തിരുവനന്തപുരം: പോക്‌സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാവും. രണ്ടു മാസം കൂടുമ്പോള്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊലീസിനും സാമൂഹ്യനീതി വകുപ്പിനുമായിരിക്കും ഇതിന്റെ ചുമതല.
‘കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം. അധ്യാപക – രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. ബാലനീതി നിയമപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാരുണ്ട്. അവര്‍ സ്‌കൂളുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്നും’- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. വീടുകളിലടക്കം കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ഉണ്ടാക്കണമെന്നും യോഗം തീരുമാനിച്ചു.
ഇതിനായി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനവും നിയമ ബോധവല്‍ക്കരണവും നല്‍കും. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താനും യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.