പൂര്‍ണ്ണമായും വനം വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമം അഥവാ ഇ.എഫ്.എല്‍ ആക്ട് കേരള സര്‍ക്കാര്‍ അട്ടിമറിയ്ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പശ്ചിമഘട്ട മലനിരകളുടെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പതിനായിരക്കണക്കിന് ഹെക്ടര്‍ നിത്യഹരിതവനങ്ങളുമായി ബന്ധപ്പെട്ട് ഇ.എഫ്.എല്‍ നിയമം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആരോപണങ്ങളും ഉടലെടുക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന അഭിരാമി പ്ലാന്റേഷന്‍ ഉടമക്ക് ഭൂമി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ശക്തിപ്പെട്ടിരിക്കുന്നത്. ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്ന സമയത്ത് തന്നെ വിവാദമായി തുടര്‍ന്നിരുന്ന കേസാണ് അഭിരാമി പ്ലന്റേഷനുമായി ബന്ധപ്പെട്ടത്.
1971 ലെ നിക്ഷിപ്ത വനഭൂമി നിയമപ്രകാരം വടകര താലൂക്കിലെ കാവിലുംപാറ വില്ലേജില്‍പെട്ട ആക്കിലേടത്ത് തറവാടിന്റെ 2500 ഏക്കര്‍ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. ഇതിനെതിരെ ഭൂവുടമ സമര്‍പ്പിച്ച അപ്പീലില്‍ ട്രിബ്യൂണല്‍ 343.6 ഏക്കര്‍ ഭൂവുടമക്ക് തന്നെ തിരികെ കൊടുത്തു. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 2500 ഏക്കറിന്റെ മധ്യത്തില്‍ കൂറ്റന്‍ മരങ്ങള്‍ കൊണ്ട് നിബിഡമായ പ്രസ്തുത ഭൂമിയിലെ മരങ്ങള്‍ ഒന്നടങ്കം ഉടമകള്‍ മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് അന്ന് വലിയ വിവാദം തന്നെയുണ്ടായി.
വിവാദം ആളിക്കത്തിയപ്പോള്‍ നിയമസഭാ കമ്മിറ്റി പ്രസ്തുത ഭൂമി സന്ദര്‍ശിക്കുകയും അത് നിത്യഹരിതവനമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് 2000ത്തില്‍ ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്. എന്നാല്‍ ഇതിനിടെ പ്രസ്തുത 343.6 ഏക്കറില്‍ 219.15 ഏക്കര്‍ ഭൂവുടമ അഭിരാമി പ്ലാന്റേഷന് വിറ്റിരുന്നു. ഇതിനെതിരെ ഇ.എഫ്.എല്‍ നിയമപ്രകാരം സ്ഥലം കസ്റ്റോഡിയന്‍ ഏറ്റെടുത്തു. അഭിരാമി പ്ലാന്റേഷന്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്തു.
2000ത്തില്‍ ഓര്‍ഡിനന്‍സായി ഇറങ്ങിയ ഇ.എഫ്.എല്‍ നിയമത്തിന് 2003 ല്‍ ആക്ടും 2007 ല്‍ റൂള്‍സും ഉണ്ടായി. ഇതുപ്രകാരം അപ്പീല്‍ നല്‍കേണ്ടത് ഇതിനായി രൂപീകരിച്ച ട്രിബൂണലിനോ കസ്റ്റോഡിയനോ ആണെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ട്രിബ്യൂണലിന്റെയും കസ്റ്റോഡിയന്റെയും തീരുമാനത്തെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്യാവുന്നതുമാണ്. സര്‍ക്കാരിനോ മറ്റാര്‍ക്കെങ്കിലുമോ അപ്പീല്‍ കേള്‍ക്കാനോ കമ്മീഷനുകള്‍ വെക്കാനോ ഇ.എഫ്.എല്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ അഭിരാമി പ്ലാന്റേഷന്‍ ഇത് ലംഘിക്കുകയായിരുന്നു. ഇവര്‍ ട്രിബ്യൂണലില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിച്ച് 2019ലും 2020ലും ഗവണ്‍മെന്റിനെ സമീപിക്കുകയായിരുന്നു.
