[]കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ മതമൗലികപ്രവര്‍ത്തനങ്ങള്‍ക്കാണു വിനിയോഗിക്കുന്നതെന്നു കാണിച്ചു അഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
തേജസ് പത്രത്തിനു സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെതിരേ പ്രസാധകരായ ഇന്റര്‍ മീഡിയ പബ്ലിഷിംഗ് കമ്പനി നല്‍കിയ കേസിലാണു സര്‍ക്കാരിന്റെ വിശദീകരണം.
ഇസ്ലാമികവല്‍കരണം എന്ന അജണ്ട നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് 27 വര്‍ഗീയകൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കാണിച്ച് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വര്‍ഗീയതയുടെ പേരില്‍ 86 വധശ്രമങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ 106 വര്‍ഗീയ കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാന പോലീസ് മേധാവിയും അഡീഷണല്‍ ഡി.ജി.പി(ഇന്റലിജന്‍സ്)യും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചതെന്ന് ജനുവരി 29നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആഭ്യന്തരവകുപ്പ് അറിയിച്ചു.
ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം എന്ന സംഘടനയുടെ പേരിലാണു വിദേശത്തുനിന്നു പോപ്പുലര്‍ ഫ്രണ്ട് സംഭാവന സ്വീകരിക്കുന്നത്. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്ന പ്രചാരണം അഴിച്ചുവിട്ടാണു പണപ്പിരിവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
“മാറാട് കലാപം ആസൂത്രണം ചെയ്തതില്‍ എന്‍.ഡി.എഫിനു നിര്‍ണായകപങ്കുണ്ടെന്ന് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ട് പ്രകാരം പറയുന്നുണ്ട്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ 54 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നാറാത്ത് ക്യാമ്പ് സംഘടിപ്പിച്ച സംഭവത്തില്‍ 21 പ്രവര്‍ത്തകരും പിടിയിലായി” സത്യവാങ്മൂലത്തില്‍ പറയുന്നു.