപ്റ്ററുകളേയും സ്വകാര്യ ഹെലികോപ്റ്ററുകളേയുമാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആശ്രയിക്കുന്നത്. ഇത് സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതാണ് ഉണ്ടാക്കുന്നത്. സ്വന്തം കോപ്റ്റര്‍ ഉണ്ടെങ്കില്‍ ഈ ചെലവുകള്‍ ഒഴിവാക്കാമെന്നാണ് കരുതപ്പെടുന്നത്.
ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്ന് ഇതിനായി ഫണ്ട് ചെലവാക്കാനാവില്ല. എന്നാല്‍ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്ടര്‍ ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയാല്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. ദുരന്ത മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോഴും വന്‍തുക മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തിരുന്നു. തുടര്‍ന്നാണ് സ്വന്തം കോപ്ടറെന്ന ആശയം ഉദിച്ചത്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് താങ്ങാനാകില്ലെന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ഫയലുകളിലൊതുങ്ങുകയായിരുന്നുവെന്നും “മംഗളം” റിപ്പോര്‍ട്ടില്‍ പറയുന്നു.