അഭിരാമി എസ്റ്റേറ്റ് ഉടമ ട്രിബ്യൂണല്‍ മുന്‍പാകെയുള്ള ഹരജി പിന്‍വലിക്കുകയും പിന്നീട് വളഞ്ഞ വഴിയിലൂടെ സര്‍ക്കാറിന്ന് അപേക്ഷ നല്‍കുകയും ചെയ്തതില്‍ സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്ന ഗുരുതര ആരോപണമാണ് കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും ഉന്നയിക്കുന്നത്. അഭിരാമി എസ്റ്റേറ്റ് ഉടമയെ സഹായിക്കുക മാത്രമല്ല, ഇ.എഫ്.എല്‍ നിയമത്തെ അട്ടിമറിക്കുക കൂടിയാണ് സര്‍ക്കാരെന്ന് ഇവര്‍ പറയുന്നു.
ഇ.എഫ്.എല്‍ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിരവധി കേസ്സുകള്‍ സുപ്രീം കോടതിയുടെ മുന്‍പാകെ ഇപ്പോള്‍ നിലവിലുണ്ട്. 1971ല്‍ നിക്ഷിപ്ത വനഭൂമി നിയമപ്രകാരം വനമെന്ന് കണ്ടെത്തിയ ഭൂമിയാണ് പരിസ്ഥിതിദുര്‍ബല പ്രദേശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ 37,000 ഏക്കര്‍ വനഭൂമിയാണ് ഇ.എഫ്.എല്‍ നിയമം അനുസരിച്ച് കേരളസര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇതില്‍ ഒട്ടുമിക്ക പ്രദേശങ്ങളും വനഭൂമിയാണ്. കുറച്ച് ഭൂമി വനഭൂമിയുടെ തുടര്‍ച്ചയായുള്ളതും വനപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോര്‍ പ്രദേശങ്ങളുമാണ്.
നെല്ലിയാമ്പതി, സൈലന്റ്വാലി മേഖലകളിലെയും വയനാട്ടിലെയും നിബിഡ വനങ്ങളും ഇതില്‍പ്പെടും. എന്നാല്‍, ഈ ഭൂമി സംബന്ധിച്ച് പലയിടങ്ങളിലും വനം വകുപ്പും സ്വകാര്യ വ്യക്തികളും തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
അഭിരാമി പ്ലാന്റേഷന് വനംവകുപ്പ് അനുവദിച്ചുകൊടുക്കുന്ന ഇളവുകളും ചട്ടലംഘനവും ഇത്തരം കേസുകളിലും ഭൂവുടമകള്‍ക്ക് അനുകൂലമാക്കേണ്ടി വരുമെന്ന വിമര്‍ശനമാണ് നിലനില്‍ക്കുന്നത്. അഭിരാമി പ്ലാന്റേഷന് തോട്ടം വിട്ടുകൊടുത്താല്‍ സമാന രീതിയില്‍ ഏറ്റെടുത്ത 34000 ഏക്കര്‍ വനഭൂമിയും ഉടമകള്‍ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പിലേക്കുള്ള സമയമടുക്കുമ്പാള്‍ ഭൂവുടമകള്‍ക്ക് സേവനം ചെയ്തുകൊടുക്കുകയാണ് സര്‍ക്കാരെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അഭിരാമി പ്ലാന്റേഷന് അനുകൂലമായ വനംമന്ത്രിയുടെ നീക്കത്തിനെതിരെ അഡ്വക്കറ്റ് ജനറല്‍ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് ഇ.എഫ്.എല്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടലംഘനം പുറത്തുവന്നത്. പ്ലാന്റേഷന്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി വനം വകുപ്പ് നിയമിച്ച അഞ്ചംഗ സമിതിയില്‍ അഭിരാമി പ്ലാന്റേഷന്‍ പ്രതിനിധിയും ഉള്‍പ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതയില്‍ വലിയ പങ്കുവഹിക്കുന്ന വനങ്ങള്‍ സ്വകാര്യ ഭൂവുടമകള്‍ക്ക് വീതിച്ചു നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ അത് പാരിസ്ഥിതികവും സാമൂഹികവുമായ ഗുരുതര പ്രശ്‌നങ്ങളിലേക്കായിരിക്കും വഴിവെക്കുകയെന്ന വിമര്‍ശനം ശക്തിപ്പെട്ടു വരുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Government supporting abhirami plantation which act against EFL act